ഒടുവില്‍ നറുക്കു വീണത് മോന്‍സ് ജോസഫിന്
കൊച്ചി: മോന്‍സ് ജോസഫിനെ മന്ത്രിയാക്കാന്‍ കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് തീരുമാനിച്ചു.
വെള്ളിയാഴ്ച രാത്രി ചേര്‍ന്ന പാര്‍ട്ടിയുടെ ഉന്നതാധികാരസമിതി യോഗത്തിനുശേഷം ചെയര്‍മാന്‍ പി.ജെ ജോസഫാണ് മന്ത്രിസ്ഥാനത്തേയ്ക്ക് മോന്‍സിന്റെ പേര് പ്രഖ്യാപിച്ചത്.
ഒന്നരമണിക്കൂറോളം നീണ്ട ചര്‍ച്ചയ്ക്കുശേഷമാണ് ഔദ്യോഗിക പ്രഖ്യാപനം വന്നത്. സുരേന്ദ്രന്‍പിള്ളയും മോന്‍സ് ജോസഫും യോഗത്തില്‍ പങ്കെടുത്തില്ല. എന്നാല്‍ ഇരുവരും നഗരത്തില്‍ തന്നെ ഉണ്ടായിരുന്നു.
ഉന്നതാധികാര സമിതി അംഗങ്ങളായ പി.ജെ ജോസഫ്, ഈപ്പന്‍വര്‍ഗീസ്, ടി.യു കുരുവിള, ഫ്രാന്‍സിസ് ജോര്‍ജ് എം.പി, പി.സി തോമസ് എം.പി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.
ഭൂമിവിവാദത്തെ തുടര്‍ന്ന് സെപ്റ്റംബര്‍ മൂന്നിന് ടി.യു കുരുവിള മന്ത്രിസ്ഥാനം രാജിവച്ചതിനെത്തുടര്‍ന്ന് മൂന്നുവട്ടം പാര്‍ട്ടിയുടെ നേതൃയോഗങ്ങള്‍ ചേര്‍ന്നിരുന്നെങ്കിലും രൂക്ഷമായ ഭിന്നത മൂലം മന്ത്രിയെ നിശ്ചയിക്കാന്‍ കഴിഞ്ഞില്ല.
മോന്‍സോ സുരേന്ദ്രന്‍പിള്ളയോ മന്ത്രിയാകുമെന്ന ആദ്യഘട്ട അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് പി.ജെ ജോസഫ് തന്നെ മന്ത്രിയാകുമെന്ന രീതിയിലുള്ള ചര്‍ച്ചകള്‍ വന്നതോടെ കാര്യങ്ങള്‍ വീണ്ടും നീണ്ടുപോവുകയായിരുന്നു.
വിമാന യാത്രാവിവാദം സംബന്ധിച്ച് ജോസഫിനെതിരെയുള്ള കേസന്വേഷണം പൂര്‍ത്തിയായില്ലെന്ന് ചെന്നൈ പൊലീസ് കമ്മിഷണര്‍ തന്നെ വ്യക്‌തമാക്കിയ സാഹചര്യത്തില്‍ ഇടതുമുന്നണി പുതിയ മന്ത്രിയെ നിശ്ചയിക്കാന്‍ പാര്‍ട്ടിക്ക് നല്‍കിയ അന്ത്യശാസനം പാലിക്കാന്‍ നേതൃത്വം തീരുമാനിക്കുകയായിരുന്നു.
പി.സി തോമസിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗത്തിന്റെ കടുത്ത എതിര്‍പ്പിനെ അവഗണിച്ചാണ് മോന്‍സ് ജോസഫിനെ തിരഞ്ഞെടുത്തത്. സീനിയര്‍ അംഗമെന്ന നിലയില്‍ സുരേന്ദ്രന്‍പിള്ളയെ മന്ത്രിയാക്കണമെന്നായിരുന്നു അവരുടെ ആവശ്യം.
സമുദായ പരിഗണനകളും ആരോപണവിധേയനല്ലാത്തതുമാണ് മോന്‍സ് ജോസഫിനു തുണയായത്. ഈപ്പന്‍ വര്‍ഗീസ് , ഡോക്ടര്‍ കെ.സി ജോസഫ് തുടങ്ങിയവര്‍ അടക്കമുള്ള പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുടെ പിന്തുണ മോന്‍സിക്കുണ്ടായിരുന്നു. ഇടതുമുന്നണിയുടെയും താല്‍പര്യം ന്യൂനപക്ഷസമുദായാംഗമായ ഒരാളെ പരിഗണിക്കണമെന്നതായിരുന്നു.
കടുത്തുരുത്തിയില്‍ നിന്ന് രണ്ടാം വട്ടം എം.എല്‍.എ ആയ നാല്‍പ്പത്തിമൂന്നുകാരനായ മോന്‍സ് ജോസഫ് കേരളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍സെക്രട്ടറിയാണ്.
യൂത്ത് ഫ്രണ്ടിന്റെ മുന്‍ സംസ്ഥാനപ്രസിഡന്റായിരുന്നു. കടുത്തുരുത്തി നരിമറ്റം കുടുംബാംഗമാണ്. ഭാര്യ - സോണിയ. മക്കള്‍ - മരീന, ഇമ്മാനുവല്‍.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications