വിവാഹമോചനം വേണ്ടവര്‍ക്കും മോചനംനേടിയവര്‍ക്കും വേണ്ടി മേള
വിയന്ന: ഒക്ടോബര്‍ 27,28 തിയ്യതികളില്‍ വിയന്ന തീര്‍ത്തും വ്യത്യസ്ഥമായ ഒരു മേളയ്‌ക്ക് സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുകയാണ്. ലോകത്തില്‍ ആദ്യത്തെ വിവാഹമോചന മേള( ഡിവോര്‍സ് ഫെയര്‍)യാണ് വിയന്നയില്‍ നടക്കാന്‍ പോകുന്നത്.
സ്വപ്‌നങ്ങള്‍ നെയ്‌ത് വിവാഹജീവിതത്തിലേയ്‌ക്ക് പ്രവേശിയ്‌ക്കുകയും പൊള്ളുന്ന അനുഭവങ്ങള്‍കാരണം ബന്ധം ഉപേക്ഷിയ്‌ക്കുകയും ചെയ്‌തവര്‍ക്കും ഇപ്പോഴും ബന്ധനം പോലുള്ള ബന്ധങ്ങളില്‍ തുടരുന്നവര്‍ക്ക് എത്രയും പെട്ടന്ന് മോചനം സാധ്യമാക്കുന്നതിന് സഹായം നല്‍കാനും വേണ്ടിയാണ് മേള സംഘടിപ്പിക്കുന്നത്.
പിരിയാന്‍ പോകുന്നവര്‍ക്ക് അഭിഭാഷകരെയും മധ്യസ്ഥരെയുമെല്ലാം മേളയില്‍ ലഭിയ്‌ക്കും. മാത്രമല്ല വീണ്ടുമൊരു വിവാഹം കഴിയ്‌ക്കാന്‍ ആഗ്രഹിയ്‌ക്കുന്നവരാണെങ്കില്‍ അടുത്ത ബന്ധമെങ്കിലും തകരാതെ കൊണ്ടുപോകാന്‍ സഹായകമായ ഉപദേശങ്ങളും മേളയില്‍ നിന്നും ലഭിയ്‌ക്കും.
ആസ്‌ത്രേലിയയില്‍ നടക്കുന്ന 50 ശതമാനം വിവാഹങ്ങളും വേര്‍പിരിയലുകളിലാണ് അവസാനിയ്‌ക്കുന്നത്. ഇതില്‍ 66 ശതമാനവും സംഭവിയ്‌ക്കുന്നത് വിയന്നയിലാണ്. അതിനാലാണ് മേള വിയന്നയില്‍ത്തന്നെ നടത്താന്‍ സംഘാടകര്‍ തീരുമാനിച്ചത്. ഇപ്പോള്‍ നടക്കാനിരിക്കുന്ന മേള കഴിഞ്ഞാല്‍ പിന്നീട് വര്‍ഷത്തില്‍ രണ്ടുതവണയെന്ന രീതിയില്‍ മേള സംഘടിപ്പിക്കാനാണ് സംഘാടക സമിതിയുടെ നീക്കം.
അഭിഭാഷകര്‍, മാധ്യസ്ഥം വഹിക്കാന്‍ താല്‌പര്യമുള്ളവര്‍, സ്വകാര്യ കുറ്റാന്വേഷകര്‍, ഡിഎന്‍എ ലബോറട്ടറികള്‍, വിവാഹ മോചനം വേണ്ടവര്‍ തുടങ്ങി ഒട്ടേറെപ്പേര്‍ മേളയ്‌ക്കായി പേര് രജിസ്റ്റര്‍ ചെയ്‌തുകഴിഞ്ഞിട്ടുണ്ട്. വിവാഹത്തിന്റെ എല്ലാ തലങ്ങളെക്കുറിച്ചുമുള്ള പഠനക്ലാസുകളും മേളയില്‍ ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.












Click it and Unblock the Notifications