സമരമോ, ഒരു ദയയും വേണ്ട!
ദില്ലി : സമരം ചെയ്യുന്ന തൊഴിലാളികളോട് യാതൊരു ദാക്ഷിണ്യവും കാണിക്കരുതെന്ന് സുപ്രിം കോടതി കീഴ് കോടതികള്‍ക്ക് താക്കീത് നല്‍കി.
രാജ്യത്തെ തൊഴില്‍മേഖലയിലും രാഷ്ട്രീയരംഗത്തും വന്‍വിവാദമുണ്ടാക്കിയേക്കാവുന്ന ഈ വിധി പുറപ്പെടുവിച്ചത് ജസ്റ്റിസുമാരായ അരിജിത്ത് പസായതും ലോകേശ്വര്‍ സിംഗ് പാന്തേയുമാണ്. അച്ചടക്ക ലംഘനത്തിന് വഴിവെയ്ക്കുന്ന ദീര്‍ഘസമരങ്ങളോട് ഒരുവിധ സഹാനുഭൂതിയും പരിഗണനയുമരുതെന്നാണ് സുപ്രീം കോടതിയുടെ താക്കീത്.
ഗുജറാത്തിലെ അംബുജാ സിമന്റ്സില്‍ നിന്നും പിരിച്ചുവിടപ്പെട്ട ഒരുസംഘം തൊഴിലാളികള്‍ നല്‍കിയ കേസ് തീര്‍പ്പാക്കവെയാണ് സുപ്രീം കോടതി അസാധാരണമായ ഈ താക്കീത് നല്‍കിയത്.
അച്ചടക്കലംഘനമാരോപിച്ച് പിരിച്ചുവിടപ്പെട്ട യു ബി ഗാഥെയും മറ്റുമാണ് പരാതിക്കാര്‍. 1989ല്‍ തുടര്‍ച്ചയായ അഞ്ചുമാസത്തോളം ഇവര്‍ പണിമുടക്കിലായിരുന്നു. 1990 മാര്‍ച്ചില്‍ ഇവരെ പിരിച്ചു വിട്ടു.
തുടര്‍ന്ന് തൊഴിലാളികള്‍ വ്യവസായ തര്‍ക്ക കോടതിയെ സമീപിച്ചു. പണിമുടക്കിയ കാലത്തെ വേതനം ഒഴിവാക്കി തിരിച്ചെടുക്കാനായിരുന്നു കോടതിയുത്തരവ്. തൊഴിലുടമ നല്‍കിയ അപ്പീല്‍ പരിഗണിച്ച് ഹൈക്കോടതി ട്രൈബ്യൂണല്‍ വിധി റദ്ദാക്കി. ഇതിനെതിരെയാണ് തൊഴിലാളികള്‍ സുപ്രിംകോടതിയെ സമീപിച്ചത്.
സദുദ്യേശ്യപരമായ പണിമുടക്കാണെങ്കില്‍ പോലും പണിമുടക്കിനോട് അനുഭാവമരുതെന്ന് കോടതി നിര്‍ദ്ദേശിച്ചു. നീതിന്യായ പ്രക്രിയയുടെയും വിവേചനത്തിന്റെയും സാധുതയില്ലായ്മയിലേയ്ക്ക് നയിക്കുന്ന ഈ പ്രവണത ഒരുതരത്തിലും വെച്ചുപൊറുപ്പിക്കരുതെന്നും പരമോന്നത കോടതി ആവശ്യപ്പെട്ടു.












Click it and Unblock the Notifications