കേരളത്തിനുള്ളത് പാര്‍ലമെന്‍റില്‍ പറയാമെന്ന് ലാലു പ്രസാദ്
കൊച്ചി: കേരളത്തിന്റെ റെയില്‍ വികസനം സംബന്ധിച്ച് നല്ലൊരു പ്രഖ്യാപനം ഉടനുണ്ടാവുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി ലാലു പ്രസാദ് യാദവ്.
കേരളത്തിന്റെ കാര്യം പാര്‍ലമെന്റില്‍ പറയാമെന്നും, ഇവിടെ വെളിപ്പെടുത്തിയാല്‍ തന്റെ ചെവിക്കുപിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കേരളത്തില്‍ ഭൂമിയില്ലാത്തതാണ് പ്രശ്നം. എങ്കിലും കേരളത്തിന്റെ കാര്യം പ്രത്യേകം പരിഗണിക്കാം. പതിനാലു ലക്ഷത്തോളം ജീവനക്കാരുള്ള ലോകത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ റെയില്‍വെ സ്വകാര്യവത്‌കരിച്ചാലേ ഇനി രക്ഷപ്പെടൂ എന്ന അവസ്ഥയില്‍ നിന്നാണ് ഞങ്ങള്‍ കാര്യങ്ങള്‍ മാറ്റിയെടുത്തത്- ലാലുപ്രസാദ് പറഞ്ഞു.
സാധാരണക്കാരായ ജനങ്ങളെ കേന്ദ്രബിന്ദുവാക്കിയാണ് റെയില്‍വേ ബജറ്റ് അവതരിപ്പിച്ചത്. ഇനിയും അതങ്ങനെതന്നെ തുടരും. വരുമാനം ഉണ്ടാക്കാന്‍ കഴിയുന്ന മറ്റു മാര്‍ഗങ്ങളെല്ലാം പൂര്‍ണമായി ഉപയോഗിച്ചതാണ് എന്റെ മാജിക്ക്. ഇതേ ഉദ്യോഗസ്ഥരേയും ഇതേ റെയില്‍വേ ട്രാക്കും ഇതേ വണ്ടികളും വെച്ച് ഇനിയും മാജിക്കുകള്‍ പ്രതീക്ഷിക്കാം - അദ്ദേഹം പറഞ്ഞു.
ചരക്കുഗതാഗതത്തിലൂടെ കൂടുതല്‍ വരുമാനമുണ്ടാക്കുന്നതിനായി നിര്‍മിക്കുന്ന ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോര്‍ ആദ്യ ഘട്ടം ലുധിയാനയില്‍ നിന്ന് ഹൗറയിലേക്കാണ്. രണ്ടാം ഘട്ടം ദില്ലിയില്‍ നിന്ന് മുംബൈയിലേക്കും. പിന്നാലെ മുംബൈ-ചെന്നൈ, ചെന്നൈ-ദില്ലി കോറിഡോറുകളും പൂര്‍ത്തിയാക്കും.
രാജ്യത്തെ ഏഴായിരത്തോളം റെയില്‍വേ സ്റ്റേഷനുകളില്‍ കര്‍ഷകരുടെ സൗകര്യത്തിനായി വെയര്‍ഹൗസുകള്‍ സ്ഥാപിക്കുന്ന കാര്യവും സജീവ പരിഗണനയിലാണെന്ന് മന്ത്രി അറിയിച്ചു.
കളമശ്ശേരിയിലെ കുസാറ്റ് കാമ്പസില്‍ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിന്റെ നേതൃത്വത്തില്‍ 'എക്സലന്‍സ് ഇന്‍ മാനേജ്‌മെന്റ്' വാര്‍ഷിക പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.












Click it and Unblock the Notifications