കൂടുതല്‍ ഡോക്ടര്‍മാര്‍ രാജിക്ക്
തിരുവനന്തപുരം: സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഡോക്ടര്‍മാര്‍ കൂട്ടത്തോടെ രാജിക്കൊരുങ്ങുന്നു. കൂടുതല്‍ ഡോക്ടര്‍മാര്‍ രാജിക്കൊരുങ്ങി മുന്നോട്ടുവരികയാണെന്ന് സമരത്തിനു നേതൃത്വംനല്‍കുന്ന കെജിഎംഒഎ അറിയിച്ചു.
നവംബര്‍ മൂന്നിനു തലസ്ഥാനത്തു നടന്ന ഡോക്ടര്‍മാരുടെ സെക്രട്ടേറിയറ്റ് ധര്‍ണയില്‍ ഒട്ടേറെ രാജിക്കത്തുകളും സ്വമേധയാ പിരിഞ്ഞുപോകുന്നതിനുള്ള അപേക്ഷകളും കെജിഎംഒഎയ്ക്കു ലഭിച്ചിരുന്നു. സിവില്‍ സര്‍ജന്‍മാരുടെ 77 രാജിക്കത്തുകളും അസി. സര്‍ജന്‍മാരുടെ 120 രാജിക്കത്തുകളും ലഭിച്ചിരുന്നതായി സംസ്ഥാന നേതൃത്വം അറിയിച്ചു. ഇതിനു പുറമേയാണു പുതിയ രാജിക്കത്തുകള്‍ ലഭിച്ചിരിക്കുന്നത്.
ആലപ്പുഴ ജില്ലയില്‍ ഡിഎംഒയുടെ ചുമതലയുള്ള ഡോക്ടര്‍ ഉള്‍പ്പെടെ നാല്‍പതോളം ഡോക്ടര്‍മാര്‍ സര്‍വീസില്‍ നിന്നു പിരിയാന്‍ സന്നദ്ധത പ്രകടിപ്പിച്ച് ആരോഗ്യവകുപ്പിനെ സമീപിച്ചിട്ടുണ്ട്. പത്തു ഡോക്ടര്‍മാരും 30 ജൂനിയര്‍ ഡോക്ടര്‍മാരുമാണ് വിആര്‍എസിന് അപേക്ഷിച്ചിരിക്കുന്നത്.
തൃശൂര്‍ ജില്ലയില്‍ 142 ഡോക്ടര്‍മാര്‍ കെജിഎംഒഎ ജില്ലാ നേതൃത്വത്തിനു രാജിക്കത്ത് നല്‍കി. മുപ്പതോളം ഡോക്ടര്‍മാര്‍ കൂടി രാജി സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇരുന്നൂറ്റിയിരുപതോളം ഡോക്ടര്‍മാരാണു ജില്ലയില്‍ സര്‍ക്കാര്‍ സര്‍വീസിലുള്ളത്.
പാലക്കാടു ജില്ലയിലെ ഭൂരിഭാഗം സര്‍ക്കാര്‍ ഡോക്ടര്‍മാരും കെജിഎംഒഎ രാജി സന്നദ്ധത അറിയിച്ചു. ഞായറാഴ്ച കൊച്ചിയില്‍ നടക്കുന്ന കെജിഎംഒഎ സംസ്ഥാന കമ്മിറ്റിക്കു ശേഷമേ കൂട്ടരാജിക്കാര്യത്തില്‍ സംഘടന അന്തിമ തീരുമാനമെടുക്കുകയുള്ളൂവെന്നു ജില്ലാ പ്രസിഡന്റ് ഡോ. കെ. വേണുഗോപാലന്‍ അറിയിച്ചു.












Click it and Unblock the Notifications