കേരളത്തിന്റെ വിമാന കമ്പനി സ്വപ്നം മാത്രം?
ദില്ലി: ഗള്‍ഫിലേക്കുള്ള വിമാനയാത്രക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ ഒരു വിമാന കമ്പനി തുടങ്ങുന്നതിനുള്ള പദ്ധതി യാഥാര്‍ത്ഥ്യമാവുമോ?
വിദേശത്തേക്ക് വിമാനസര്‍വീസ് നടത്തുന്നതിന് അനുവാദം ലഭിക്കുന്നതിനുള്ള കടമ്പകളെ കുറിച്ച് വ്യക്തമായി മനസിലാക്കാതെയാണ് സംസ്ഥാന സര്‍ക്കാര്‍ ഇത്തരമൊരു പദ്ധതിക്ക് തീരുമാനിച്ചത്. ഇപ്പോള്‍ ഗള്‍ഫിലേക്ക് വിമാന സര്‍വീസ് നടത്തുന്നതിന് നിലവിലുള്ള ചട്ടങ്ങള്‍ ഇളവ് ചെയ്യണമെന്ന ആവശ്യവുമായി വ്യോമയാന മന്ത്രാലയത്തിന് പിറകെ നടക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.
ചട്ടങ്ങളനുസരിച്ച് പ്രവര്‍ത്തനം തുടങ്ങി അഞ്ച് വര്‍ഷമെങ്കിലുമായാല്‍ മാത്രമേ ഒരു വിമാന കമ്പനിക്ക് വിദേശത്തേക്ക് വിമാന സര്‍വീസ് തുടങ്ങാന്‍ അനുവാദം ലഭിക്കുകയുള്ളൂ. വിമാന കമ്പനിക്ക് 20 വിമാനങ്ങളെങ്കിലും സ്വന്തമായുണ്ടാവണമെന്നാണ് മറ്റൊരു ചട്ടം.
ഒരു വിമാന കമ്പനിയുടെ പ്രവര്‍ത്തന ശേഷിയും സാമ്പത്തിക ശേഷിയും പരിശോധിച്ച ശേഷമേ വിദേശത്തേക്ക് സര്‍വീസ് നടത്താന്‍ അനുവദിക്കുകയുള്ളൂ. ഒരു വിമാന കമ്പനിക്കും പ്രവര്‍ത്തനം തുടങ്ങിയ ആദ്യദിവസം തന്നെ വിദേശത്തേക്ക് വിമാനസര്‍വീസ് നടത്താനാവില്ലെന്നും അതിനു വേണ്ടി ചട്ടങ്ങള്‍ ലഘൂകരിക്കണമെന്ന് ആവശ്യപ്പെടുന്നത് ചട്ടങ്ങളുടെ ഗൗരവം മനസിലാക്കാത്തതുകൊണ്ടാണെന്നും ഔദ്യോഗിക വൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.
വിദേശത്തേക്ക് സര്‍വീസ് തുടങ്ങുന്നതിനുള്ള ചട്ടം ലഘൂകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് സംസ്ഥാനത്തെ ഇടതു സര്‍ക്കാര്‍ ഈയിടെ വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചിരുന്നു. അതേ സമയം ചില ഇടതു നേതാക്കള്‍ തന്നെ വിദേശത്തേക്ക് വിമാന സര്‍വീസ് നടത്തുന്നതിനുള്ള ചട്ടങ്ങള്‍ ലഘൂകരിക്കുന്നതിനെ എതിര്‍ക്കിന്നുണ്ടെന്നതാണ് കൗതുകകരം.
ആഭ്യന്തര വിമാന സര്‍വീസുകള്‍ നടത്തിയതിനു ശേഷം മാത്രമേ ഏത് വിമാന കമ്പനിക്കും വിദേശത്തേക്ക് സര്‍വീസ് നടത്താന‍് അനുവാദം നല്‍കാറുള്ളൂ. വിദേശത്തേക്ക് വിമാന സര്‍വീസ് തുടങ്ങുന്നതിനുള്ള അനുമതിക്കായി കാത്തിരിക്കുകയാണ് ആഭ്യന്തര വിമാന സര്‍വീസുകള്‍ നടത്തുന്ന കിങ്ഫിഷര്‍, ഇന്റിഗോ, സ്പൈസ് ജെറ്റ് തുടങ്ങിയ കമ്പനികള്‍. ഈ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ചട്ടം ലഘൂകരിക്കണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്.












Click it and Unblock the Notifications