കരുണാകരന്റെ മടക്കം ഉടന്‍
തിരുവനന്തപുരം : കോണ്‍ഗ്രസിലേയ്ക്കുളള കരുണാകരന്റെ മടക്കം ഉടന്‍ ഉണ്ടാകുമെന്ന് സൂചന.
ഉപാധികളൊന്നുമില്ലാതെ താന്‍ കോണ്‍ഗ്രസിലേയ്ക്ക് മടങ്ങാന്‍ തയ്യാറാണെന്ന് കരുണാകരന്‍ കോണ്‍ഗ്രസ് ഹൈക്കമാന്റിനെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം ഉടന്‍ ഉണ്ടാകാനാണ് സാധ്യത. കരുണാകരന്റെ കാര്യം ഹൈക്കമാന്റ് ഉടന്‍ തീരുമാനിച്ചേക്കുമെന്ന സൂചന സംസ്ഥാനത്തെത്തിയ എ കെ ആന്റണിയും നല്‍കിയിട്ടുണ്ട്.
ഇക്കഴിഞ്ഞ ദിവസം കോണ്‍ഗ്രസിനുളളിലെ അസംതൃപ്ത വിഭാഗത്തിന്റെ പ്രതിനിധിയായി മുല്ലപ്പളളി രാമചന്ദ്രന്‍ കരുണാകരനെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയിരുന്നു. കരുണാകരന്‍ കോണ്‍ഗ്രസിലുണ്ടായിരുന്ന കാലത്ത് കടുത്ത ഐ ഗ്രൂപ്പുകാരനായിരുന്ന മുല്ലപ്പളളി പിന്നീട് കരുണാകരനുമായി തെറ്റിപ്പിരിയുകയായിരുന്നു.
കോണ്‍ഗ്രസിലെ അംഗീകാരമുളള വ്യക്തിത്വങ്ങളിലൊന്നാണ് മുല്ലപ്പളളി രാമചന്ദ്രന്‍. അദ്ദേഹം കരുണാകരനുമായി നേരിട്ട് ചര്‍ച്ച നടത്തിയതിന് വന്‍രാഷ്ട്രീയ പ്രാധാന്യമാണ് കല്‍പിക്കപ്പെടുന്നത്.
കേരളത്തിന്റെ ചുമതലയുളള എഐസിസി സെക്രട്ടറി മൊഹിസിന കിദ്വായി ശനിയാഴ്ച കേരളത്തിലെത്തുന്നുണ്ട്. അവരുടെ സാന്നിദ്ധ്യത്തില്‍ കരുണാകരന്‍ കോണ്‍ഗ്രസിലേയ്ക്ക് മടങ്ങാനുളള തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. കരുണാകരനുമായുളള ചര്‍ച്ചയുടെ വിശദാംശങ്ങള്‍ മുല്ലപ്പളളി കോണ്‍ഗ്രസ് നേതൃത്വത്തെയും കിദ്വായിയെയും അറിയിച്ചിട്ടുണ്ട്.
എ കെ ആന്റണിയും സംസ്ഥാനത്ത് എത്തിയതിന് രാഷ്ട്രീയപ്രാധാന്യം കല്‍പിക്കപ്പെടുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ പലരും പലപ്പോഴായി കരുണാകരനെക്കണ്ട് ചര്‍ച്ച നടത്തുന്നുണ്ട്. കെപിസിസി ജനറല്‍ സെക്രട്ടറി അജയ് തറയിലും അടുത്തിടെ കരുണാകരനുമായി ചര്‍ച്ച നടത്തിയിരുന്നു.
എന്നാല്‍ കരുണാകരന്‍ തിരിച്ചെത്തുന്നതിനെ ഉമ്മന്‍ചാണ്ടി ഇപ്പോഴും പരസ്യമായി എതിര്‍ക്കുകയാണ്, മുല്ലപ്പളളിയും കരുണാകരനും തമ്മിലുളള ചര്‍ച്ച കെപിസിസിയുടെ അറിവോടെയല്ലെന്ന് രമേശ് ചെന്നിത്തല പ്രസ്താവിച്ചിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയും അത്ര ഇഷ്ടത്തോടെയല്ല മുല്ലപ്പളളിയുടെ ചര്‍ച്ചാ വാര്‍ത്തയോട് പ്രതികരിച്ചത്.
ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും നേതൃത്വത്തില്‍ കേരളത്തിലെ പ്രതിപക്ഷവും കോണ്‍ഗ്രസും നിഷ്ക്രിയമാണെന്ന് ഹൈക്കമാന്റിന് ബോധ്യപ്പെട്ടതിനാല്‍ ഇവരുടെ എതിര്‍പ്പിന് വലിയ വില നല്‍കില്ലെന്നാണ് പാര്‍ട്ടിയ്ക്കുളളില്‍ നിന്നും ലഭിക്കുന്ന സൂചന.
കെ മുരളീധരനോടൊപ്പം കോണ്‍ഗ്രസിലേയ്ക്ക് തിരികെപ്പോകാനായിരുന്നു കരുണാകരന്റെ താല്‍പര്യം. എന്നാല്‍ മുഴുത്ത സ്ഥാനം ലഭിക്കാതെ താന്‍ കോണ്‍ഗ്രസിലേയ്ക്കില്ലെന്ന നിലപാടില്‍ മുരളി ഉറച്ചു നില്‍ക്കുകയാണ്. ഈ സാഹചര്യത്തിലാണ് യാതൊരു ഉപാധിയും ഇല്ലാതെ താന്‍ കോണ്‍ഗ്രസില്‍ മടങ്ങിയെത്താമെന്ന് കരുണാകരന്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചത്.












Click it and Unblock the Notifications