പരിയാരത്ത് ആള്‍മാറാട്ടവും കള്ളവോട്ടും നടന്നു: കോടതി
കൊച്ചി: പരിയാരം സഹകരണ സൊസൈറ്റി തിരഞ്ഞെടുപ്പില്‍ കള്ളവോട്ടും ആള്‍മാറാട്ടവും നടന്നിട്ടുള്ളതായി ഹൈക്കോടതി പ്രഥമദൃഷ്ട്യാ കണ്ടെത്തി.
തിരഞ്ഞെടുപ്പു വേദിയില്‍ സിപിഎം നേതാക്കളുടെ സാന്നിധ്യം ഉണ്ടായിരുന്നു. ആള്‍മാറാട്ടം തടയാനുള്ള അവസരം ഹര്‍ജിക്കാര്‍ക്കും ഏജന്റുമാര്‍ക്കും ലഭിച്ചില്ല. ഈ സാഹചര്യത്തില്‍ സൊസൈറ്റിയില്‍ പുതിയ അംഗങ്ങളെ ചേര്‍ക്കാനും പുതിയ ജീവനക്കാരെ നിയമിക്കാനുമുള്ള വിലക്കു തുടരും.അടിയന്തര സാഹചര്യങ്ങളില്‍ നിയമനം ആവശ്യമെങ്കില്‍ സൊസൈറ്റിക്കു കോടതിയെ സമീപിക്കാം.
റജിസ്റ്ററുമായി താരതമ്യപ്പെടുത്തി വോട്ടറെ ബോധ്യപ്പെട്ട് ബാലറ്റ് പേപ്പര്‍ നല്‍കുന്നതിലെ വീഴ്ചയും അനിയന്ത്രിത സാഹചര്യത്തില്‍ തിരഞ്ഞെടുപ്പു മാറ്റിവയ്ക്കാന്‍ റിട്ടേണിങ് ഓഫിസര്‍ക്ക് അധികാരം നല്‍കുന്ന ചട്ടത്തിന്റെ ലംഘനവും തുടര്‍നടപടികളില്‍ വിലയിരുത്തേണ്ടതാണെന്നു കോടതി വ്യക്‌തമാക്കി.
വോട്ടു ചെയ്യാനെത്തിയ വോട്ടര്‍മാരെ തടസ്സപ്പെടുത്തിയോ എന്നും തടഞ്ഞെങ്കില്‍ എങ്ങനെയെന്നും വിലയിരുത്തണം. രേഖയില്‍ കാണുന്നതില്‍ എത്ര പേര്‍ യഥാര്‍ഥത്തില്‍ വോട്ടു ചെയ്‌തുവെന്നതുള്‍പ്പെടെ കാര്യങ്ങള്‍ പരിഗണിക്കുമെന്നു കോടതി വ്യക്‌തമാക്കി.
പരിയാരം ഭരണസമിതി തിരഞ്ഞെടുപ്പു റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എം.വി രാഘവന്‍, കെ. സുധാകരന്‍ തുടങ്ങി സ്ഥാനാര്‍ഥികളും ഇരുനൂറിലേറെ വോട്ടര്‍മാരും സമര്‍പ്പിച്ച ഹര്‍ജികളിലാണു ജസ്റ്റിസ് കെ.എം. ജോസഫിന്റെ ഉത്തരവ്.
പൊലീസ് ചിത്രീകരിച്ച വീഡിയോയുടെ സിഡി വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണു നിഗമനങ്ങള്‍. ഹര്‍ജിക്കാര്‍ക്കും ഏജന്റുമാര്‍ക്കും പ്രവേശനം നിഷേധിക്കുമ്പോള്‍ തന്നെ മറ്റു പലരെയും കടത്തിവിടുന്നതായി വിഡിയോയില്‍ കാണാമെന്നു കോടതി ചൂണ്ടിക്കാട്ടി.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications