ചിത്രം ചുംബിച്ച് കേടാക്കിയതിന് യുവതിയ്ക്ക് പിഴ
മാര്‍സില്ലീ(ഫ്രാന്‍സ്): ഒരു ചിത്രത്തിനോട് തോന്നിയ അമിതമായ ഇഷ്ടം ചിത്രകാരനോട് തോന്നിയ ആരാധന ഇതെല്ലാം കൂടിയായപ്പോള്‍ സാം റിഡ്‌നി അന്നങ്ങനെ ചെയ്‌തുപോയി.
കടുത്ത ചുമന്ന ചായം തേച്ച ചുണ്ടുകൊണ്ട് ചിത്രത്തില്‍ ഒരു ചുംബനം. അഭിനിവേശം മൂത്ത് ചിത്രത്തിന് മുത്തം കൊടുത്തപ്പോള്‍ സാം ഓര്‍ത്തുകാണില്ല അതിത്രയും വലിയ ഒരു പൊല്ലാപ്പില്‍ കൊണ്ടെത്തിയ്‌ക്കുമെന്ന്.
ചുംബനത്തിന്റെ ഫലമെന്തെന്നറിയേണ്ടേ സാമിന്റെ ചുണ്ടിലെ ചായം പടര്‍ന്ന് 986,000 പൗണ്ട്(79,120,086.37 രൂപ) വിലയുള്ള ചിത്രത്തിന്റെ കാന്‍വാസ് ആകെ നാശമായി തുടര്‍ന്ന് സാമിന് അറസ്റ്റിനെയും കോടതി നടപടികളെയും അഭിമുഖീകരിയ്‌ക്കേണ്ടിവന്നു.
യുഎസ് ചിത്രക്കാരനായ സയ് ട്വോബ്ലിയുടെ ചിത്രത്തിലാണ് സാം കയറി ചുംബിച്ചത്. ജൂലൈ മാസത്തിലാണ് ഒരു ചിത്രപ്രദര്‍ശനത്തിനിടെ സാം ഈ സാഹസം ചെയ്‌തത്.
ചിത്രം കേടാക്കിയതിന് സാമിന് നേരെ അന്നു തന്നെ കേസെടുക്കുകയും അറസ്റ്റു ചെയ്യുകയും ചെയ്‌തിരുന്നു.ചൊവ്വാഴ്ച പ്രശ്‌നം പരിഗണിച്ച കോടതി സാം 3,117 പൗണ്ട് (250,122.07 രൂപ) പിഴയൊടുക്കണമെന്ന് വിധിയ്‌ക്കുകയും ചെയ്‌തു.
ചിത്രത്തിന്റെ ഉടമസ്ഥനായ യോണ്‍ ലാംബെര്‍ട് രണ്ട് മില്ല്യന്‍ യുഎസ് ഡോളറും 33,400 യൂറോയുമാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരുന്നത്.
കമ്പോഡിയക്കാരിയും ഒരുചിത്രകാരിയും കൂടിയായ സാമാകട്ടെ ഗാലറിയില്‍ തൂക്കിയിട്ട പടം കണ്ട് ആവേശം കയറിയാണ് താനിത് ചെയ്‌തതെന്നാണ് വ്യക്തമാക്കിയത്. വികാരപരമായ ഒരു പ്രവൃത്തിയായിരുന്നു സാമിന്റേതെന്നും ഈ പ്രശ്‌നം കാരണം അവര്‍ മാനസികമായി തകര്‍ന്നിരിയ്‌ക്കുകയാണെന്നും അവരുടെ വക്കീല്‍ വാദിച്ചു.
എന്നാല്‍ ചിത്രത്തിന്റെ ഉടമസ്ഥന്റെ വക്കീല്‍ മറുവാദങ്ങള്‍ ഉന്നയിച്ച് ഇവയെ ഖണ്ഡിയ്‌ക്കുകയായിരുന്നു. കേസിന്റെ അന്തിമ വിധി നവംബര്‍ 16നുണ്ടാകുമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications