വടക്കന്‍ ചിലിയില്‍ ഭൂചലനം: 2 മരണം
സാന്റിയാഗോ: വടക്കന്‍ ചിലിയിലെ സാന്റിയാഗോ, അന്റോഫഗാസ്റ്റ്, ടോകോപില്ല എന്നിവിടങ്ങളിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ 2 പേര്‍ മരിയ്‌ക്കുകയും നൂറോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്‌തു.
മരണസംഖ്യ കൂടാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിയ്‌ക്കുകയാണ്. തുടര്‍ച്ചയായി രണ്ടുചലനങ്ങളാണ് അനുഭവപ്പെട്ടത്. ആദ്യ ചലനം റിച്ചര്‍ സ്‌കെയിലില്‍ 7.7 രേഖപ്പെടുത്തി. രണ്ടാം ചലനത്തിന്റെ ശക്തി 5.7 ആണ്.
ബുധനാഴ്ച അര്‍ദ്ധരാത്രി 12.43നാണ് ചലനങ്ങള്‍ അനുഭവപ്പെട്ടത്. അമ്പത് സെക്കന്റോളം നീണ്ടുനിന്ന ചലനത്തില്‍ വീടുകളും കെട്ടിടങ്ങളും തകര്‍ന്നിട്ടുണ്ട്. കാലമ പട്ടണത്തിന് നൂറു കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായി കില്ലുഹുവ ഗ്രാമത്തിലാണ് ചലനത്തിന്റെ പ്രഭവകേന്ദ്രം.
ടോകോപില്ല പ്രദേശത്താണ് ചലനം കൂടുതല്‍ രൂക്ഷമായി ബാധിച്ചത്. ഇവിടെ 1200 വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്. മരിയ എലീനയില്‍ റോഡിലെ തുരങ്കം തകര്‍ന്ന് ആളുകള്‍ അകപ്പെട്ടതായി സംശയിക്കുന്നുണ്ട്.
സൈന്യം രക്ഷാപ്രവര്‍ത്തനത്തിനായി തിരിച്ചിട്ടുണ്ട്. ജനങ്ങളെ സുരക്ഷാ ക്യാമ്പുകളിലേയ്‌ക്ക് മാറ്റിപ്പാര്‍പ്പിച്ചു.












Click it and Unblock the Notifications