കള്ള് മോന്താന്‍ ശീതീകരിച്ച ഷാപ്പുകള്‍
കോഴിക്കോട്: ഓല മേഞ്ഞ ഷാപ്പുകളിലെ കുടുസുമുറികളിലെ ബെഞ്ചുകളില്‍ ഇരുന്ന് ഈച്ചയെയാട്ടി വല്ലാതെ മൂത്ത് നുരഞ്ഞ കള്ള് മോന്തുന്നത് ഇനി മതിയാക്കാം. അരണ്ട വെളിച്ചത്തില്‍ മനോഹരമായി സജ്ജീകരിച്ച ശീതികരിച്ച മുറിയില്‍ ഇരുന്ന് നല്ല മധുരക്കള്ള് തന്നെ അകത്താക്കാം.
കോഴിക്കോട്ടെ വേങ്ങാലി ഓവര്‍ ബ്രിഡ്ജിന് സമീപമാണ് എസി ബാറുകള്‍ക്ക് സമാനമായ സജ്ജീകരണങ്ങളൊരുക്കിയിരിക്കുന്ന ഈ കള്ള് ഷാപ്പ്. മണാശേരിയിലുമുണ്ട് ഇത്തരമൊരു കള്ള് ഷാപ്പ്. കള്ളു ചെത്തു വ്യവസായി സഹകരണ സംഘമാണ് ഈ രണ്ട് എസി കള്ള് ഷാപ്പുകളും നടത്തുന്നത്.
നല്ല മധുരക്കള്ളിന് പുറമെ കപ്പ, മീന്‍ പൊരിച്ചത്, കാടയിറച്ചി, താറാവിറച്ചി തുടങ്ങിയ കൊതിയൂറുന്ന വിഭവങ്ങളും ഈ ഷാപ്പുകളിലെ മെനുവില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. നഗരത്തിലെ ശീതികരിച്ച എസി ബാറുകളിലിരുന്ന് ബിയറും വിസ്കിയും നുണയുന്ന പതിവിന് ഒരു വ്യത്യസ്തത നല്‍കാനെത്തുന്ന ആളുകളുടെ തിരക്ക് തന്നെ ഇവിടെ അനുഭവപ്പെടുന്നുണ്ട്. ഈയിടെ ഭര്‍ത്താവും ഭാര്യയും മകനുമടങ്ങുന്ന കുടുംബം മധുരക്കള്ള് നുണയാന്‍ ഇവിടെ കാറിലെത്തിയെന്ന് ഷാപ്പിലെ ജീവനക്കാര്‍ പറഞ്ഞു.
ഒരു ലിറ്റര്‍ കള്ളിന് 60 രൂപയാണ് വില. രാവിലെ പത്ത് മണി മുതല്‍ രാത്രി ഒമ്പതര വരെയാണ് ഷാപ്പ് പ്രവര്‍ത്തിക്കുന്നത്. കൂടുതല്‍ എസി കള്ള് ഷാപ്പുകള്‍ തുടങ്ങുന്നതിനുള്ള ആലോചനയിലാണെന്ന് കള്ളു ചെത്തു വ്യവസായി സഹകരണ സംഘം കോഴിക്കോട് താലൂക്ക് ഡയറക്ടര്‍ എം.മംഗളനാഥന്‍ പറഞ്ഞു.












Click it and Unblock the Notifications