പിണറായിയ്ക്കപ്പുറം ആദര്‍ശധീരന്‍ ആര്?
ആലപ്പുഴ : ഈ ചോദ്യം സഹകരണമന്ത്രി ജി സുധാകരന്റേതാണ്. സിപിഎം കണിച്ചുകുളങ്ങര ലോക്കല്‍ സമ്മേളനം ഉദ്ഘാടനം ചെയ്യവെ വരും നാളുകളില്‍ വിവാദമാകാന്‍ പോന്ന ഒട്ടേറെ മൊഴിമുത്തുകള്‍ അദ്ദേഹം സംഭാവന ചെയ്തു.
ശൂന്യാകാശത്ത് കോളെജുണ്ടെങ്കില്‍ സിപിഎം നേതാക്കളുടെ മക്കള്‍ അവിടെയും പോയി പഠിക്കുമെന്ന് എഴുത്തുകാരി സാറാ ജോസഫിനുളള മറുപടിയില്‍ സുധാകരന്‍ വ്യക്തമാക്കി. സാറാ ജോസഫിനെതിരെ അതിരൂക്ഷമായ വിമര്‍ശനമായിരുന്നു അദ്ദേഹം പ്രസംഗത്തിലുടനീളം നടത്തിയത്.
സാറാ ജോസഫ് അമേരിക്കയുടെ ഏജന്റാണ്. അവരെപ്പോലുളള ബുദ്ധിജീവികള്‍ക്ക് ബുദ്ധിയില്ല. ഇത്തരക്കാര്‍ തലതിരിച്ചു പിടിച്ചാണ് പുസ്തകം വായിക്കുന്നത്. അമേരിക്കയ്ക്കു വേണ്ടി വിടുപണി ചെയ്യുകയാണ് സാറാ ജോസഫ് അടക്കമുളളവര്‍, സുധാകരന്‍ ആക്രോശിച്ചു.
ബുദ്ധിയില്ലാത്ത സാറാജോസഫിനെ കമ്മ്യൂണിസം പഠിപ്പിക്കാന്‍ പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറിയെ വേണമെങ്കില്‍ വിട്ടുകൊടുക്കാമെന്നും സുധാകരന്‍ പരിഹസിച്ചു.
പിണറായി വിജയന്റെ മകന്‍ ലണ്ടനില്‍ പഠിക്കുന്നതിനെക്കുറിച്ച് അധിനിവേശ പ്രതിരോധ സമിതിയുടെ യോഗത്തില്‍ പ്രസംഗിക്കവെ സാറാ ജോസഫ് ഒരു പരാമര്‍ശം നടത്തിയിരുന്നു. അതാണ് ജി സുധാകരനെ പ്രകോപിപ്പിച്ചത്. സുധാകരന്റെ പ്രസംഗത്തിലൂടെ പിണറായിയുടെ മകന്റെ വിദേശ പഠനം കുറച്ചു നാള്‍ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കാനാണ് സാധ്യത.
കേരളത്തിലെ ഏറ്റവും ആദര്‍ശശാലിയായ നേതാവ് പിണറായി വിജയനാണെന്നും വേറെയാരെങ്കിലുമുണ്ടെങ്കില്‍ കാണിച്ചു തരാനും സുധാകരന്‍ സാറാ ജോസഫിനെ വെല്ലുവിളിച്ചു.












Click it and Unblock the Notifications