Get Updates
Get notified of breaking news, exclusive insights, and must-see stories!

വൈകിയാലും ലീഡര്‍ തിരികെയെത്തും

തിരുവനന്തപുരം : ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും എതിര്‍പ്പിനെ അവഗണിച്ച് കരുണാകരനെ കോണ്‍ഗ്രസില്‍ തിരികെ എത്തിക്കാനുളള പാര്‍ട്ടി നേതൃത്വത്തിന്റെ ശ്രമം അവസാന ഘട്ടത്തിലേയ്ക്ക് അടുക്കുന്നു.

കരുണാകരന്‍ തിരികെ എത്തുന്നത് തടയാന്‍ തങ്ങള്‍ക്ക് കഴിയില്ലെന്ന് ഉറപ്പാക്കിയ ഉമ്മന്‍ചാണ്ടി - രമേശ് സഖ്യം അദ്ദേഹം പാര്‍ട്ടിയിലെത്തുന്നതിനു വേണ്ട നിബന്ധനകള്‍ തയ്യാറാക്കുന്നതിലാണ് ഇപ്പോള്‍ ശ്രദ്ധിക്കുന്നത്. സംസ്ഥാന കോണ്‍ഗ്രസിലെ ഇപ്പോഴത്തെ നേതൃത്വത്തിനെതിരെ പാര്‍ട്ടിയില്‍ ഉരുണ്ടു കൂടിയ അസംതൃപ്തി ലീഡറുടെ വരവോടെ ആളിക്കത്തുമെന്നാണ് നിരീക്ഷകര്‍ കരുതുന്നത്.

കോണ്‍ഗ്രസിലേയ്ക്ക് താന്‍ തിരികെ വരുന്നത് സംസ്ഥാന നേതൃത്വം എതിര്‍ക്കുമെന്ന് ഏറ്റവും നന്നായി അറിയാമായിരുന്നത് കരുണാകരന് തന്നെയായിരുന്നു. അതിനാല്‍ അദ്ദേഹത്തിന്റെ നീക്കങ്ങളെല്ലാം തുടങ്ങിയത് ദില്ലിയില്‍ നിന്നു തന്നെയാണ്.

കോണ്‍ഗ്രസിലേയ്ക്ക് തിരികെ പോകാന്‍ തനിക്ക് ആഗ്രഹമുണ്ടെന്ന് കരുണാകരന്‍ തുറന്നു പറഞ്ഞത് സോണിയാ ഗാന്ധിയില്‍ നിന്നും വ്യക്തമായ ഉറപ്പ് കിട്ടിയ ശേഷമായിരുന്നു. പ്രണബ് മുഖര്‍ജി, അര്‍ജുന്‍ സിംഗ്, മോത്തിലാല്‍ വോറ, എ കെ ആന്റണി, വീരപ്പ മൊയിലി എന്നിവരൊക്കെ കരുണാകരന്റെ മടങ്ങി വരവിനെ അനുകൂലിക്കുന്നു. കരുണാകരന്‍ കോണ്‍ഗ്രസ് വിടുന്നതിന് കളമൊരുക്കിയ അഹമ്മദ് പട്ടേല്‍, അംബികാ സോണി എന്നിവര്‍ ഇപ്പോള്‍ നമ്പര്‍ ടെന്‍ ജന്‍പഥിന് വെളിയിലാണ്. ഇതും കരുണാകരന് അനുകൂലമായ സാഹചര്യമായി മാറി.

കരുണാകരനെ തിരികെ പ്രവേശിപ്പിക്കുന്നതിനെക്കുറിച്ച് കേരളത്തിലെത്തി ചര്‍ച്ച നടത്തിയ മൊഹ്സിന കിദ്വായി അദ്ദേഹത്തിന് അനുകൂലമായ റിപ്പോര്‍ട്ടാണ് സോണിയയ്ക്ക് നല്‍കിയതെന്നറിയുന്നു.

കരുണാകരന്‍ കോണ്‍ഗ്രസിന് ബാധ്യതയാണെന്നും അദ്ദേഹം തിരികെയെത്തിയാല്‍ സംസ്ഥാന കോണ്‍ഗ്രസില്‍ ഇപ്പോഴുളള അച്ചടക്കം തകരുമെന്നുമാണ് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും കോണ്‍ഗ്രസ് നേതൃത്വത്തെ ധരിപ്പിച്ചിരുന്നത്. എന്നാല്‍ പ്രതിപക്ഷവും കോണ്‍ഗ്രസും നിര്‍ജീവമാണെന്നും താറുമാറായ സംസ്ഥാന ഭരണത്തിനെതിരെ ചെറുവിരല്‍ പോലുമനക്കാന്‍ കേരളത്തിലെ നേതൃത്വത്തിന് കഴിയുന്നില്ലെന്നുമുളള വിമതരുടെ വിലയിരുത്തലിനെയാണ് കോണ്‍ഗ്രസ് കേന്ദ്രനേതൃത്വം മുഖവിലയ്ക്കെടുത്തത്. സിപിഎമ്മിനോട് നേര്‍‍ക്കുനേര്‍ പൊരുതാന്‍ കരുണാകരനുളള ചാതുര്യം മറ്റാര്‍ക്കുമില്ലെന്നും ഇവര്‍ വാദിക്കുന്നു.

കരുണാകരന്‍ തിരികെ എത്തിയാല്‍ അദ്ദേഹം പാര്‍ട്ടിയുടെ നിയന്ത്രണത്തില്‍ നിന്ന് പ്രവര്‍ത്തിക്കണം എന്ന ഉറപ്പ് ലഭിക്കണമെന്നാണ് അദ്ദേഹത്തെ എതിര്‍ക്കുന്നവര്‍ കേന്ദ്ര നേതൃത്വത്തിന് മുമ്പാകെ വച്ചിരിക്കുന്ന ആവശ്യം. അദ്ദേഹം പതിവായി പത്രക്കാരെ കാണരുതെന്നും സംസ്ഥാന നേതൃത്വത്തിനെതിരെ പരസ്യവിമര്‍ശനം നടത്തരുതെന്നുമാണ് ഇവര്‍ ആവശ്യപ്പെടുന്നത്.

പഴയ ഐ ഗ്രൂപ്പും ആന്റണി ഗ്രൂപ്പിലെ അസംതൃപ്തരുമാണ് കരുണാകരന്റെ വരവിന് ചരടു വലിക്കുന്നത്. മാന്യമായ സ്ഥാനം മുരളീധരന് നല്‍കുന്നതിനു പോലും ഇവര്‍ക്ക് എതിര്‍പ്പില്ല. എന്നാല്‍‍ എല്ലാം മകനുവേണ്ടി എന്ന കരുണാകരന്റെ താല്‍പര്യത്തെ ഇവര്‍ എതിര്‍ക്കുകയും ചെയ്യുന്നു.

ഏതായാലും കേന്ദ്ര നേതൃത്വത്തിന്റെ ഒത്താശയോടെ കോണ്‍ഗ്രസില്‍ മടങ്ങിയെത്തുന്ന കരുണാകരന്‍ പഴയതിലും ശക്തനായിരിക്കുമെന്ന കാര്യം ഉറപ്പാണ്. പുതിയ നേതൃത്വത്തിന്റെ കീഴില്‍ അവഗണിക്കപ്പെട്ടു കിടക്കുന്നവരുടെ ശബ്ദമാകാനാണ് കരുണാകരനെ അവര്‍ ക്ഷണിക്കുന്നത്. അധികാരം കയ്യിലുളളവര്‍ക്ക് ഇതൊരിക്കലും രസിക്കില്ലെന്ന കാര്യം ഉറപ്പുമാണ്.












Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+