ഇഎംഎസിന്‍റെ മകള്‍ സിപിഎമ്മിനെ ചോദ്യം ചെയ്തു
തിരുവനന്തപുരം: ദേശാഭിമാനി ലോക്കല്‍ കമ്മിറ്റിയില്‍ സ്ഥാനം കിട്ടാന്‍ ഇഎംഎസിന്റെ മകള്‍ക്കും ഒടുവില്‍ സ്‌ത്രീ സംവരണ മുദ്രാവാക്യം ഉയര്‍ത്തേണ്ടി വന്നു.
നേതാക്കള്‍ പ്രസംഗിച്ചാല്‍ പോര, അതു നടപ്പിലാക്കണമെന്നുകൂടി ലോക്കല്‍ സമ്മേളനത്തില്‍ ഇ.എം രാധ പറഞ്ഞപ്പോള്‍ നേതൃത്വം അവരെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി.
പാര്‍ട്ടി മുഖപത്രം തുടങ്ങാന്‍ വീടുവരെ ദാനം ചെയ്‌ത ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ ഇളയമകള്‍ രാധയാണ് ദേശാഭിമാനി തിരുവനന്തപുരം യൂണിറ്റിലെ അസിസ്റ്റന്റ് മാനേജര്‍
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ടി. ശിവദാസമേനോനാണ് സമ്മേളനം ഉദ്ഘാടനം ചെയ്‌തത്. സ്‌ത്രീകള്‍ക്കു 33% സംവരണം നല്‍കാനുള്ള ബില്‍ നടപ്പാക്കാന്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതു സിപിഎമ്മാണെന്ന് അദ്ദേഹം പ്രസംഗിച്ചു.
ഇതിനായി കേന്ദ്രസര്‍ക്കാരില്‍ പാര്‍ട്ടി നിരന്തരം സമ്മര്‍ദം ചെലുത്തുന്നതായും മേനോന്‍ വാചാലനായി. തുടര്‍ന്നു മാനേജ്മെന്റ് എ ബ്രാഞ്ചിനെ പ്രതിനിധീകരിച്ചു ചര്‍ച്ചയില്‍ പങ്കെടുത്ത രാധ, സ്‌ത്രീ സംവരണത്തിലെ പാര്‍ട്ടിയുടെ ഇരട്ടത്താപ്പ് കടുത്ത ഭാഷയില്‍ ചോദ്യം ചെയ്യുകയായിരുന്നു.
സ്‌ത്രീകള്‍ക്കു സംവരണം വേണമെന്നു പറയുന്നവര്‍ ഉയര്‍ന്നുവരുന്ന വനിതകളെ പ്രോല്‍സാഹിപ്പിക്കുന്നില്ല. പലപ്പോഴും അവരെ തളര്‍ത്തുന്ന സമീപനമാണ് കൈക്കൊള്ളുന്നത്. ദേശാഭിമാനിയുടെ 13 അംഗ ലോക്കല്‍ കമ്മിറ്റിയില്‍ പോലും ഒരു സ്‌ത്രീക്കു മാത്രമാണ് പ്രാതിനിധ്യം.
ദേശാഭിമാനിയുടെ ആറു യൂണിറ്റുകളില്‍നിന്ന് സംസ്ഥാന സമ്മേളന പ്രതിനിധികളെ തിരഞ്ഞെടുത്തപ്പോള്‍ ഒരു വനിതയെപ്പോലും ഉള്‍പ്പെടുത്തിയില്ല- രാധ പറഞ്ഞു. എന്നാല്‍ നേതാക്കള്‍ ഈ വിമര്‍ശനത്തിനു മറുപടി പറഞ്ഞില്ല. പകരം പുതിയ ലോക്കല്‍ കമ്മിറ്റിയുടെ പാനല്‍ അവതരിപ്പിച്ചപ്പോള്‍ രാധയെയും ഉള്‍പ്പെടുത്തി. നിലവിലുള്ള വനിതാ അംഗം ബി. വാസന്തിയെ നിലനിര്‍ത്തുകയും ചെയ്‌തു. പുതിയ കമ്മിറ്റിയെ മല്‍സരത്തിലൂടെയാണ് തിരഞ്ഞെടുത്തത്.
![]()
![]()
![]()












Click it and Unblock the Notifications