പതിനഞ്ചുമിനിട്ടിനുളളില്‍ മൂന്നു കൊല
തിരുവനന്തപുരം : വെറും പതിനഞ്ചു മിനിട്ടിനുളളില്‍ തലസ്ഥാനത്ത് ഗുണ്ടാ സംഘം മൂന്നുപേരെ വെട്ടിക്കൊലപ്പെടുത്തി.
കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ മൊട്ടമൂട് ഷാജി, സഹായി വിനോദ്, മുട്ടത്തറ ഈഞ്ചയ്ക്കല്‍ സ്വദേശി ദീപുലാല്‍ എന്നിവരാണ് വെട്ടേറ്റ് മരിച്ചത്.
കരമന റിവര്‍ ഗാര്‍ഡന്‍സിലെ വീട്ടില്‍ അതിക്രമിച്ചു കയറിയാണ് ഗുണ്ടാ സംഘം മൊട്ടമൂട് ഷാജിയെയും വിനോദിനെയും വെട്ടിക്കൊന്നത്. കൃത്യം നിര്‍വഹിച്ച ശേഷം അക്രമികള്‍ കരമനയാറ്‍ നീന്തി രക്ഷപ്പെട്ടെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
മുന്‍വൈരാഗ്യമാണ് മുട്ടത്തറയിലെ ദീപുലാലിന്റെ കൊലപാതകത്തിനു പിന്നിലെന്ന് സംശയിക്കുന്നു. സിപിഎം പ്രവര്‍ത്തകനാണ് ദീപുലാല്‍. അടുത്തിടെ ജയില്‍ മോചിതരായ പ്രാണി സതി, ഉണ്ണി, തുമ്പോല രാജേഷ്, രാമു എന്നിവരാണ് ദീപുലാലിന്റെ കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു. ഇവര്‍ക്ക് ഇയാളോട് മുന്‍വൈരാഗ്യമുണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു.
സിപിഎമ്മിലെ ഗ്രൂപ്പ് വൈരവും കൊലപാതകത്തിന് കാരണമായി പൊലീസ് സംശയിക്കുന്നുണ്ട്.
എട്ടോളം വരുന്ന ഗുണ്ടാസംഘമാണ് ഷാജിയെയും വിനോദിനെയും കൊലപ്പെടുത്തിയത്. ഭാര്യയെ മലപ്പുറത്ത് പിഎസ് സി പരീക്ഷയെഴുതാന്‍ കൊണ്ടുവിട്ട ശേഷം മടങ്ങി വരികയായിരുന്നു ഷാജി. ഒട്ടേറെ കൊലപാതകക്കേസുകളിലടക്കം പ്രതികളാണ് ഷാജിയും വിനോദും. ഗുണ്ടാസംഘങ്ങള്‍ തമ്മിലുളള കുടിപ്പകയാണ് ഈ കൊലപാതകങ്ങള്‍ക്കു പിന്നിലെന്ന് പൊലീസ് പറഞ്ഞു.
ഇരുവരെയും വെട്ടിക്കൊന്ന ശേഷം സമീപപ്രദേശങ്ങളിലും അക്രമം നടത്തിയിട്ടാണ് സംഘം കടന്നുകളഞ്ഞത്. സംഭവസ്ഥലത്തു നിന്നും ലഭിച്ച ഒരു മൊബൈല്‍ ഫോണില്‍ നിന്നും അക്രമികളുടെ സൂചന ലഭിച്ചതായി സിറ്റി പൊലീസ് കമ്മിഷണര്‍ അറിയിച്ചു.












Click it and Unblock the Notifications