മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ ശേഷി കവിഞ്ഞു
കുമളി: കനത്ത മഴയില്‍ നിറഞ്ഞുകവിഞ്ഞ മുല്ലപ്പെരിയാര്‍ അണകട്ടിലെ ജലനിരപ്പ് തിങ്കളാഴ്ച വൈകീട്ട് സംഭരണശേഷിയായ 136 അടിക്ക് മുകളിലേക്ക് ഉയര്‍ന്നു.മൂന്ന് സ്പില്‍വേകളിലൂടെ പെരിയാറ്റിലേക്ക് വെള്ളം ഒഴുകിത്തുടങ്ങി.
അണക്കെട്ടിന്റെ സംഭരണ ശേഷിയായ 136 അടിയിലേക്കു ജലനിരപ്പ് എത്തുന്നതിനു മണിക്കൂറുകള്‍ക്കു മുന്‍പുതന്നെ 13ആമത്തെ സ്പില്‍വേയിലൂടെ ജലം ഒഴുകിത്തുടങ്ങിയിരുന്നു.
തിങ്കളാഴ്ച രാവിലെ 135.7 അടിയായിരുന്നു ജലനിരപ്പെങ്കിലും വൈകിട്ടോടെ 135.9ലും രാത്രിയോടെ 136 അടിയിലും എത്തുകയായിരുന്നു.12 മണിക്കൂറിലാണു ജലനിരപ്പു 136 അടി പിന്നിട്ടതെന്നതു നീരൊഴുക്കിലെ വര്‍ധനയാണു സൂചിപ്പിക്കുന്നത്.
അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ ശക്തിയായി തുടരുകയാണ്. തമിഴ്‌നാട്ടില്‍ കനത്ത മഴ പെയ്യുന്നതിനാല്‍ അവിടേക്ക് കൂടുതല്‍ വെള്ളം തുറന്നുവിടാന്‍ കഴിയുന്നില്ല. ഇതും ജലനിരപ്പ് ഉയരാന്‍ ഇടയാക്കുന്നു.
മുല്ലപ്പെരിയാര്‍ വെള്ളം പെരിയാറ്റിലേക്ക് ഒഴുകുന്നുവെന്ന വാര്‍ത്ത വള്ളക്കടവ്, വണ്ടിപ്പെരിയാര്‍, ഇഞ്ചിക്കാട് ആറ്റോരം, മഞ്ചുമലആറ്റോരം, ഏറാമല, തേങ്ങാക്കല്‍, ചപ്പാത്ത്, ഉപ്പുതറ മേഖലകളിലെ ആയിരക്കണക്കിന് ജനങ്ങളെ ഭീതിയിലാഴ്ത്തി. പെരിയാറിനോട്ചേര്‍ന്ന് താമസിക്കുന്ന ജനങ്ങളോട് താല്‍ക്കാലിക ക്യാമ്പുകളിലേക്ക് മാറാന്‍ റവന്യൂ അധികൃതര്‍ ആവശ്യപ്പെട്ടു.
ഇടുക്കി കളക്ട്രേറ്റിലും പീരുമേട് താലൂക്ക് ഓഫീസിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.കളക്ട്രേറ്റിലെ 232244 എന്ന ടെലിഫോണ്‍ നമ്പറിലും താലൂക്ക് ഓഫീസില്‍ 232077എന്ന ടെലിഫോണ്‍നമ്പറിലും ജനങ്ങള്‍ക്ക് ഏതുസമയത്തും ബന്ധപ്പെടാം.
തിങ്കളാഴ്ച മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് 1716ഘനയടി വെള്ളം തുറന്നുവിട്ടു. തമിഴ്‌നാട്ടിലെ ലോവര്‍ക്യാമ്പ് പവര്‍ഹൗസിലെ മൂന്ന് ജനറേറ്ററുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ശക്തമായമഴയില്‍ വൈഗ അണക്കെട്ടും നിറഞ്ഞിരിക്കുകയാണ്.
ബന്ധപ്പെട്ട വാര്‍ത്തകള്‍![]()
![]()












Click it and Unblock the Notifications