സ്‌ത്രീധനപീഡനം: യുവതിയെ ആസിഡ് കുടിപ്പിച്ചു
ദില്ലി: സ്‌ത്രീധനം ആവശ്യപ്പെട്ട് യുവതിയെ ഭര്‍തൃവീട്ടുകാര്‍ ആസിഡ് കുടിപ്പിച്ചു. ദില്ലി സ്വദേശിയായ ഇരുപത്തിയെട്ടുകാരി രാധികയ്‌ക്കാണ് സ്‌ത്രീധനത്തിന്റെ പേരില്‍ ക്രൂരപീഡനം ഏല്‍ക്കേണ്ടിവന്നത്.
ആസിഡ് കുടിച്ച് ഗുരുതരനിലയിലായ രാധികയെ ചൊവ്വാഴ്‌ച വൈകീട്ടാണ് ദില്ലി അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാധികയുടെ മാതാപിതാക്കളാണ് മകളെ ഭര്‍തൃവീട്ടുകാര്‍ ആസിഡ് കുടിപ്പിച്ചതാണെന്ന് ആരോപിയ്‌ക്കുന്നത്.
ഇതേസമയം രാധിക മാതാപിതാക്കളുടെ ആരോപണം നിഷേധിച്ചിയ്‌ക്കുകയും താന്‍ അറിയാതെ ആസിഡ് കുടിച്ചുപോവുകയായിരുന്നുവെന്ന് പൊലീസിന് മൊഴി നല്‍കുകയും ചെയ്‌തിട്ടുണ്ട്.
ഏഴുവര്‍ഷം മുമ്പ് വിവാഹം കഴിഞ്ഞ കാലം മുതല്‍തന്നെ ഭര്‍തൃവീട്ടുകാര്‍ രാധികയെ സ്‌ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിക്കുകയായിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച മകളെ കാണാന്‍ തങ്ങളെ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ലെന്നും മാതാപിതാക്കള്‍ പരാതിപ്പെട്ടിട്ടുണ്ട്.
രാധിക ഒരു ദിവസം മുമ്പ് തന്നെ ഫോണ്‍ ചെയ്‌തിരുന്നുവെന്നും അവളെ ഭര്‍തൃവീട്ടുകാര്‍ പീഡിപ്പിക്കുകയായിരുന്നും തങ്ങള്‍ അവള്‍ക്ക് ഒരു സാന്‍ട്രോ കാറാണ് സ്‌ത്രീധനമായി നല്‍കിയിരുന്നതെന്നുമാണ് സഹോദരന്‍ ദീപക് മേത്തയും പറയുന്നത്.
രാധിക അബദ്ധത്തില്‍ ആസിഡ് കുടിച്ചുപോയതാണെന്ന് മൊഴി നല്‍കിയതിനാല്‍ സംഭവവുമായി ബന്ധപ്പെട്ട് ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.












Click it and Unblock the Notifications