രൂപം മാറാന്‍ ലക്ഷ്മിയ്ക്ക് മാരത്തോണ്‍ ശസ്ത്രക്രിയ
ബാംഗ്ലൂര്‍: നാലുകാലും നാലു കൈയും ഒരു തലയുമായി ഒരു പിഞ്ചു ശരീരം ഇങ്ങനെയാണ് ലക്ഷ്മിയെന്ന രണ്ടുവയസ്സുകാരി പിറന്നത്.
ബിഹാറിലെ പാവപ്പെട്ട കൂലിപ്പണിക്കാരനായ ശംഭുവിന്റെയും പൂനത്തിന്റെയും മകളാണ് ലക്ഷ്മി. ജനിച്ചുവീഴുമ്പോള്‍ തന്നെ അപൂര്‍വ്വ ആകൃതിയായിരുന്നു കുട്ടിക്ക്. ഒരു ഉടലില്‍ നാലു കൈയും, നാല് കാലും അതായിരുന്നു ലക്ഷ്മി.
അവളെ ജീവിതത്തിന്റെ വെളിച്ചത്തിലേക്ക് കൈപിടിച്ച് നടത്താനുള്ള ശ്രമത്തിലാണ് ഒരു കൂട്ടം ഡോക്ടര്‍മാര്‍. ബാംഗ്ലൂരിലെ സ്പര്‍സ് ആസ്പത്രിയില്‍ ഡോ. ശരണ്‍പാട്ടീലിന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ സംഘം ചൊവ്വാഴ്ച രാവിലെ ഏഴുമണിക്ക് ലക്ഷ്മിയെ ഓപ്പറേഷന്‍ തിയേറ്ററിലേയ്ക്ക് കൊണ്ടുപോകും.
കുറഞ്ഞത് 40 മണിക്കൂറെങ്കിലും നീണ്ടുനില്‍ക്കുന്ന മാരത്തോണ്‍ ശസ്ത്രക്രിയ വിജയമായാല്‍ അത് ലോകത്തെ ഏറ്റവും സങ്കീര്‍ണമായതും ദുര്‍ഘടമായതുമായ ശസ്ത്രക്രിയയുടെ വിജയമായിരിക്കും.
മകളുടെ വിചിത്ര രൂപം കണ്ട് മനസ്സുതകര്‍ന്ന ശംഭുവിനെയും പൂനത്തിനെയും കുട്ടിയുടെ രൂപത്തിന്‍റെ പേരില്‍ സമൂഹവും വല്ലാതെ ശിക്ഷിച്ചു. നാട്ടുകാരില്‍ ചിലര്‍ സാക്ഷാല്‍ ലക്ഷ്മിദേവിയുടെ അവതാരമായി കരുതി കുട്ടിയെ പൂജിക്കാനെത്തി. മറ്റ് ചിലര്‍ സര്‍ക്കസ്സില്‍ ചേര്‍ക്കാന്‍ പറഞ്ഞു. നാട്ടില്‍ തങ്ങളുടെ കുട്ടി ഒരു വിചിത്രജീവിയായി മാറിയതോടെ മനം തകര്‍ന്ന ശംഭുവും പൂനവും ലക്ഷ്മിയെ ബന്ധുവീട്ടില്‍ കൊണ്ടുചെന്നാക്കുകയായിരുന്നു.
തുടര്‍ന്നാണ് സ്‌പര്‍ശ് ആസ്പത്രിയിലെ ഡോ. ശരണ്‍പാട്ടീല്‍ കുട്ടിയെ ചികിത്സിക്കാമെനേല്‍ക്കുന്നത്. ഇത്തരത്തിലൊരവസ്ഥ ഭൂമിയില്‍ 50,000ത്തില്‍ ഒരാള്‍ക്ക് മാത്രം വരുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
ഒക്ടോബര്‍ മൂന്നിനാണ് ലക്ഷ്മി സ്‌പര്‍ശ് ആസ്പത്രിയിലെത്തുന്നത്. സാധാരണ ഒരു കുട്ടിക്ക് രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് 12 ശതമാനമുണ്ടാവേണ്ടത് ലക്ഷ്മിയില്‍ വെറും 5.4 ഗ്രാം ശതമാനം മാത്രമായിരുന്നു. അതോടൊപ്പം ആന്തരികാവയവത്തിലുണ്ടായ രോഗാണുബാധയെത്തുടര്‍ന്ന് വിട്ടുമാറാത്ത പനിയും മറ്റ് അസുഖങ്ങളും.
കുട്ടിയുടെ ശാരീരിക സ്ഥിതി മെച്ചപ്പെടുത്തുക എന്ന കഠിനമായ ജോലിയായിരുന്നു പിന്നീട് ഡോക്ടര്‍മാര്‍ക്ക്. തുടര്‍ന്ന് പ്രോട്ടീന്‍ ധാരാളമുള്ള മരുന്നുകളും ഭക്ഷണവും നല്‍കി. ഇതിനിടെ രക്തം, മൂത്രം, ഹോള്‍ ബോഡി എം.ആര്‍.ഐ. സ്കാന്‍, നവീനമായ 64 സ്‌ളൈസ് സി.ടി.സ്‌കാന്‍ എന്നിവയും ചെയ്തു.
തുടര്‍ന്ന് രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് 11 ഗ്രാം ശതമാനമായി ഉയര്‍ന്നതോടെയാണ് കുട്ടിയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കാന്‍ തീരുമാനിച്ചത്. കുറഞ്ഞത് ഒരു രാത്രിയും പകലും തുടര്‍ച്ചയായി ശസ്ത്രക്രിയ വേണ്ടിവരുമെന്നതിനാല്‍ വിദഗ്‌ധ ഡോക്ടര്‍മാരുടെയും അനുബന്ധ വിദഗ്‌ധരുടെയും ഒരു സംഘത്തെ തന്നെ തയ്യാറാക്കിക്കഴിഞ്ഞിട്ടുണ്ട്.
അഞ്ച് മുതിര്‍ന്ന ഡോക്ടര്‍മാര്‍ക്ക് പുറമെ 36 അംഗ പാരാമെഡിക്കല്‍ സംഘവും ശസ്ത്രക്രിയ്ക്കുവേണ്ടി സജ്ജരാണ്.
രണ്ട് ഘട്ടങ്ങളായിട്ടായിരിക്കും ശസ്ത്രക്രിയ നടത്തുകയെന്ന് സംഘത്തിലുള്‍പ്പെട്ട ഡോ. അശോക് രാജ് കൗള്‍ പറഞ്ഞു. ആദ്യഘട്ടത്തില്‍ കുട്ടിയുടെ ആന്തരികാവയവങ്ങള്‍ക്ക് കേടുവരാത്ത വിധത്തില്‍ അവയവങ്ങള്‍ മാറ്റുകയാണ് ചെയ്യുക.
രണ്ടാം ഘട്ടം നാല് ആഴ്ചകള്‍ക്ക് ശേഷമായിരിക്കും നടത്തുക. ആദ്യ ശസ്ത്രക്രിയയുടെ മുറിവുകള്‍ ഉണങ്ങിയതിന് ശേഷമായിരിക്കും ഇത്. ശസ്ത്രക്രിയയ്ക്ക് വേണ്ടി കുറഞ്ഞത് ഒരു ലിറ്റര്‍ രക്തമെങ്കിലും വേണ്ടിവരും. അതിനായി നാലു ലിറ്ററോളം രക്തം കരുതിയിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
ശസ്ത്രക്രിയയ്ക്ക് 25 ലക്ഷത്തോളം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ പാവപ്പെട്ട ശംഭുവിന്റെയും പൂനത്തിന്റെയും അവസ്ഥയെത്തുടര്‍ന്ന് ചെലവ് പൂര്‍ണമായും സ്പര്‍ശ് ഫൗണ്ടേഷന്‍ ആണ് നടത്തുന്നത്.












Click it and Unblock the Notifications