രക്തം കട്ടുകുടിച്ചയാളെ തടവുശിക്ഷയ്ക്ക് വിധിച്ചു
ഹോങ്കോങ്: രക്തം കട്ടുകുടിച്ച ഹോങ്കോങ് കാരനെ രണ്ടുമാസം തടവിന് ശിക്ഷിച്ചു. ഇരുപത്തിയൊന്‍പതുകാരനായ ലീ മാന്‍ യൂ വാണ് രക്തം കുടിച്ചതിനെത്തുടര്‍ന്ന് തടവുശിക്ഷയ്ക്ക് വിധിയ്ക്കപ്പെട്ടത്.
സെപ്റ്റംബര്‍ 13ന് പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നതിനിടെ വല്ലാത്ത ദാഹം തോന്നിയപ്പോള്‍ യൂ ലബോറട്ടറിയില്‍ കയറി അവിടെ സൂക്ഷിച്ചിരുന്ന രണ്ടു പാക്കറ്റ് രക്തം എടുത്ത് കുടിയ്ക്കുകയായിരുന്നു.
ദാഹം തീര്‍ന്നപ്പോഴാണ് യൂ താന്‍ കുടിച്ചത് രക്തമാണെന്ന് മനസ്സിലാക്കിയത്. തുടര്‍ന്ന് അത് ചര്‍ദ്ദിയ്ക്കുകയും ചെയ്തു. താനിയ്ക്കത്രയേറെ ദാഹിച്ചതുകൊണ്ടാണ് കവറില്‍ എന്താണെന്ന് നോക്കാതെ കുടിച്ചതെന്നാണ് യൂ കോടതിയില്‍ പറഞ്ഞത്.
യൂ മദ്യപിച്ചിരുന്നുവെന്നും അതുകൊണ്ടാണ് ബോധമില്ലാതെ രക്തമെടുത്ത് കുടിച്ചതെന്നും കോടതി കണ്ടെത്തിയിട്ടുണ്ട്. എങ്കിലും രക്തം മോഷ്ടിച്ചു കുടിച്ചു എന്നതിന്റെ പേരിലാണ് ഇയാളെ തടവിന് ശിക്ഷിച്ചതെന്നും കോടതി വ്യക്തമാക്കി.