ഫാരിസ് അബൂബക്കറിനെതിരെ അന്വേഷണം തുടങ്ങി
കോഴിക്കോട്: വിവാദ വ്യവസായി ഫാരിസ് അബൂബക്കറിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷണം തുടങ്ങി.
ഇതിന്റെ ഭാഗമായി പി.ടി ഉഷയുടെ സ്‌പോര്‍ട്‌സ് സ്‌കൂളായ ഉഷാ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സിന് ഫാരിസ് നല്‍കിയ സംഭാവനത്തുകയെക്കുറിച്ച് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം നടത്തി.
സ്‌കൂളിന്റെ രണ്ടു ഭാരവാഹികളെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്‌തിട്ടുണ്ട്. സ്‌കൂളിന് പണം നല്‍കിയതായി ഫാരിസ് തന്നെയാണ് വെളിപ്പെടുത്തിയത്.
പ്രധാനമായും രണ്ട് ഇടപാടുകളാണ് ഉദ്യോഗസ്ഥര്‍ അന്വേഷിയ്‌ക്കുന്നത്. ഉഷാ സ്‌കൂളിന് നല്‍കിയ സംഭാവനയെക്കൂടാതെ കണ്ണൂരില്‍ നായനാര്‍ സ്‌മാരക ഫുട്‌ബോള്‍ മത്സരത്തിന് 60 ലക്ഷം രൂപ നല്‍കിയതിനെക്കുറിച്ചും അന്വേഷിയ്‌ക്കുന്നുണ്ട്.
ഉഷാസ്‌കൂളിന് ഒരു കോടിരൂപയാണ് ഫാരിസ് വാഗ്‌ദാനം ചെയ്‌തിരുന്നത്. സ്‌പോര്‍ട് മെഡിസിന്‍ സെന്റര്‍ സ്‌ഥാപിയ്‌ക്കാന്‍ വാഗ്‌ദാനം ചെയ്‌ത തുകയില്‍ ആദ്യഘടുവായി പത്തുലക്ഷം രൂപായണ് നല്‍കിയതെന്ന് ഉഷാ സ്‌കൂളിന്റെ ട്രഷററും ഉഷയുടെ ഭര്‍ത്താവുമായ ശ്രീനിവാസന്‍ അറിയിച്ചു. ഇ-ട്രാന്‍സ്‌ഫറായാണത്രേ പണം കൈമാറിയത്.
പണം മുഴുവന്‍ നല്‍കിയെന്നാണ് ഫാരിസ് പറഞ്ഞിരുന്നത്. എന്നാല്‍ പണം മുഴുവന്‍ കിട്ടിയില്ലെന്നാണ് സ്‌കൂള്‍ അധികൃതര്‍ വെളിപ്പെടുത്തിയിരുന്നത്. ഈ രണ്ടു വെളിപ്പെടുത്തലുകലും തമ്മിലുള്ള വൈരുദ്ധ്യവും അന്വേഷിയ്‌ക്കുന്നുണ്ട്. കാര്യങ്ങളുടെ യഥാര്‍ത്ഥ അവസ്ഥ അറിയാനായി സ്‌കൂളിന്റെ ബാങ്ക് അക്കൗണ്ട് രേഖകള്‍ പരിശോധിച്ചിട്ടുണ്ട്.
നായനാര്‍ സ്‌മാരക ഫുട്‌ബോളിന് ഇരുപത് ലക്ഷം വീതമുള്ള മൂന്നു ഡ്രാഫ്‌റ്റുകളാണ് ഫാരിസില്‍ നിന്നും ലഭിച്ചതെന്ന് സംഘാടക സമിതി നേരത്തേ സമ്മതിച്ചിരുന്നു.
കൊച്ചിയിലും ചെന്നൈയിലുമായുള്ള ഫാരിസ് അബൂബക്കറിന്റെ ബിസിനസുകളെപ്പറ്റിയും ഇടപാടികള്‍ക്ക് പിന്നില്‍ പണം വെളുപ്പിക്കാനുള്ള തന്ത്രമാണോ ഉള്ളത് എന്നതിനെപ്പറ്റിയും വിശദമായ അന്വേഷണമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തുന്നത്.












Click it and Unblock the Notifications