ഇടവകാംഗങ്ങള്‍ ക്ഷേത്രാങ്കണത്തില്‍ വിശുദ്ധ കുര്‍ബാന നടത്തി
ദില്ലി: പള്ളിയില്‍ വിശുദ്ധകുര്‍ബാന അര്‍പ്പിക്കുന്നത് നിരോധിച്ചപ്പോള്‍ സീറോ മലബാര്‍ കത്തോലിക്കര്‍ ക്ഷേത്രാങ്കണത്തില്‍ കുര്‍ബാന നടത്തി.
പട്ടേല്‍ നഗര്‍ വാല്മീകി ക്ഷേത്രമാണ് കരോള്‍ബാഗ് സെന്റ് അഗസ്റ്റിന്‍സ് ഇടവകാംഗങ്ങള്‍ക്കു ദിവ്യബലിക്ക് ഞായറാഴ്ച വേദിയായത്. സീറോ മലബാര്‍ ചാപ്ലിന്‍ ഫാദര്‍ ജോസ് ഇടശ്ശേരിയുടെ മുഖ്യകാര്‍മികത്വത്തിലായിരുന്നു കുര്‍ബാന.
ഇടവക വികാരി ഫാദര്‍ റെജു കണ്ണമ്പുഴ സഹകാര്‍മികനായിരുന്നു. കുര്‍ബാനയ്ക്ക് അനുമതി നല്‍കിയ വാല്മീകിക്ഷേത്രം മതസൗഹാര്‍ദത്തിന്റെ ഉദാത്ത മാതൃകയുമായി.
കരോള്‍ബാഗ് സെന്റ് മൈക്കിള്‍സ് പള്ളിയില്‍ സീറോ മലബാര്‍ ക്രമത്തിലുള്ള കുര്‍ബാന അര്‍പ്പിക്കുന്നതിന് ആഗസ്ത് അഞ്ചിന് വിലക്ക് ഏര്‍പ്പെടുത്തിയതോടെയാണ് ലത്തീന്‍-സീറോ മലബാര്‍ സംഘര്‍ഷത്തിനു തുടക്കം.
14 വര്‍ഷമായി ഈ പള്ളിയില്‍ സീറോ മലബാര്‍ കത്തോലിക്കര്‍ കുര്‍ബാന അര്‍പ്പിച്ചുവരികയായിരുന്നു. ജൂലായ് 29ന് ഇവര്‍ക്കായി സെന്റ് അഗസ്റ്റ്യന്‍സ് ഇടവക രൂപവത്‌കരിച്ചതോടെ സെന്റ് മൈക്കിള്‍സ് പള്ളി കുര്‍ബാനയ്ക്കായി തുറന്നു കൊടുക്കാതായി.
തുടര്‍ന്നുള്ള നാല് ഞായറാഴ്ചകളില്‍ കുര്‍ബാന അര്‍പ്പിക്കുന്നതിന് കഴിയാതെ വന്നതിനെത്തുടര്‍ന്ന് സപ്തംബര്‍ രണ്ടിന് സീറോ മലബാര്‍ കത്തോലിക്കര്‍ ദില്ലി ഗോള്‍ഡാഖാന കത്തീഡ്രലിനു മുമ്പില്‍ ധര്‍ണ നടത്തി.
ദില്ലി അതിരൂപതാ മെത്രാപ്പൊലീത്ത മാര്‍ വിന്‍സെന്റ് എം. കോണ്‍സസാവോയുമായി ധര്‍ണക്കാര്‍ ചര്‍ച്ച നടത്തിയെങ്കിലും വിജയിച്ചില്ല. ഇതിനെത്തുടര്‍ന്നാണ് വാല്മീകി ക്ഷേത്രാങ്കണത്തില്‍ കുര്‍ബാന അര്‍പ്പിക്കാന്‍ നിര്‍ബന്ധിതരായതെന്ന് ഇടവക സെക്രട്ടറി ജോസ് അഗസ്റ്റിന്‍ പറഞ്ഞു.
കുര്‍ബാനയ്ക്ക് നൂറിലേറെ വിശ്വാസികള്‍ എത്തിയിരുന്നു. കരോള്‍ബാഗിലെ കത്തോലിക്കരോട് അനുഭാവം പ്രകടിപ്പിച്ച് സമീപ ഇടവകകളില്‍ നിന്നും വിശ്വാസികള്‍ എത്തി. അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കുന്നതിന് അപ്പസ്തോലിക് വിസിറ്റര്‍ മാര്‍ ഗ്രേഷ്യന്‍ മുണ്ടാടന്‍ ദില്ലിയിലെത്തിയിട്ടുണ്ട്.
അടുത്ത ഞായറാഴ്ചയ്ക്കകം സെന്റ് മൈക്കിള്‍സ് പള്ളിയില്‍ കുര്‍ബാന അര്‍പ്പിക്കാന്‍ അനുവാദം ലഭിച്ചില്ലെങ്കില്‍ ശക്തമായ വിശ്വാസ സംരക്ഷണ പ്രക്ഷോഭവുമായി മുന്നോട്ടു പോകുമെന്ന് സെന്റ് തോമസ് ക്രിസ്ത്യന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. മാത്തന്‍ ജോസഫ് മുന്നറിയിപ്പുനല്‍കി.












Click it and Unblock the Notifications