രാഹുല്‍ ഗാന്ധിയെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം പരാജയപ്പെടുത്തി
ലഖ്‌നൊ: എഐസിസി ജനറല്‍ സെക്രട്ടറിയും എംപിയുമായ രാഹുല്‍ ഗാന്ധിയെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം ലഖ്‌നൊ പൊലീസ് പരാജയപ്പെടുത്തി.
തട്ടിക്കൊണ്ടുപോകലിന് പദ്ധതിയിട്ട മൂന്നുപേരെ ലഖ്‌നൊ പൊലീസ് അറസ്റ്റുചെയ്‌തു. തീവ്രവാദ സംഘടനയായ ജെയ്‌ഷെ മുഹമ്മദിലെ അംഗങ്ങളാണെന്ന് കരുതുന്ന മുഹമ്മദ് ആബിദ്, യൂസുഫ് സ മിര്‍സ റഷീദ് ബെയ്‌ഗ് എന്നിവരാണ് പൊലീസ് പിടിയിലായത്. ഇവര്‍ക്ക് പാക്കിസ്ഥാനില്‍വെച്ചാണ് പരിശീലനം ലഭിച്ചിരിക്കുന്നതെന്ന് കരുതുന്നതായി ഉത്തര്‍പ്രദേശ് ഡിജിപി വിക്രം സിംഗ് പറഞ്ഞു.
ഇന്ത്യയിലെ വിവിധ ജയിലുകളിലായി തടവില്‍ക്കഴിയുന്ന ഭീകരപ്രവര്‍ത്തകരെ വിട്ടുകിട്ടുന്നതിനായി രാഹുല്‍ ഗാന്ധിയെ തട്ടിക്കൊണ്ടുപോകാനായിരുന്നു ഇവരുടെ പദ്ധതിയെന്ന് പൊലീസ് പറഞ്ഞു.
രണ്ട് എകെ 47 തോക്കുകളും രണ്ടും പിസ്റ്റളും അഞ്ചു കിലോഗ്രാം ആര്‍ഡിഎക്‌സും ഗ്രനേഡുകളും, 120 വെടിയുണ്ടകളും ഇവരുടെ പക്കല്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. നേരത്തേ രാഹുലിന്റെ സഹോദരി പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയെ കാനഡയില്‍ നിന്നും തട്ടിക്കൊണ്ടുപോകാന്‍ ഖാലിസ്ഥാന്‍ തീവ്രവാദികള്‍ പദ്ധതിയിട്ടതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
ഇന്റലിജന്‍സ് വിഭാഗത്തിന്റെ രഹസ്യവിവരത്തെത്തുടര്‍ന്ന് പൊലീസ് ഇവരെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഇന്ത്യയിലെ ഏതെങ്കിലും ഒരു പ്രമുഖ രാഷ്ട്രീയ നേതാവിനെ തട്ടിക്കൊണ്ടുപോകാനായി ഇവര്‍ക്ക് ബഹവല്‍പൂരില്‍ ആറുമാസത്തെ പരിശീലനമാണ് ലഭിച്ചിരിക്കുന്നതെന്ന് പ്രാഥമിക ചോദ്യം ചെയ്യലില്‍ വ്യക്തമായിട്ടുണ്ട്.
ഇന്ത്യയിലെ പലപ്രമുഖരുടെയും പൊതുസമ്മേളനങ്ങളുടെയും മറ്റും വീഡിയോ ചിത്രങ്ങള്‍ ഇവരുടെ ലാപ്‌ടോപ്പില്‍ സൂക്ഷിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ സ്വതന്ത്രരാക്കാന്‍ ഉദ്ദേശിച്ച 42 തീവ്രവാദികളുടെ പട്ടിക പൊലീസ് പുറത്തുവിട്ടു.


Click it and Unblock the Notifications