ബസ്സുകളില്‍ തങ്ങള്‍ക്ക് രക്ഷയില്ലെന്ന് സ്‌ത്രീകള്‍
ദില്ലി: സ്വന്തം വീടുപോലെ തങ്ങള്‍ക്ക് തീര്‍ത്തും സുരക്ഷിതമായ സ്ഥലം ഏതെന്ന് പറയാന്‍ ഇപ്പോള്‍ സ്‌ത്രീകള്‍ക്ക് ഏറെ ബുദ്ധിമുട്ടേണ്ടി വരും പ്രത്യേകിച്ചും ദില്ലിപൊലൊരു വന്‍നഗരത്തില്‍.
സുരക്ഷിതമായ സ്ഥലം ഏതെന്ന് ചൂണ്ടിക്കാണിയ്‌ക്കാന്‍ പ്രയാസമാണെങ്കിലും തങ്ങള്‍ക്ക് ഒട്ടും സുരക്ഷിതമല്ലാത്ത സ്ഥലം ബസ്സാണെന്നാണ് ദില്ലിയിലെ സ്‌ത്രീകളെല്ലാം ഒരേ ശബ്ദത്തില്‍ പറയുന്നത്.
നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ക്രിമിനോളജി ആന്റ് ഫോറന്‍സിക് സയന്‍സ് നടത്തിയ ഒരു സര്‍വ്വേയിലാണ് ദില്ലില്‍ ഒട്ടും സുരക്ഷിതമല്ലാത്ത സ്ഥലം ബസ്സാണെന്ന് സ്‌ത്രീകള്‍ അഭിപ്രായപ്പെട്ടത്. സര്‍വ്വേയില്‍ പങ്കെടുത്ത അമ്പത് ശതമാനത്തോളം സ്‌ത്രീകള്‍ക്കും ഇക്കാര്യത്തില്‍ അഭിപ്രായവ്യത്യാസമില്ല.
സുരക്ഷിതമല്ലാത്ത സ്ഥലങ്ങളില്‍ രണ്ടാം സ്ഥാനം ഓട്ടോറിക്ഷകള്‍ക്കാണ്. ബ്യൂറോ ഓഫ് പൊലീസ് റിസര്‍ച്ചിന് വേണ്ടി ദില്ലി നഗരത്തില്‍ സ്‌ത്രീകള്‍ എത്രത്തോളം സുരക്ഷിതരാണ് അല്ലെങ്കില്‍ സുരക്ഷിതരല്ല എന്ന പേരില്‍ നടത്തിയ സര്‍വ്വേയില്‍ 630 സ്‌ത്രീകള്‍ പങ്കെടുത്തു.
മാര്‍ക്കറ്റ്, കോളെജുകള്‍, റയില്‍വേസ്‌റ്റേഷന്‍, എയര്‍പോര്‍ട്ട്, ചേരിപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാമുള്ള സ്‌ത്രീകള്‍ സര്‍വ്വേയില്‍ പങ്കെടുത്തിരുന്നു. ഇവരില്‍ പത്തുശതമാനം പേര്‍ പറയുന്നത് റോഡരികുകളാണ് തങ്ങള്‍ക്ക് ഒട്ടും സുരക്ഷിതമല്ലാത്ത സ്ഥലമെന്നാണ്.
ഇക്കാര്യത്തില്‍ പഴയ ദില്ലിയ്‌ക്കാണ് ഒന്നാം സ്ഥാനം. പത്തില്‍ ഏഴു ശതമാനം പേരും പറഞ്ഞത് പഴയ ദില്ലിയിലെ വീഥികളില്‍ തങ്ങള്‍ സുരക്ഷിതരല്ലെന്നാണ്. ഇതിന് പുറമെ മാര്‍ക്കറ്റുകളിലും എന്തിന് കോളെജുകളില്‍ വരെ തങ്ങള്‍ സുരക്ഷിതരല്ലെന്നാണ് സ്‌ത്രീകള്‍ പറയുന്നത്.
ഷോപ്പിംഗ് സെന്ററുകളാണ് സ്‌ത്രീകള്‍ക്ക് സുരക്ഷിതത്വം നല്‍കാത്തവയില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. ചേരി പ്രദേശങ്ങളില്‍ നിന്നുള്ള സ്‌ത്രീകള്‍ അനുഭവിയ്‌ക്കുന്ന സുരക്ഷിതത്വമില്ലായ്‌മയുടെ തോത് വളരെ കുറവാണെന്നും സര്‍വ്വേയില്‍ കണ്ടെത്തിയിട്ടുണ്ട്. ഗ്രാമങ്ങളിലും ഇത്തരം പ്രശ്‌നങ്ങള്‍ കുറവാണ്.












Click it and Unblock the Notifications