Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഎസ് പക്ഷം കൊടും നിരാശയില്‍

തിരുവനന്തപുരം : സിപിഎമ്മിലെ ബ്രാഞ്ചു സമ്മേളനങ്ങള്‍ ഏതാണ്ട് പൂര്‍ത്തിയാകുമ്പോഴേയ്ക്കും പിണറായി പക്ഷം മൃഗീയഭൂരിപക്ഷത്തോടെ മുന്നേറുകയാണ്.

മിക്കവാറും എല്ലാ ജില്ലകളിലും വിഎസ് പക്ഷത്തെ പൂര്‍ണമായും ഒതുക്കിയാണ് ഔദ്യോഗികവിഭാഗം മുന്നേറുന്നത്. സമ്മേളനങ്ങള്‍ സംബന്ധിച്ച കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദ്ദേശങ്ങള്‍ ഫലത്തില്‍ ഔദ്യോഗിക വിഭാഗത്തിന്റെ ആയുധമായി മാറിയ കാഴ്ചയാണ് പലേടത്തും.

നിലവിലുളള കമ്മിറ്റികളെക്കുറിച്ച് വിമര്‍ശനമുന്നയിക്കാനോ ആരോപണവിധേയരായവരെ മാറ്റിനിര്‍ത്താനോ കഴിയാത്ത അവസ്ഥയാണ്. വ്യക്തിപരമായ വിമര്‍ശനം പാടില്ലെന്നും പാനലിനെതിരെ സംഘടിതമത്സരം അരുതെന്നും കേന്ദ്രക്കമ്മിറ്റി കര്‍ശനമായി നിര്‍ദ്ദേശിക്കുന്നുണ്ട്. ഇതുമുതലാക്കിയ ഔദ്യോഗികപക്ഷം നിലവിലുളള കമ്മിറ്റികളെ വിയര്‍പ്പൊഴുക്കാതെ തന്നെ നിലനിര്‍ത്തുന്നതില്‍ വിജയിച്ചു.

സിപിഎമ്മിന് കേരളത്തില്‍ ആകെ 25937 ബ്രാഞ്ചു കമ്മിറ്റികളാണുളളത്. തൊണ്ണൂറു ശതമാനത്തിലേറെ വരുന്ന ബ്രാഞ്ചുകളിലെ സമ്മേളനങ്ങള്‍ പൂര്‍ത്തിയായി. അവശേഷിക്കുന്നവ രണ്ടുദിവസത്തിനകം പൂര്‍ത്തിയാകും.

ആറായിരത്തോളം വരുന്ന ലോക്കല്‍ സമ്മേളനങ്ങളാണ് അടുത്ത അങ്കക്കളരി. ഒക്ടോബര്‍ മാസത്തില്‍ തന്നെ ലോക്കല്‍ സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കണമെന്നാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്. രണ്ടുദിവസങ്ങളിലായാണ് ലോക്കല്‍ സമ്മേളനങ്ങള്‍ നടക്കുക.

പുതിയ ലോക്കല്‍ കമ്മിറ്റിയും ഏരിയാ സമ്മേളനങ്ങളിലേയ്ക്കുളള പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതുമാണ് നിരീക്ഷകര്‍ ഉറ്റുനോക്കുന്ന നടപടിക്രമം. ഈ രണ്ടു നടപടിക്രമങ്ങളിലും മത്സരിക്കാന്‍ ഭയക്കുകയാണ് വിഎസ് വിഭാഗക്കാര്‍.

ബ്രാഞ്ചില്‍ നിന്നും ലോക്കല്‍ തലത്തിലെത്തുമ്പോഴാണ് രാഷ്ട്രീയപ്രവര്‍ത്തനം അതിജീവനോപാധിയായി സ്വീകരിച്ചവരുടെ ഭാവി തീരുമാനിക്കപ്പെടുന്നത്. നിലവിലുളള സ്ഥാനങ്ങള്‍ നിലനിര്‍ത്താനും അടുത്ത പടവിലേയ്ക്ക് ചവിട്ടിക്കയറാനുമുളള ആവേശം ഇവിടം മുതലാണ് ആരംഭിക്കുക.

അതുകൊണ്ടു തന്നെ കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദ്ദേശം ലംഘിച്ച് വോട്ടുപിടിക്കാനും മത്സരിക്കാനുമൊന്നുമുളള കരളുറപ്പ് പാര്‍ട്ടിയിലെ ഇപ്പോഴത്തെ അവസ്ഥവെച്ച് വിഎസ് വിഭാഗത്തിനില്ല. മത്സരമോ അനാവശ്യമായ വിമര്‍ശനമോ നടത്തി ഉളളസ്ഥാനം കളയേണ്ടെന്ന തീരുമാനത്തിലാണ് വിഎസ് വിഭാഗത്തിലുളളവര്‍. മറുപക്ഷമാകട്ടെ, എന്തിനും തയ്യാറെടുത്തു നില്‍ക്കുകയുമാണ്.

മാത്രമല്ല ഗ്രൂപ്പുകാര്യങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ വിഎസ് അച്യുതാനന്ദന്‍ ഇപ്പോള്‍ തയ്യാറാകുന്നുമില്ല. വിഎസിന്റെ പ്രസംഗങ്ങളിലും വാര്‍ത്താസമ്മേളനങ്ങളിലുമുളള ധ്വനികളും മുനവെച്ച വര്‍ത്തമാനവുമൊക്കെയായിരുന്നു ആ വിഭാഗത്തിന്റെ ആയുധവും മൂലധനവും. അതൊക്കെ ഏതാണ്ട് നിലച്ച മട്ടാണ്.

മലപ്പുറം സമ്മേളനകാലത്തുണ്ടായിരുന്ന ആവേശമൊന്നും വിഎസ് വിഭാഗത്തിന് ഇപ്പോഴില്ല. അന്ന് പൂര്‍ണമായും പാര്‍ട്ടി തങ്ങള്‍ പിടിച്ചടക്കിയെന്ന മട്ടിലായിരുന്നു കാര്യങ്ങളുടെ പോക്ക്. ഇപ്പോഴാകട്ടെ പൂര്‍ണമായും പ്രതിരോധത്തിലാണ് അന്നത്തെ ആക്രമണകാരികള്‍.

വിഎസ് വിഭാഗത്തിന് ആശയപരമായ പിന്തുണ നല്‍കിയിരുന്ന എം എന്‍ വിജയന്‍ സംഘവും നിശബ്ദമാണ്. പാഠം വഴിയുളള ആക്രമണങ്ങള്‍ ഇനിയും തുടങ്ങിയിട്ടില്ല. ചുരുക്കത്തില്‍ സിപിഎമ്മിനെ നേര്‍വഴിക്കു നടത്തിക്കാനുളള നിയോഗമേറ്റെടുത്തവര്‍ കൊടിയ നിരാശയിലായ കാഴ്ചയാണ് ബ്രാഞ്ചു സമ്മേളനങ്ങള്‍ അവസാനിക്കുമ്പോഴേയ്ക്കും ലഭിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+