കാര്‍ഷിക പാക്കേജ്, ആന്റണി വെട്ടില്‍!
തിരുവനന്തപുരം : കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച കാര്‍ഷിക പാക്കേജിന്റെ ആദ്യഗഡു കേരളം കൈപ്പറ്റിയില്ലെന്ന പരസ്യ വിമര്‍ശനം കേന്ദ്ര മന്ത്രി എ കെ ആന്റണിയെ വെട്ടിലാക്കി.
ഏത് പാക്കേജിനെക്കുറിച്ചാണ് ആന്റണി പറയുന്നതെന്ന് തങ്ങള്‍ക്കറിയില്ലെന്ന് സംസ്ഥാന മന്ത്രിമാര്‍ പ്രതികരിച്ചതോടെയാണ് കേന്ദ്ര പ്രതിരോധ മന്ത്രി പ്രതിരോധത്തിലായത്. ഇല്ലാത്ത പാക്കേജിന്റെ പേരില്‍ സംസ്ഥാന മന്ത്രിസഭയെ വിമര്‍ശിക്കാനാണ് കേന്ദ്രമന്ത്രി ശ്രമിച്ചതെന്ന ആരോപണം ഉയര്‍ന്നതോടെ ഇക്കാര്യത്തില്‍ ഇനി വിവാദം വേണ്ടെന്ന നിലപാടിലാണ് ആന്റണി.
കര്‍ഷകര്‍ക്കായി കേന്ദ്രം 17,000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചുവെന്നും ഇതിന്റെ ആദ്യഗഡു ബംഗാള്‍ അടക്കമുളള സംസ്ഥാനങ്ങള്‍ വാങ്ങിയിട്ടും കേരളം ഇതുവരെ പണം വാങ്ങിയില്ലെന്നുമാണ് ആന്റണി പ്രസ്താവിച്ചത്. കോഴിക്കോട് പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെയാണ് കേന്ദ്രമന്ത്രി ഇക്കാര്യം പ്രസ്താവിച്ചത്. ഈ തുക ഉടന്‍ വാങ്ങണമെന്ന ഉപദേശവും ആന്റണി നല്‍കി.
എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഈ പാക്കേജിനെക്കുറിച്ച് തങ്ങള്‍ക്കൊന്നുമറിയില്ലെന്ന് കൃഷി മന്ത്രി മുല്ലക്കര രത്നാകരന്‍, ജലസേചന മന്ത്രി എന്‍ കെ പ്രേമചന്ദ്രന്‍, ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി സി ദിവാകരന്‍ എന്നിവര്‍ വ്യക്തമാക്കി.
വിദര്‍ഭ പാക്കേജ് മാതൃകയില്‍ പ്രഖ്യാപിച്ച കര്‍ഷാകാശ്വാസ പദ്ധതി കേരളത്തിലെ മൂന്നു ജില്ലകളില്‍ നടപ്പാക്കി വരികയാണെന്ന് മുല്ലക്കര രത്നാകരന്‍ വ്യക്തമാക്കി. 118 കോടി രൂപ കേരളം മുടക്കിയ പദ്ധതിയില്‍ ആകെ ചെലവ് 236 കോടി രൂപയാണെന്നും ബാക്കി കേന്ദ്ര സഹായമാണെന്നും മുല്ലക്കര പറയുന്നു.
1840 കോടിയുടെ മറ്റൊരു പദ്ധതി ആലപ്പുഴ പാക്കേജാണ്. ഈ പദ്ധതിയുടെ ആദ്യഗഡു കിട്ടിയിട്ടില്ല. എന്നാല്‍ ആന്റണി പറയുന്ന 17,000 കോടിയുടെ പാക്കേജിനെക്കുറിച്ച് സംസ്ഥാന സര്‍ക്കാരിന് വിവരമൊന്നും കിട്ടിയിട്ടില്ല.
കേരളത്തിലെ മന്ത്രിമാര്‍ മറുവാദവുമായി രംഗത്തെത്തിയതോടെയാണ് ആന്റണി മലക്കം മറിഞ്ഞത്. കേന്ദ്രസര്‍ക്കാരില്‍ നിന്നും സഹായം സ്വീകരിച്ച് കര്‍ഷകര്‍ക്ക് ആശ്വാസം എത്തിക്കണമെന്നാണ് താന്‍ അര്‍ത്ഥമാക്കിയതെന്നും ഇതിന്മേല്‍ ഇനി വിവാദം വേണ്ടെന്നും ആന്റണി പറയുന്നു.
അപ്പോഴും ഒരു ചോദ്യം ബാക്കിയാകുന്നു. കോഴിക്കോട് പ്രസ് ക്ലബില്‍ വച്ച് ആന്റണി സൂചിപ്പിച്ച ആ 17,000 കോടിയുടെ പാക്കേജ് ഏതാണ്?












Click it and Unblock the Notifications