ധന്യശ്രീ: കോടതിയലക്ഷ്യ നടപടികള്‍ അവസാനിപ്പിച്ചു
കൊച്ചി: ധന്യശ്രീ കോടതിയലക്ഷ്യ കേസില്‍ മൂന്നാറിലെ ദൗത്യസംഘം തലവനായിരുന്ന കെ. സുരേഷ് കുമാര്‍ ഉള്‍പ്പെടെയുളളവരുടെ നിരുപാധിക മാപ്പപേക്ഷ ഹൈക്കോടതി സ്വീകരിച്ചു.
സുരേഷ് കുമാര്‍ കോടതിയലക്ഷ്യക്കുറ്റം സമ്മതിക്കുന്നുണ്ടോയെന്ന് അഡീഷനല്‍ അഡ്വക്കറ്റ് ജനറല്‍ മുഖേന പ്രത്യേകം അന്വേഷിച്ചറിഞ്ഞ ശേഷമാണ് ജസ്റ്റിസ് എസ്. സിരി ജഗന്‍ കോടതിയലക്ഷ്യ നടപടികള്‍ അവസാനിപ്പിച്ചത്.
കോടതിയലക്ഷ്യ ഹര്‍ജിയുടെ ആദ്യഘട്ടത്തില്‍ നിര്‍ബന്ധബുദ്ധി കാണിച്ചതിന് സുരേഷ് കുമാര്‍ ധന്യശ്രീ ഉടമകള്‍ക്ക് 7500 രൂപ കോടതിച്ചെലവു നല്‍കാന്‍ കോടതി ഉത്തരവിട്ടു. കേസിലെ മറ്റ് എതിര്‍കക്ഷികളായ ദേവികുളം സബ് കളക്ടര്‍ രത്തന്‍ ഖേല്‍ക്കര്‍ ഉള്‍പ്പെടെ ഒന്‍പത് റവന്യു ഉദ്യോഗസ്ഥര്‍ ഹര്‍ജിക്കാര്‍ക്ക് 2000 രൂപ വീതവും കോടതിച്ചെലവു നല്‍കണം.
ധന്യശ്രീ ഉടമകള്‍ക്ക് സിവില്‍ കോടതി മുഖാന്തരം നഷ്ടപരിഹാരത്തിനു നടപടി സ്വീകരിക്കാന്‍ ഈ ഉത്തരവു തടസ്സമല്ലെന്നും കോടതി വ്യക്‌തമാക്കിയിട്ടുണ്ട്.
കോടതി ഉത്തരവു ലംഘിച്ച് ജൂലൈ 11നാണ് കെ. സുരേഷ് കുമാറിന്റെ നേതൃത്വത്തിലുളള പ്രത്യേക ദൗത്യസംഘം ധന്യശ്രീ യാത്രിനിവാസ് ഭാഗികമായി പൊളിച്ചെന്നായിരുന്നു ഉടമകള്‍ കോടതിയലക്ഷ്യ ഹര്‍ജിയില്‍ ബോധിപ്പിച്ചത്. സുരേഷ് കുമാര്‍ ഒഴികെയുളള ഉദ്യോഗസ്ഥര്‍ ആദ്യഘട്ടത്തില്‍ തന്നെ കേസില്‍ നിരുപാധികം മാപ്പപേക്ഷിച്ചിരുന്നു.
കോടതിയുത്തരവു വ്യാഖ്യാനിക്കുന്നതില്‍ സംഭവിച്ച പിഴവാണ് നടപടിക്കിടയാക്കിയതെന്നു വിശദീകരണം നല്‍കിയ കെ. സുരേഷ് കുമാര്‍ പിന്നീട് വീണ്ടും സത്യവാങ്മൂലം സമര്‍പ്പിക്കുകയായിരുന്നു.












Click it and Unblock the Notifications