സ്‌മര്‍ട് സിറ്റി: പാട്ടക്കരാര്‍ ഒപ്പുവെച്ചു, ശിലാസ്ഥാപനം ഉച്ചതിരിഞ്ഞ്
കൊച്ചി: വിവരസാങ്കേതികവിദ്യാ ഭൂപടത്തില്‍ കേരളത്തിന് സ്ഥാനമുറപ്പിക്കുന്ന കൊച്ചിയിലെ സ്‌മാര്‍ട്‌സിറ്റി പദ്ധതിയുടെ ശിലാസ്ഥാപനം വെള്ളിയാഴ്‌ച ഉച്ചയ്‌ക്കു രണ്ടുമണിയ്‌ക്കു നടക്കും.
മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനും ടീകോം എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ അബമ്മദ് ബന്‍ ബിയാത്തും ചേര്‍ന്നാണ് ശിലാസ്ഥാപനം നടത്തുക. 99 വര്‍ഷത്തെ പാട്ടത്തിന് 234.5 ഏക്കര്‍ ഭൂമി കൈമാറിക്കൊണ്ടുള്ള പാട്ടക്കരാറില്‍ സംസ്ഥാന സര്‍ക്കാറും ടീകോം കമ്പനിയും വ്യാഴാഴ്‌ച ഒപ്പുവെച്ചു.
ഇന്‍ഫോപാര്‍ക്കിലെ തപസ്യയില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന സര്‍ക്കാറിനുവേണ്ടി ഐടി സെക്രട്ടറി ഡോക്ടര്‍ അജജയകുമാറും ടീകോമിനുവേണ്ടി കമ്പനി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫരീദ് അബ്ദുറഹിമാനുമാണ് കരാറില്‍ ഒപ്പുവെച്ചത്.
ശിലാസ്ഥാപന പരിപാടിയ്‌ക്കായി ഇന്‍ഫോപാര്‍ക്കിനോട് ചേര്‍ന്ന് എടച്ചിറയില്‍ ഒരുക്കിയിട്ടുള്ള പ്രത്യേക പന്തലില്‍ പ്രമുഖവ്യക്തികള്‍ക്കും ക്ഷണിക്കപ്പെട്ടവര്‍ക്കുമായി 1500 സീറ്റുകളാണ് ഒരുക്കിയിട്ടുള്ളത്. പൊതുജനങ്ങള്‍ക്ക് ചടങ്ങ് കാണുന്നതിനായി പ്രധാനവേദിയോട് ചേര്‍ന്നും ഇന്‍ഫോപാര്‍ക്കിനോട് ചേര്‍ന്നും പ്രത്യേക പന്തല്‍ ഒരുക്കിയിട്ടുണ്ട്.
ദുബയിലെ ഡ്രീം ഹൊറൈസണ്‍ ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പാണ് ചടങ്ങുകള്‍ ആസൂത്രണം ചെയ്‌തിരിക്കുന്നത്. ഇതോടനുബന്ധിച്ച് നടക്കുന്ന ശാസ്‌ത്ര സാങ്കേതിക പ്രദര്‍ശനത്തിന്റെ വിശദാംശങ്ങള്‍ ടീകോ കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
വെള്ളിയാഴ്‌ച കാലത്ത് 11 മണിയ്‌ക്ക് ചടങ്ങ് നടത്താനായിരുന്നു നേരത്തേയുള്ള തീരുമാനം. എന്നാല്‍ മുഹമ്മദ് ബിന്‍ ബിയാത്ത് ഉള്‍പ്പെടെയുള്ള ടീകോം പ്രതിനിധികള്‍ നെടുമ്പാശേരിയില്‍ എത്തുന്ന വിമാനസമയത്തില്‍ മാറ്റം വന്നതിനെത്തുടര്‍ന്ന് ചടങ്ങ് ഉച്ചയ്‌ക്ക് രണ്ടുമണിയിലേയ്‌ക്ക് മാറ്റുകയായിരുന്നുവെന്ന് ജില്ലാ കളക്‌്‌ടര്‍ മുഹമ്മദ് ഹനീഷ് അറിയിച്ചു.
രാജ്യാന്തര സ്‌മര്‍ട്‌സിറ്റി ശൃംഗലയില്‍ ഇന്ത്യയിലെ ആദ്യ കണ്ണിയായിരിക്കും കൊച്ചിയിലെ പദ്ധതി. അടുത്ത പത്തുവര്‍ഷം കൊണ്ട് 90,000 തൊഴിലവസരങ്ങള്‍ ഉറപ്പാക്കണമെന്നും സ്‌മാര്‍ട് സിറ്റിയില്‍ നിര്‍മ്മിയ്‌ക്കുന്ന കെട്ടിടങ്ങളുടെ 70 ശതമാനവും ഐടി ആവശ്യങ്ങള്‍ക്ക് മാത്രമേ ഉപയോഗിക്കാവൂ എന്നും കരാറിലുണ്ട്.












Click it and Unblock the Notifications