ഭൂമിയിടപാട്: റാണി മുഖര്‍ജിയ്‌ക്ക് കളക്ടറുടെ നോട്ടീസ്
പൂനെ: തീര്‍ത്ഥാടന നഗരമായ ഷിര്‍ദ്ദിയില്‍ കൃഷിഭൂമിവാങ്ങിയതുമായി ബന്ധപ്പെട്ട് ബോളിവുഡ് താരം റാണിമുഖര്‍ജിയ്‌ക്ക് അഹമദ്‌നഗര്‍ കളക്ടര്‍ ഉമാകാന്ത് ദന്‍ഗദ് നോട്ടീസയച്ചു.
റാണിയ്‌ക്കു പുറമേ മറ്റു പതിനേഴ്‌പേര്‍ക്കും ഭൂമിവില്‍പ്പനയുമായി ബന്ധപ്പെട്ട് നോട്ടീസ് അയച്ചിട്ടുണ്ട്. റാണി സ്ഥലം വാങ്ങിയതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ബുധനാഴ്‌ച കളക്ടര്‍ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് വ്യാഴാഴ്‌ച നോട്ടീസ് അയച്ചിരിക്കുന്നത്.
2005 ഡിസംബറിലാണ് റാണി സംപത് മോര്‍ എന്നയാളില്‍ നിന്നും 33 ലക്ഷം രൂപനല്‍കി 1,100 സ്‌ക്വയര്‍ മീറ്റര്‍ സ്ഥലം വാങ്ങിയത്. മുംബൈയില്‍ നിന്നും 271 കിലോമീറ്റര്‍ അകലെ ഷിര്‍ദിയില്‍ നിംഗാവ് കോര്‍ഹാഡേ എന്ന പ്രദേശത്താണ് ഈ സ്ഥലം.
മൂന്നുദിവസം മുമ്പ് റാണിയുടെ പിതാവ് റാം മുഖര്‍ജി സ്ഥലത്തിന്റെ ഉടമസ്ഥാവകാശം ഉന്നയിച്ച് അധികൃതരെ സമീപിച്ചപ്പോഴാണ് സ്ഥലം സ്‌റ്റേറ്റ് ഫാമിംഗ് കോര്‍പ്പറേഷന്റേതാണെന്ന് അറിയുന്നത്. 1977ല്‍ വ്യവസ്ഥകളോടെ രാമന്‍ ഹിര്‍സാഗര്‍ എന്നയാള്‍ക്ക് സര്‍ക്കാര്‍ കൃഷിചെയ്യാന്‍ നല്‍കിയ സ്ഥലമാണത്രേ ഇത്.
ഈ സ്ഥലമാണ് അനധികൃതമായി വില്‍പ്പന നടത്തിയിരിക്കുന്നത്. കൃഷിയ്‌ക്കല്ലാതെ മറ്റൊരാവശ്യത്തിനും സ്ഥലം ഉപയോഗിക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്യരുതെന്നാണ് വ്യവസ്ഥ. എന്നാല്‍ രാമന്‍ ഈ ഭൂമി വിഭജിച്ച് 17 പേര്‍ക്കായി വിറ്റു കാശാക്കി. ഈ പതിനേഴുപേരില്‍ ഒരാളാണ് റാണിയ്‌ക്ക് ഭൂമി നല്‍കിയ സമ്പത്ത് മോര്‍.
റാണിയുടെ പിതാവ് ഭൂമിയില്‍ ഉടമസ്ഥാവകാശത്തിനായി അപേക്ഷ നല്‍കിയപ്പോഴാണ് അനധികൃത വില്‍പ്പന പുറത്തായത്. തുടര്‍ന്നാണ് കളക്ടര്‍ 17 പേര്‍ക്കും നോട്ടീസ് അയച്ചിരിക്കുന്നത്. സര്‍ക്കാര്‍ ഭൂമി വാങ്ങാനിടയായ സാഹചര്യം വ്യക്തമാക്കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്.












Click it and Unblock the Notifications