ഫൈനലിനിടെ എന്തു പ്രതിഷേധം....?
തിരുവനന്തപുരം : ട്വെന്റി ട്വെന്റി ലോകകപ്പ് കിരീടം ധോണിയുടെ തലയ്ക്ക് എത്രമാത്രം പ്രധാനപ്പെട്ടതാണോ അത്രയും പ്രധാനപ്പെട്ടതാണ് എം വി രാഘവന് പരിയാരം മെഡിക്കല്‍ കോളെജിന്റെ ഭരണസാരഥ്യം.
ജി സുധാകരന്‍ എന്ന സഹകരണ മന്ത്രിയുടെ യോര്‍ക്കറുകളെയും കോടിയേരി ബാലകൃഷ്ണനെന്ന ആഭ്യന്തരമന്ത്രിയുടെ സ്പിന്‍ ഇന്ദ്രജാലത്തെയും സിക്സറുകളുടെ പെരുമഴ കൊണ്ടു നേരിടാനുളള ബാറ്റിംഗ് പാടവമൊന്നും എം വി രാഘവനോ അദ്ദേഹം അംഗമായ യുഡിഎഫ് ടീമിന്റെ ക്യാപ്റ്റന്‍ രമേശ് ചെന്നിത്തലയ്ക്കോ വശമില്ല. അതുകൊണ്ടു തന്നെ ക്രിക്കറ്റ് കീരീടം ധോണി ചൂടിയതിന്റെ തൊട്ടുതലേന്ന് രാഘവന്റെ തലയിലെ കിരീടം ഊര്‍ന്നു പോയി.
പരിയാരം കോളെജ് സിപിഎം പിടിച്ചെടുത്തതില്‍ പ്രതിഷേധിച്ച് സംസ്ഥാനവ്യാപകമായി പ്രക്ഷോഭം നടത്താന്‍ രമേശ് ചെന്നിത്തലയും എം വി രാഘവനും മുതല്‍ വി എം സുധീരന്‍ വരെ ആഹ്വാനം ചെയ്തു. വൈകുന്നേരം പന്തം കൊളുത്തി പ്രകടനം, പ്രതിഷേധ യോഗം എന്നിങ്ങനെയുളള സ്ഥിരം കലാപരിപാടികളും ഉദ്ദേശിച്ചിരുന്നു.
പന്തം കൊളുത്താനും മുദ്രാവാക്യം വിളിക്കാനും ആളു വേണം. ഇതൊക്കെ കാണാനും കേള്‍ക്കാനും തെരുവിലും വേണം പത്താളുകള്‍. വിജനമായ തെരുവില്‍ പന്തം കൊളുത്തി മുദ്രാവാക്യം മുഴക്കിനീങ്ങിയാല്‍ ആരുകാണും, ആരുകേള്‍ക്കും?
ഇന്ത്യയും പാകിസ്താനും തമ്മിലുളള ക്രിക്കറ്റ് ഫൈനല്‍ കാണണോ, ചെന്നിത്തലയുടെ വാക്കു കേട്ട് പ്രകടനത്തിനു പോകണോ എന്നത് യുഡിഎഫ് അണികളുടെ മുന്നില്‍ ഒരു ചോദ്യമേ ആയിരുന്നില്ല. അവര്‍ ഏവരും ഒരു മനസോടെ ഫൈനല്‍ കാണാന്‍ ടെലിവിഷന്‍ സെറ്റുകള്‍ക്കു മുന്നിലിരുന്നു. കൊട്ടിഘ്ഗോഷിച്ച സമരം ചീറിപ്പോവുകയും ചെയ്തു.
നനഞ്ഞ പ്രതിപക്ഷമെന്ന് കൂടെക്കൂടെ കരുണാകരന്‍ കുത്തുവാക്കു പറയുന്നത് വെറുതെയല്ല. സര്‍ക്കാരിനെതിരെ ആഞ്ഞടിക്കാന്‍ വിഭവങ്ങള്‍ ആവോളമുണ്ടെങ്കിലും പ്രതിപക്ഷത്തിന്റെ പ്രകടനം വേണ്ടത്ര ഏശുന്നില്ല. പ്രതിപക്ഷ നേതാവ് വിദേശ പര്യടനത്തിലാണ്. രമേശ് ചെന്നിത്തലയാകട്ടെ പത്രസമ്മേളനങ്ങള്‍ മുറയ്ക്കു നടത്തുന്നുണ്ടെങ്കിലും പറയുന്ന കാര്യങ്ങളില്‍ സ്വന്തം പാര്‍ട്ടിക്കാര്‍ക്കുപോലും വിശ്വാസം പോര.
മെര്‍ക്കിസ്റ്റണ്‍, ഹാരിസണ്‍, കിളിരൂര്‍ വിഐപി വിഷയങ്ങളിലൊക്കെ ഭരണപക്ഷം പ്രതിരോധത്തിലാണ്. മെര്‍ക്കിസ്റ്റണ്‍ പ്രശ്നത്തില്‍ സിപിഐയുടെ ധാര്‍ഷ്ട്യത്തിനെതിരെ കേരളമൊന്നാകെ അമര്‍ഷം പടരുന്നു. ഇടിവെട്ടിയവനെ കടിച്ച പാമ്പിനെപ്പോലെ ഹാരിസണ്‍ വന്നു വീണു. ഹൈക്കോടതിയില്‍ സത്യവാങ്മൂലം വൈകിച്ച് സര്‍ക്കാര്‍ കേസു തോറ്റുകൊടുത്തു എന്ന ആരോപണം ഉളളംകൈയിലെ നെല്ലിക്ക പോലെ വ്യക്തമായിട്ടും പ്രതിപക്ഷത്തിന് അനക്കമില്ല. കിളിരൂരിലെ വിഐപി ആര് എന്ന ചോദ്യം ഇപ്പോള്‍ ഭരണപക്ഷമാണ് തിരിച്ചു ചോദിക്കുന്നത്.
സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാനുളള വിഭവങ്ങള്‍ വേണ്ടുവോളമുണ്ടായിട്ടും കോണ്‍ഗ്രസും യുഡിഎഫും പുലര്‍ത്തുന്ന ലജ്ജാകരമായ കഴിവുകേട് ജനാധിപത്യത്തിന് അപമാനമാണെന്ന അഭിപ്രായം ജനങ്ങളില്‍ ശക്തിപ്രാപിക്കുന്നു. മന്ത്രി കുരുവിളയുടെ രാജി പോലും പ്രതിപക്ഷത്തിന്റെ വിജയമല്ല, മറിച്ച് അച്യുതാനന്ദന്റെ ക്രെഡിറ്റായാണ് വിലയിരുത്തപ്പെട്ടത്.
രൂക്ഷമായ ആരോപണങ്ങളില്‍ കുടുങ്ങിയ മന്ത്രിമാരാണ് ബിനോയ് വിശ്വവും പി കെ ശ്രീമതിയും. ഇവരെ പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്നായിരുന്നു യുഡിഎഫ് വീമ്പടിച്ചത്. എന്നാല്‍ പല പരിപാടികളിലും ഇവര്‍ക്കൊപ്പം വേദി പങ്കിടുന്നത് മുതിര്‍ന്ന യുഡിഎഫ് നേതാക്കളാണെന്നത് ജനത്തെ അമ്പരപ്പിക്കുന്നു.
ജനകീയ പ്രശ്നങ്ങളില്‍ കോണ്‍ഗ്രസിന്റെ രണ്ടാം നിര നേതാക്കള്‍ പ്രകടിപ്പിക്കുന്ന മൗനവും കേരളത്തെ അമ്പരപ്പിക്കുന്നു. ആര്യാടന്‍ മുഹമ്മദ്, മുല്ലപ്പളളി രാമചന്ദ്രന്‍, വി എം സുധീരന്‍, ജി കാര്‍ത്തികേയന്‍ എന്നിവരാരും കെപിസിസി പ്രസിഡന്റിന് പിന്തുണ നല്‍കുന്നില്ല.
മുസ്ലിംലീഗിന്റെ പ്രക്ഷോഭ പരിപാടികള്‍ നയിക്കുന്നതിനാണ് ഇ അഹമ്മദിനെ മാറ്റി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് പി കെ കുഞ്ഞാലിക്കുട്ടിയെ അവരോധിച്ചത്. എന്നാല്‍ ലീഗ് പ്രവര്‍ത്തകരെ സര്‍ക്കാരിനെതിരെ തിരിക്കുന്നതില്‍ കുഞ്ഞാലിക്കുട്ടിക്ക് വിജയിക്കാനായിട്ടില്ല.
വെറും പ്രസ്താവനകളിലും പത്രസമ്മേളനങ്ങളിലും ഒതുങ്ങുകയാണ് കോണ്‍ഗ്രസിന്റെയും മുസ്ലിംലീഗിന്റെയും സര്‍ക്കാര്‍ വിരുദ്ധ പോരാട്ടം. വലിയവരുടെ ഗതി ഇക്കണക്കിനാവുമ്പോള്‍ മാണി ഗ്രൂപ്പും ജെഎസ്എസും ബാലകൃഷ്ണപിളള ഗ്രൂപ്പും സിഎംപിയുമൊന്നും കേരളത്തെ ഇളക്കി മറിക്കാവുന്ന പ്രക്ഷോഭം സ്വന്തം നിലയ്ക്ക് സംഘടിപ്പിക്കാനുളള ശേഷിയുളളവരുമല്ല.
സ്വാശ്രയ പ്രശ്നവുമായി ബന്ധപ്പെട്ട് ക്രൈസ്തവ സഭകള്‍ തെരുവിലിറങ്ങിയതാണ് ആകെക്കൂടി സര്‍ക്കാരിനെതിരെയുണ്ടായ ബഹുജനപ്രക്ഷോഭം. സഭകള്‍ പളളികളിലേയ്ക്ക് മടങ്ങിപ്പോയപ്പോള്‍ യുഡിഎഫിന്റെ ആ പ്രതീക്ഷയും അസ്തമിച്ചു. ഇടയലേഖനങ്ങള്‍ വഴി ചില ഓലപ്പടക്കങ്ങള്‍ പൊട്ടിക്കുന്നതല്ലാതെ സര്‍ക്കാരിനെതിരെ വമ്പിച്ച പ്രക്ഷോഭം നടത്താന്‍ സഭയ്ക്കും വലിയ ആവേശം ഇപ്പോഴില്ല.
സിപിഎമ്മിന്റെ സമ്മേളനങ്ങള്‍ നടക്കുമ്പോള്‍ വീണുകിട്ടുന്ന വിവാദങ്ങളില്‍ കണ്ണുനട്ടിരുന്നവര്‍ക്ക് ആയിനത്തിലും നിരാശയാണ് ഫലം. കഴിഞ്ഞ സമ്മേളനകാലത്തുണ്ടായതു പോലൊരു വാര്‍ത്താ വിസ്ഫോടനം ഇപ്പോള്‍ കാണുന്നില്ല. വരുംദിനങ്ങളില്‍ മാറ്റം വന്നുകൂടെന്നില്ല.
കോണ്‍ഗ്രസിലെ ഉള്‍പ്പോരുകള്‍ ഇപ്പോഴും നീറിപ്പുകയുകയാണെന്നാണ് രണ്ടാം നിര നേതാക്കളുടെ അര്‍ത്ഥഗര്‍ഭമായ മൗനം തെളിയിക്കുന്നത്. ഇപ്പോഴും രമേശ് ചെന്നിത്തലയെ മനസു കൊണ്ട് നേതാവായി അംഗീകരിക്കാന്‍ കാര്‍ത്തികയേന്‍ അടക്കമുളള പലരും തയ്യാറായിട്ടില്ല.
ഒറ്റയാന്‍ പോരാട്ടങ്ങള്‍ നടത്തുന്ന പി സി ജോര്‍ജിന്റെ ശേഷിപോലും കേരളത്തിലെ കോണ്‍ഗ്രസിനും യുഡിഎഫിനും പ്രകടിപ്പിക്കാനാവാത്തത് ജനാധിപത്യത്തിന്റെ കഷ്ടകാലം എന്നു തന്നെ പറയേണ്ടി വരും. മൃഗീയഭൂരിപക്ഷവുമായി അധികാരത്തിലിരിക്കുന്നവരുടെ ധാര്‍ഷ്ട്യത്തിന് കീഴടങ്ങേണ്ടി വരുന്ന അവസ്ഥ പരിതാപകരം തന്നെ.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications