മുരളി പറയുന്നു, കരുണാകരന്‍ പോയേക്കും!
മൂവാറ്റുപുഴ : കെ കരുണാകരന്‍ കോണ്‍ഗ്രസിലേയ്ക്ക് മടങ്ങിയേക്കാമെന്ന് കെ മുരളീധരന്‍ എന്‍സിപി പ്രവര്‍ത്തകര്‍ക്ക് പരോക്ഷ സൂചന നല്‍കി.
എന്‍സിപി എറണാകുളം നേതൃപരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്യവെയാണ് ഏത് സാഹചര്യവും നേരിടാന്‍ പ്രവര്‍ത്തകര്‍ തയ്യാറായിരിക്കണമെന്ന് മുരളി മുന്നറിയിപ്പ് നല്‍കിയത്.
അച്ഛനോടൊപ്പമോ മകനോടൊപ്പമോ എന്ന് ചോദിക്കുന്നവരോട് എന്‍സിപിയിലാണ് എന്ന് മറുപടി പറയാനും മുരളീധരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വൈകാരിക ബന്ധം നോക്കാതെ തീരുമാനമെടുക്കേണ്ടി വന്നേക്കാം. ഏതു പ്രയാസങ്ങളെയും വെല്ലുവിളികളെയും നേരിടാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ തയ്യാറായിരിക്കണമെന്നും മുരളീധരന്‍ പറഞ്ഞു.
രാഷ്ട്രീയത്തില്‍ വട്ടപ്പൂജ്യമാകേണ്ടി വന്നാലും മുന്നോട്ടു വെച്ച കാല്‍ പിന്നോട്ടു വെയ്ക്കില്ലെന്നും മുരളീധരന്‍ പ്രവര്‍ത്തകര്‍ക്ക് ഉറപ്പു നല്‍കി.
കരുണാകരന്റെ സേവനം എന്‍സിപിയ്ക്ക് തുടര്‍ന്നും ലഭിക്കുമെന്നു തന്നെയാണ് താന്‍ പ്രതീക്ഷിക്കുന്നതെന്ന് പിന്നീട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുരളീധരന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. കരുണാകരന്‍ എന്‍സിപി വിട്ടു പോയാലും പാര്‍ട്ടി ഇതേ നിലയില്‍ തന്നെ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications