വിജയന്‍ മാഷിന്റെ മരണവും വിവാദം
കരുനാഗപ്പളളി : പ്രൊഫസര്‍ എം എന്‍ വിജയന്‍മാഷിന്റെ മരണം കേരളത്തില്‍ ഒരു സാംസ്ക്കാരിക വിവാദമായി കത്തിപ്പടരുന്നു.
കേരള സാഹിത്യ അക്കാദമി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തില്‍ പ്രസംഗിക്കവെ ഡോ. സുകുമാര്‍ അഴിക്കോടാണ് വിജയന്‍ മാഷിന്റെ മരണത്തെക്കുറിച്ചുളള അപ്രിയ സത്യങ്ങള്‍ തുറന്നടിച്ചത്. അഴിക്കോടിനെ 'ഗുണ്ട' എന്നു വിളിച്ചാക്ഷേപിച്ചു കൊണ്ട് പാഠം മാസികയുടെ നടത്തിപ്പുകാരനായ എസ് സുധീഷ് രംഗത്തു വന്നത് വിവാദം കൊഴുപ്പിച്ചു.
അഴിക്കോടിനെ മാധ്യമങ്ങളിലൂടെ ഗുണ്ട എന്നാക്ഷേപിച്ചതു പോരാഞ്ഞ് അദ്ദേഹത്തെ ടെലിഫോണ്‍ ചെയ്ത് ഭീഷണിപ്പെടുത്തിയെന്ന ആരോപണമാണ് അടുത്ത വിവാദമായി വളരുന്നത്.
മലയാളവും കമ്മ്യൂണിസവും അറിയാത്തവന്‍ മലയാളത്തില്‍ കമ്മ്യൂണിസമെഴുതിയതിന്റെ അപകടമാണ് പാഠം മാസികയെന്ന് സുധീഷിനോടുളള മറുപടിയായി അഴിക്കോട് തുറന്നടിച്ചിരുന്നു. ഇതില്‍ പ്രകോപിതനായാണത്രേ അഴിക്കോടിനെ ഫോണില്‍ വിളിച്ച് സുധീഷ് തെറിവിളിച്ചത്.
അപ്രിയസത്യങ്ങള്‍ മുഖം നോക്കാതെ പറയുന്നതില്‍ ഒരുമടിയും കാണിക്കാതിരുന്ന വിജയന്‍ മാഷിന്റെ ശിഷ്യര്‍ വിമര്‍ശനങ്ങളില്‍ പതറിപ്പോകുന്നത് സാംസ്ക്കാരിക കേരളം അമ്പരപ്പോടെയാണ് കണ്ടു നില്‍ക്കുന്നത്. ആരെയും വിമര്‍ശിക്കാന്‍ തന്റേടമുളളവര്‍ തങ്ങളോടുളള വിമര്‍ശനങ്ങളോട് എന്തിന് അസഹിഷ്ണുതയോടെ പ്രതികരിക്കുന്നു എന്നതാണ് ഉത്തരം കിട്ടാത്ത ചോദ്യം.
ഏതായാലും പുരോഗമന കലാസാഹിത്യ സംഘം ഈ വിവാദം ഏറ്റെടുത്തിട്ടുണ്ട്. കേരളം കണ്ട തലയെടുപ്പുളള പണ്ഡിതരില്‍ ഒരാളായ അഴിക്കോടിനെ ഗുണ്ട എന്നു വിളിച്ചാക്ഷേപിച്ചതിനും ഫോണില്‍ തെറിവിളിച്ചതിനുമെതിരെ പു ക സ ശക്തമായി രംഗത്തുവരുമെന്ന് പ്രസ്താവനകള്‍ സൂചിപ്പിക്കുന്നു.
വിജയന്‍മാഷിന്റെ മരണം ഉണ്ടാക്കിയ തരംഗത്തെ മുതലെടുക്കാന്‍ അപ്രതീക്ഷിതമായ ഒരവസരം വീണു കിട്ടിയിരിക്കുകയാണ് സിപിഎമ്മിലെ ഔദ്യോഗിക വിഭാഗത്തിന്. പാര്‍ട്ടി പത്രവും ചാനലുകളും പുരോഗമന കലാസാഹിത്യ സംഘവും വഴി ആ അവസരം ശരിക്കും മുതലാക്കാനൊരുങ്ങുകയാണ് സിപിഎം.
അഴിക്കോടിന്റെ വാദമുഖങ്ങള്‍ ശരിവെച്ച് കഴിഞ്ഞ ദിവസം ബാലചന്ദ്രന്‍ ചുളളിക്കാട് രംഗത്തു വന്നിരുന്നു. തുടര്‍ന്ന് പ്രശസ്ത എഴുത്തുകാരിയും പത്രപ്രവര്‍ത്തകയുമായ ലീലാ മേനോനും വിജയന്‍മാഷിന്റെ മരണത്തില്‍ അഴിക്കോട് പ്രകടിപ്പിച്ച ആശങ്കകള്‍ പങ്കുവെച്ച് രംഗത്തെത്തി.
എം മുകുന്ദനും മറ്റും കഴിഞ്ഞ ദിവസം തന്നെ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. രാജി ഒരു രാഷ്ട്രീയപ്രവര്‍ത്തനമാണെന്നു പറഞ്ഞ വിജയന്‍മാഷിന്റെ മരണവും ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാവുകയാണ്. മാഷിന്റെ ശിഷ്യര്‍ എന്നവകാശപ്പെടുന്നവര്‍ എം എന്‍ വിജയനില്‍ നിന്നും എത്രത്തോളം അകലെയാണെന്ന് ഈ വിവാദം സാംസ്ക്കാരിക കേരളത്തെ പഠിപ്പിക്കുന്നു.
വിജയന്‍ മാഷിന്റെ മരണത്തെ തുടര്‍ന്നുളള വിവാദങ്ങളോട് വായനക്കാര്‍ എങ്ങനെ പ്രതികരിക്കുന്നു?
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()












Click it and Unblock the Notifications