മുങ്ങിയ ടയര്‍ പിന്നെ പൊങ്ങി!
തിരുവനന്തപുരം : നിയമമന്ത്രി എം വിജയകുമാറിന്റെ സുരക്ഷാ ചുമതലയുളള രണ്ടു പൊലീസുകാര്‍ തമ്മിലുളള വ്യക്തിവൈരാഗ്യം മൂലം മന്ത്രിയുടെ കാറിന്റെ ടയറുകള്‍ നഷ്ടമായി. അന്വേഷണം തുടങ്ങിയപ്പോള്‍ മുങ്ങിയ ടയര്‍ പൊങ്ങുകയും ചെയ്തു.
മന്ത്രിയുടെ കാറിനു വേണ്ടി വാങ്ങിയ പുതിയ മൂന്നു ടയറുകള്‍ കാറില്‍ ഘടിപ്പിച്ചപ്പോള്‍ ഊരിമാറ്റിയ പഴയ ടയറുകളാണ് കാണാതായത്. നടപടിക്രമമനുസരിച്ച് മാറ്റിയ ടയറുകള്‍ ടൂറിസം വകുപ്പാണ് സൂക്ഷിക്കേണ്ടത്. അതിനായി മന്ത്രിയുടെ ഔട്ട്ഹൗസില്‍ സൂക്ഷിച്ചിരുന്ന ടയറുകളാണ് സുരക്ഷാ ചുമതലയുളള ഉദ്യോഗസ്ഥന്‍ മോഷ്ടിച്ച് കടത്തിയത്.
വിരോധമുളള സഹപ്രവര്‍ത്തകന്റെ പേരില്‍ ഈ കുറ്റം ചുമത്തി അയാള്‍ക്ക് ശിക്ഷ വാങ്ങി നല്‍കുകയായിരുന്നു ഇയാളുടെ ഉദ്ദേശ്യം. എന്നാല്‍ സംഭവം അന്വേഷിച്ച മന്ത്രിയുടെ ജീവനക്കാര്‍ക്ക് ഈ പൊലീസുകാരനാണ് ടയര്‍ കടത്തിയത് എന്ന കാര്യം ബോധ്യമായി.
പണി പാളിയെന്ന് മനസിലാക്കിയ കളളന്‍ പൊലീസ് ടയറുകള്‍ ഔട്ട്ഹൗസില്‍ തിരികെ എത്തിച്ചു. സംഭവത്തെക്കുറിച്ച് പരാതി നല്‍കാന്‍ ഏതായാലും മന്ത്രിയുടെ ഓഫീസ് തയ്യാറായില്ല. എന്നാല്‍ സ്പെഷ്യല്‍ ബ്രാഞ്ച് കേസ് അന്വേഷിക്കുന്നുണ്ട്.












Click it and Unblock the Notifications