ബ്ലോഗെഴുതി പണം നേടാന്‍ വഴിയെത്തുന്നു
ബ്ലോഗെഴുത്തുകാര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. സാമാന്യം നല്ല വായനക്കാരുണ്ടോ നിങ്ങളുടെ ബ്ലോഗിന്. എങ്കില്‍ മോശമല്ലാത്ത വരുമാനം നേടാനുളള വഴിയൊരുങ്ങുന്നു.
അമേരിക്കയില്‍ ബ്ലോഗെഴുത്തുകാര്‍ക്ക് വരുമാനമുണ്ടാക്കിക്കൊടുത്ത് വന്‍വിജയം നേടിയയ വെബ്ലോ ഡോട്ട് കോം (weblo.com) ഇന്ത്യയിലുമെത്തുന്നു. വിവിധ വിഷയങ്ങളില്‍ ആധികാരികമായ വിവരങ്ങള്‍ തയ്യാറാക്കിയും പണം നേടാനുളള വഴി ഈ വെബ് സൈറ്റ് പറഞ്ഞു തരും.
ഇന്ത്യയിലെ അനുനിമിഷം വര്‍ദ്ധിച്ചു വരുന്ന ഇന്റര്‍നെറ്റ് വിപണിയെ ലക്ഷ്യമിട്ടാണ് വെബ്ലോ ഡോട്ട് കോം ഇന്ത്യയിലെത്തുന്നത്. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗിലും ഇന്റര്‍നെറ്റ് ഉപഭോഗത്തിലും വികസിത രാജ്യങ്ങളെ അമ്പരപ്പിക്കുന്ന വളര്‍ച്ചയാണ് ഇന്ത്യ നേടുന്നത്.
ബ്ലോഗ് വെബ്ലോഗില്‍ രജിസ്റ്റര്‍ ചെയ്യുകയാണ് ആദ്യ വഴി. ഇങ്ങനെ വെബ്ലോഗില്‍ രജിസ്റ്റര്‍ ചെയ്യുന്ന ബ്ലോഗുകള്‍ക്ക് ആദ്യ 10,000 പേജ് വ്യൂ ഉണ്ടെങ്കില്‍ 66 സെന്റ് പ്രതിഫലം ലഭിക്കും. തുടര്‍ന്നുളള ഓരോ 1000 പേജ് വ്യൂവിനും പത്തു ഡോളര്‍ വീതമാണ് പ്രതിഫലം. നന്നായി വായിക്കപ്പെടുന്ന ബ്ലോഗുകള്‍ക്ക് മോശമല്ലാത്ത വരുമാനം ഉണ്ടാക്കാനാകുമെന്നര്‍ത്ഥം.
റോക്കി മിര്‍സ, അനു ഓജ്ല എന്നിവര്‍ ചേര്‍ന്ന് 2006 ഡിസംബറിലാണ് 5.6 മില്യണ്‍ ഡോളര്‍ മുടക്കു മുതലില്‍ വെബ്ലോ ഡോട്ട് കോം എന്ന വെബ് സെറ്റ് തുടങ്ങിയത്. ബ്ലോഗുകള്‍ വഴി ധാരാളം കണ്ടന്റ് ഇന്റര്‍നെറ്റിലേയ്ക്ക് വരുന്നുണ്ട്. വീഡിയോ കണ്ടന്റും ഇപ്പോള്‍ മോശമല്ലാത്ത വിധം അപ് ലോഡ് ചെയ്യപ്പെടുന്നു. എന്നാല്‍ ഇത് ചെയ്യുന്നവര്‍ക്ക് യാതൊരു പ്രതിഫലവും ലഭിക്കുന്നില്ലെന്നാണ് അവസ്ഥ. പരസ്യം ഉപാധിയാക്കി ഈ പ്രശ്നത്തിന് പരിഹാരമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് വെബ്ലോ ഡോട്ട് കോം തുടങ്ങിയത് എന്ന് കമ്പനി സിഇഒ റോക്കി മിര്‍സ പറയുന്നു.












Click it and Unblock the Notifications