മോന്‍സിന്‍റെ സത്യപ്രതിജ്ഞ വൈകീട്ട്, യുഡിഎഫ് പങ്കെടുക്കില്ല
തിരുവനന്തപുരം: ഏറെനാളത്തെ അനിശ്ചിതാവസ്ഥയ്ക്കും പാര്‍ട്ടിയ്ക്കുള്ളില്‍ ഇപ്പോഴും തുടരുന്ന പ്രശ്നങ്ങള്‍ക്കും നടുവില്‍ കേരളകോണ്‍ഗ്രസിന്‍റെ പുതിയമന്ത്രി മോന്‍സ് ജോസഫ് വ്യാഴാഴ്ച വൈകീട്ട് 4.30ന് സത്യപ്രതിജ്ഞ ചെയ്യും.
ജനാധിപത്യമാര്‍ഗ്ഗത്തിലൂടെയല്ലാതെ നറുക്കിട്ട് മന്ത്രിയെ തീരുമാനിച്ചതിനോടുള്ള പ്രതിഷേധ സൂചകമായി പ്രതിപക്ഷം സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്കരിയ്ക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മെര്‍ക്കിസ്റ്റണ്‍ ഭൂമിയിടപാടില്‍ സിബിഐ അന്വേഷണമോ ജൂഡീഷ്യല്‍ അന്വേഷണമോ പ്രഖ്യാപിയ്ക്കണമെന്നുള്ള ആവശ്യം അംഗീകരിയ്ക്കുന്നതുവരെ മന്ത്രി ബിനോയ് വിശ്വത്തിന്‍റെ ഔദ്യോഗിക പരിപാടികള്‍ ബഹിഷ്കരിയ്ക്കാനും യുഡിഎഫ് തീരുമാനിച്ചിട്ടുണ്ട്.
ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ മന്ത്രിയെ നറുക്കിട്ട് തീരുമാനിക്കുന്നത് അവഹേളനപരവും തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കലുമാണ്. ജനാധിപത്യത്തിന് ചേരാത്ത മാര്‍ഗത്തിലൂടെ മന്ത്രിയെ നിശ്ചയിച്ചതിനാലാണ് മോന്‍സ് ജോസഫിന്റെ സത്യപ്രതിജ്ഞാചടങ്ങില്‍ പ്രതിപക്ഷം പങ്കെടുക്കാത്തതെന്ന് കണ്‍വീനര്‍ അറിയിച്ചു.
വൈകീട്ട് രാജ് ഭവന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആര്‍.എല്‍ ഭാട്യ മോന്‍സിന് സത്യവാചകം ചൊല്ലിക്കൊടുക്കും. ഇടതുമുന്നണി അധികാരത്തേലേറിയ ശേഷം പൊതുമരാമത്ത് മന്ത്രിസ്ഥാനത്തെത്തുന്ന മൂന്നാമത്തെയാളാണ് മോന്‍സ് ജോസഫ്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications