മത്തായി ചാക്കോ വിശ്വാസിയായിരുന്നു: മാര്‍ ജേക്കബ് തൂങ്കുഴി
തൃശ്ശൂര്‍: കമ്യൂണിസ്‌റ്റുപാര്‍ട്ടിയില്‍ ചേര്‍ന്നെങ്കിലും താന്‍ മതവിശ്വാസം ഉപേക്ഷിച്ചിട്ടില്ലെന്ന് മത്തായി ചാക്കോ എംഎല്‍എ തന്നോട് പറഞ്ഞിരുന്നുവെന്ന് തൃശൂര്‍ രൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി വ്യക്തമാക്കി.
തിരുവമ്പാടിക്കാരനും അയല്‍ക്കാരനുമായ മത്തായി ചാക്കോ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ കാണാന്‍ വന്നപ്പോഴാണ് ഇക്കാര്യം പറഞ്ഞതെന്നും മാര്‍ തൂങ്കുഴി പറഞ്ഞു.
താരമശേരി രൂപതാധ്യക്ഷന്‍ മാര്‍ പോള്‍ ചിറ്റിലപ്പിള്ളിയെ നികൃഷ്ട ജീവിയെന്ന് പിണറായി വിജയന്‍ വിളിച്ചതിനെതിരെ പ്രതിഷേധിക്കാന്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിയ്‌ക്കുകയായിരുന്നു അദ്ദേഹം.
"ഇലക്ഷനു തൊട്ടു മുമ്പായി മത്തായി ചാക്കോ എന്നെ കാണാന്‍ വന്നിരുന്നു. എന്റെ അടുത്തിരുന്ന് സംസാരിച്ചു. കൂടെ ആരുമുണ്ടായിരുന്നില്ല.
ഞാന്‍ പറഞ്ഞു- നീ നല്ലൊരു കുടുംബത്തിലാണ് പിറന്നത്. ക്രിസ്തീയപാരമ്പര്യമുള്ള കുടുംബം. നിനക്ക് എന്തു പറ്റി ഇങ്ങനെ വിശ്വാസം ഉപേക്ഷിക്കാന്‍? ഞാന്‍ ചോദിച്ചു. അപ്പോള്‍ മത്തായി ചാക്കോ പറഞ്ഞത് പിതാവേ... ഞാന്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നുവെന്നത് സത്യമാണ്. പക്ഷേ ഞാന്‍ വിശ്വാസം ഉപേക്ഷിച്ചിട്ടില്ല". മത്തായി ചാക്കോയുമായി അന്ന് നടത്തിയ സംഭാഷണം തൂങ്കുഴി വിവരിച്ചു.
ഇക്കാര്യം മത്തായി ചാക്കോ തന്നോടു വ്യക്തിപരമായി പറഞ്ഞതായതിനാല്‍ ഇതു കോടതിയില്‍ തെളിയിക്കാനൊന്നും താന്‍ തയ്യാറല്ലെന്നും തുങ്കൂഴി വ്യക്തമാക്കി.
താമരശ്ശേരി ബിഷപ്പ് പോള്‍ ചിറ്റിലപ്പിള്ളിയെപ്പറ്റി പിണറായി വിജയന്‍ നടത്തിയ പരാമര്‍ശം ശുദ്ധ വിവരക്കേടാണെന്നും ജേക്കബ്ബ് തൂങ്കുഴി വിലയിരുത്തി.
സ്വാര്‍ത്ഥലാഭത്തിനുവേണ്ടി നുണ പറയുന്ന ആളല്ല പോള്‍ ചിറ്റിലപ്പിള്ളി. ആരുടെയും ഏജന്റായും പ്രവര്‍ത്തിക്കില്ല. അതുകൊണ്ടുതന്നെ അദ്ദേഹം എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അതില്‍ സത്യമുണ്ടായിരിക്കും- അദ്ദേഹം പറഞ്ഞു.
പിണറായി വിജയന്‍ എറിഞ്ഞത് കൊള്ളേണ്ടിടത്ത് കൊള്ളാത്തതിനാല്‍ ഒരു ബൂമറാങ്ങ്‌പോലെ അത് തിരിച്ചുവന്നിരിക്കുകയാണെന്നും തുങ്കൂഴി അഭിപ്രായപ്പെട്ടു.
ഒരു കുന്നിന്റെ മുകളില്‍നിന്ന് 'ഞാന്‍ നിന്നെ വെറുക്കുന്നു' എന്ന് വിളിച്ചു പറഞ്ഞാല്‍ ആയിരം പ്രതിധ്വനികള്‍ ഈ സ്വരങ്ങള്‍ ആവര്‍ത്തിക്കും. ഇതേ അവസ്ഥയില്‍ പിണറായി വിജയന്‍ നടത്തിയ 'നികൃഷ്ടജീവി' എന്ന വിളി ആയിരം സ്വരങ്ങളായി തിരിച്ചുകേട്ടുകൊണ്ടിയിരിക്കുകയാണ്. അദ്ദേഹം സ്നേഹത്തിന്റെ ഭാഷയാണ് സംസാരിച്ചിരുന്നതെങ്കില്‍ സ്നേഹത്തിന്റെ ഭാഷ തിരിച്ചു ലഭിക്കുകമായിരുന്നു-ജേക്കബ്ബ് തൂങ്കുഴി പറഞ്ഞു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications