ആ പാക്കേജ് ഏതെന്ന് പവാറിനുമറിയില്ല!
ദില്ലി : കേന്ദ്ര പ്രതിരോധ മന്ത്രി കോഴിക്കോട് പ്രസ് ക്ലബില്‍ സൂചിപ്പിച്ച 17,000 കോടിയുടെ കാര്‍ഷിക പാക്കേജിനെക്കുറിച്ച് തനിക്കൊന്നുമറിയില്ലെന്ന് കേന്ദ്ര കൃഷി മന്ത്രി ശരദ് പവാര്‍.
ആന്റണിയുടെ പ്രസ്താവന തന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും പവാര്‍ വ്യക്തമാക്കി. എന്തടിസ്ഥാനത്തിലാണ് ഇത്തരമൊരു പ്രസ്താവനയെന്ന കാര്യവും തനിക്കറിയില്ല.
കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുന്നതിന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച 17,000 കോടി രൂപയുടെ പാക്കേജിന്റെ ആദ്യ ഗഡു സംസ്ഥാനം കൈപ്പറ്റിയില്ലെന്നാണ് കഴിഞ്ഞ ദിവസം ആന്റണി വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചത്. ബംഗാള്‍ അടക്കമുളള സംസ്ഥാനങ്ങള്‍ ഈ സഹായത്തിന്റെ ആദ്യഗഡു കൈപ്പറ്റിയെന്നും ആന്റണി വ്യക്തമാക്കിയിരുന്നു.
പവാറിന്റെ നിഷേധത്തെ തുടര്‍ന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും ആന്റണിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. ആന്റണിയുടെ പ്രസ്താവന അവാസ്തവമാണെന്ന് വി എസ് പ്രസ്താവിച്ചു.
ഈ പാക്കേജിനെക്കുറിച്ച് സംസ്ഥാന സര്‍ക്കാരിന് വിവരമൊന്നുമില്ലെന്ന് മന്ത്രിമാര്‍ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്ന് ആന്റണി മലക്കം മറിഞ്ഞിരുന്നു. ഇനി ഇക്കാര്യത്തില്‍ വിവാദം വേണ്ടെന്ന് പറഞ്ഞാണ് അദ്ദേഹം കൈകഴുകിയത്.