പോരാട്ടം നേര്‍ക്കുനേര്‍, തിരഞ്ഞെടുപ്പ് ഉടന്‍
ദില്ലി : ആണവോര്‍ജ ഏജന്‍സിയുമായുളള ചര്‍ച്ച അനിവാര്യമാണെന്ന് വിദേശകാര്യ മന്ത്രി പ്രണബ് മുഖര്‍ജിയും ഒരു തരത്തിലുളള ചര്‍ച്ചയ്ക്കും അനുവദിക്കില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും വ്യക്തമാക്കിയതോടെ യുപിഎ സര്‍ക്കാരിന്റെ പതനം ആസന്നമായി.
അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി തലവന്‍ മുഹമ്മദ് എല്‍ ബരാദെയുടെ ത്രിദിന സന്ദര്‍ശനം ഒക്ടോബര്‍ 9 ചൊവ്വാഴ്ച തുടങ്ങാനിരിക്കെയാണ് കോണ്‍ഗ്രസ് ഇടതു തര്‍ക്കം രൂക്ഷമായത്.
ചര്‍ച്ച അനൗപചാരികമാണെന്നും അനിവാര്യമാണെന്നുമാണ് സര്‍ക്കാര്‍ നിലപാട്. ചര്‍ച്ചയുമായി മുന്നോട്ടുപോയാല്‍ തങ്ങള്‍ തങ്ങളുടെ വഴി നോക്കുമെന്ന് ഇടതുപക്ഷവും വ്യക്തമാക്കി.
ആണവകരാറിനെ എതിര്‍ക്കുന്നവര്‍ രാജ്യത്തിന്റെ ശത്രുക്കളാണെന്ന് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പ്രസ്താവിച്ചിരുന്നു. ഈ പ്രസ്താവനയാണ് ഇടതു നേതാക്കളെ പ്രകോപിപ്പിച്ചത്.
പ്രസ്താവനയെത്തുടര്‍ന്ന് പ്രകാശ് കാരാട്ടും സീതാറാം യെച്ചൂരിയും സോണിയാ ഗാന്ധിയെ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ ചര്‍ച്ചയില്‍ സമവായമൊന്നുമുണ്ടായില്ല.
ചൊവ്വാഴ്ച ചേരാനിരിക്കുന്ന യുപിഎ ഇടതുയോഗവും നടക്കുമെന്നുറപ്പില്ല. സോണിയയുടെ പ്രസ്താവന മൂലമുണ്ടായ അസ്വാരസ്യം തീര്‍ക്കാന്‍ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ജ്യോതിബാസുവും പ്രണബ് മുഖര്‍ജിയും തമ്മിലും ചര്‍ച്ച നടന്നിരുന്നു. പ്രണബിന് പറയാനുളളത് കേള്‍ക്കണമെന്ന് ജ്യോതിബാസു ആവശ്യപ്പെടുകയും ചെയ്തു.
കരാര്‍ പരിശോധിക്കാന്‍ നിര്‍ണായക യു.പി.എ- ഇടതു യോഗം ഇന്നു ചേരാനിരിക്കേയാണ് ഇരുപക്ഷവും കടുത്ത ഭിന്നതയിലായത്. കരാറിനെ എതിര്‍ക്കുന്നത് വികസന ശത്രുക്കളാണെന്ന് സോണിയാഗാന്ധി ഞായറാഴ്ച ഹരിയാനയില്‍ ആരോപിച്ചതാണ് ഇടതിനെ പെട്ടെന്നുള്ള പ്രകോപനത്തിലേക്കു നയിച്ചതെന്നു കരുതുന്നു.
ഇന്ത്യ സ്വന്തമായാണ് ആണവപദ്ധതി വികസിപ്പിച്ചതെന്ന കാര്യം ആണവകരാറിനെ അനുകൂലിക്കുന്നവര്‍ ഓര്‍ക്കണമെന്ന് ഇടതുപക്ഷം സോണിയാ ഗാന്ധിയ്ക്ക് മറുപടി നല്‍കി. സിപിഎം, സിപിഐ, ആര്‍എസ്പി, ഫോര്‍വേഡ് ബ്ലോക്ക് നേതാക്കളാണ് മറുപടി പ്രസ്താവനയില്‍ ഒപ്പിട്ടിരിക്കുന്നത്.
ആണവകരാറിനെത്തുടര്‍ന്നുളള തര്‍ക്കം യുപിഎ സര്‍ക്കാരിന്റെ പതനത്തിന് വഴിയൊരുക്കുമെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്. കരാറില്‍ നിന്നും പിന്‍വാങ്ങാന്‍ സര്‍ക്കാരിനോ കരാറുമായി മുന്നോട്ടു പോകുന്ന സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ ഇടതുപക്ഷത്തിനോ ഇനി കഴിയില്ല.
ഏതു നിമിഷവും തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകാമെന്ന കണക്കുകൂട്ടലിലാണ് രാഷ്ട്രീയനിരീക്ഷകര്‍.












Click it and Unblock the Notifications