കൊടിയേരിയുടെ കണ്ണില്‍ ക്രിമിനലാണ് താരം
തിരുവനന്തപുരം : ജയിലില്‍ നടന്ന സംഘട്ടനത്തില്‍ കൊല്ലപ്പെട്ട സിപിഎമ്മുകാരനായ കൊലക്കേസ് പ്രതിക്ക് സര്‍ക്കാര്‍ നല്‍കിയ ധനസഹായം പത്തുലക്ഷം രൂപ.
ചങ്ങനാശേരിയില്‍ കൃത്യനിര്‍വഹണത്തിനിടെ കൊല്ലപ്പെട്ട എഎസ്ഐയ്ക്ക് കൊടിയേരി ബാലകൃഷ്ണന്‍ കനിഞ്ഞനുവദിച്ചത് ആറു ലക്ഷം രൂപ.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ 2004 ഏപ്രില്‍ ഏഴിന് സിപിഎം ബിജെപി തടവുകാര്‍ ഏറ്റുമുട്ടിയപ്പോഴാണ് സിപിഎമ്മുകാരനായ പി കെ രവീന്ദ്രന്‍ കൊല്ലപ്പെട്ടത്. കൊലക്കേസില്‍ ജീവപര്യന്തം തടവു ശിക്ഷയനുഭവിക്കുകയായിരുന്നു രവീന്ദ്രന്‍. അന്ന് യുഡിഎഫായിരുന്നു സംസ്ഥാനം ഭരിച്ചത്.
തടവു പുളളി ജയിലില്‍ കൊല്ലപ്പെട്ടിട്ട് അന്നത്തെ സര്‍ക്കാര്‍ ധനസഹായമൊന്നും നല്‍കിയിരുന്നില്ല. എല്‍ഡിഎഫ് അധികാരത്തില്‍ വന്നപ്പോഴാണ് കൊലക്കേസ് പ്രതി കൊല്ലപ്പെട്ടതിന് സര്‍ക്കാരിന്റെ പ്രായശ്ചിത്തമായി പത്തു ലക്ഷം രൂപ നല്‍കിയത്.
രവീന്ദ്രന്റെ ജന്മദേശമായ കക്കട്ടിലില്‍ 2006 ഡിസംബര്‍ 16ന് ധനസഹായം വിതരണം ചെയ്യാന്‍ കൊടിയേരി നേരിട്ടെത്തുകയും ചെയ്തു.
കണ്ണൂരില്‍ സിപിഎം പോറ്റിവളര്‍ത്തുന്ന കൊലപാതക സ്ക്വാഡിലെ പ്രധാനിയായിരുന്നത്രേ രവീന്ദ്രന്‍. ഇക്കൂട്ടരെ സംരക്ഷിക്കാന്‍ സര്‍ക്കാരും പാര്‍ട്ടിയും ഏതറ്റം വരെയും പോകുമെന്ന് സ്ക്വഡില്‍ ഇപ്പോഴുമുളളവര്‍ക്കും ഇനി വരാനിരിക്കുന്നവര്‍ക്കും പ്രതീക്ഷ നല്‍കാനാണ് രവീന്ദ്രന് പത്തു ലക്ഷം രൂപ സര്‍ക്കാര്‍ ഖജനാവില്‍ നിന്നും അനുവദിച്ചത്.
ഈ പരിഗണനയൊന്നും ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്ന പൊലീസുകാര്‍ പ്രതീക്ഷിക്കേണ്ടതില്ലെന്നും സര്‍ക്കാര്‍ സൂചന നല്‍കുന്നു. കൊല്ലപ്പെട്ട ക്രിമിനലിന്റെ കുടുംബത്തിന് പത്തു ലക്ഷം രൂപ വാരിക്കോരി നല്‍കിയ സര്‍ക്കാര്‍ ആ പരിഗണന ഏലിയാസിനോട് കാട്ടാത്തതില്‍ പൊലീസുകാര്‍ പൊതുവേ അമര്‍ഷത്തിലാണ്. പൊലീസുകാരെക്കാള്‍ ക്രിമിനലുകളെ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ ആധുനിക സമൂഹത്തിന് അപമാനമാണ്.












Click it and Unblock the Notifications