സിപിഐയ്ക്കു കീഴടങ്ങേണ്ടെന്ന് സിപിഎം
തിരുവനന്തപുരം : ഇടതുമുന്നണിയില്‍ സിപിഐയുടെ കടുംപിടിത്തം അനുവദിക്കേണ്ടെന്ന് സിപിഎം തീരുമാനിച്ചു. വിവാദമായ മെര്‍ക്കിസ്റ്റണ്‍ ഇടപാടില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കാന്‍ സിപിഎം സെക്രട്ടേറിയേറ്റ് മുഖ്യമന്ത്രിക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി. അടുത്ത മന്ത്രിസഭാ യോഗത്തിനു ശേഷം മുഖ്യമന്ത്രി വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചേക്കും.
ഇടതു മുന്നണി യോഗത്തിനു ശേഷം ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് വിവാദ ഇടപാടില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന തീരുമാനമെടുത്തത്. ഇടതുമുന്നണി യോഗത്തില്‍ അന്വേഷണം വേണ്ടെന്ന സിപിഐയുടെ ആവശ്യത്തെ പിന്തുണച്ച മുഖ്യമന്ത്രിയുടെ നിലപാടിനെ സെക്രട്ടേറിയേറ്റ് വിമര്‍ശിച്ചു.
സിപിഎം കര്‍ക്കശമായ നിലപാട് സ്വീകരിച്ചതോടെ സിപിഐയും അന്വേഷണത്തോട് സഹകരിക്കാന്‍ സമ്മതിച്ചിട്ടുണ്ട്. ഒരന്വേഷണവും വേണ്ട എന്ന നിലപാടില്‍ നിന്നും മന്ത്രിയെ മാറ്റി നിര്‍ത്തിയുളള അന്വേഷണത്തിന് തയ്യാറല്ല എന്ന നിലപാടിലേയ്ക്ക് പിന്മാറാന്‍ സിപിഐ നിര്‍ബന്ധിതമായി.
പൊന്മുടി വിവാദം സര്‍ക്കാരിന്റെ പ്രതിച്ഛായയെ വല്ലാതെ ബാധിച്ചുവെന്നും അതിനാല്‍ അന്വേഷണം കൂടിയേ തീരൂ എന്നുമാണ് സിപിഎം നിലപാട്. മന്ത്രിസഭയെ മറിച്ചിടുമെന്ന വെളിയം ഭാര്‍ഗവന്റെ ഭീഷണിയെ യോഗത്തില്‍ തന്നെ ചെറുക്കണമായിരുന്നു എന്ന അഭിപ്രായവും സെക്രട്ടേറിയറ്റില്‍ ഉയര്‍ന്നു.
ചീഫ് സെക്രട്ടറി റാങ്കിലുളള ഒരു ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാവും അന്വേഷണം ഉണ്ടാവുക. മെര്‍ക്കിസ്റ്റണ്‍ ഇടപാടുമായി ബന്ധപ്പെട്ട എല്ലാ വസ്തുതകളും പഠിക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഒരു ഉപസമിതിക്ക് രൂപം നല്‍കുമെന്ന് നിയമമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
മുഖ്യമന്ത്രി, വനം, റവന്യൂ, നിയമ മന്ത്രിമാര്‍, അഡ്വക്കേറ്റ് ജനറല്‍ സുധാകര പ്രസാദ് എന്നിവരാണ് സമിതിയിലുണ്ടാവുക. രണ്ടായിരം മുതല്‍ ഈ ഭൂമിയില്‍ നടന്ന എല്ലാ ക്രയവിക്രയങ്ങളും സമിതി സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കും.
ഉപസമിതിയുടെ റിപ്പോര്‍ട്ട് അടുത്ത ചൊവ്വാഴ്ചയ്ക്കകം പൂര്‍ത്തിയാക്കി ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്യാനാണ് നിര്‍ദ്ദേശം. ഈ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്ത് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കണമെന്നാണ് സിപിഎം സെക്രട്ടേറിയറ്റ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
സിപിഎം കടുത്ത നിലപാട് സ്വീകരിച്ചതോടെ സിപിഐ ഉള്‍വലിഞ്ഞിട്ടുണ്ട്. മന്ത്രിയെ മാറ്റി നിര്‍ത്തിയുളള അന്വേഷണത്തിനാണ് തങ്ങള്‍ എതിരെന്ന മാറിയ അഭിപ്രായം സിപിഎം നേതൃത്വത്തെ അവര്‍ അറിയിച്ചതോടെ അന്വേഷണം ഉണ്ടാകുമെന്ന കാര്യം ഉറപ്പായി.
അനാവശ്യമായ കടുംപിടിത്തത്തിലൂടെ മുഖം നഷ്ടപ്പെട്ട സിപിഐയ്ക്ക് വീണ്ടും കനത്ത തിരിച്ചടിയാണ് സിപിഎം തീരുമാനം നല്‍കുന്നത്. മുന്നണിയ്ക്കകത്തും വാര്‍ത്താ സമ്മേളനങ്ങളിലും പരസ്പര വിരുദ്ധമായ നിലപാട് സ്വീകരിച്ചു കൊണ്ട് സര്‍വ്വരെയും കബളിപ്പിക്കുന്ന വെളിയത്തെ നിയന്ത്രിക്കാന്‍ തന്നെയാണ് സിപിഎം ഒരുങ്ങുന്നത് എന്ന് ഈ തീരുമാനം തെളിയിക്കുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍![]()












Click it and Unblock the Notifications