മഹാന്മാരുടെ പട്ടികയില്‍ പിണറായി പുത്രനും
ദില്ലി : ഗാന്ധിജി, നെഹ്രു, ഇന്ദിരാഗാന്ധി, ജ്യോതിബസു, പ്രകാശ് കാരാട്ട് എന്നിവര്‍ക്ക് തുല്യനായി ഇന്ന് ജീവിച്ചിരിക്കുന്നവരില്‍ ആരാണുളളത്? ഉത്തരം പറയുന്നത് നമ്മുടെ വിദ്യാഭ്യാസ മന്ത്രി എം എ ബേബിയാണ്. സാക്ഷാല്‍ പിണറായി വിജയന്റെ മകന്‍ വിവേക് പിണറായിയാണ് ഈ ഗണത്തില്‍ പെടുന്നവരില്‍ ഇന്ന് ജീവിച്ചിരിക്കുന്ന മഹാന്‍.
ഗാന്ധിജി മുതല്‍ പ്രകാശ് കാരാട്ട് വരെയുളളവര്‍ക്ക് വിദേശത്ത് പഠിക്കാമെങ്കില്‍ പാവം പിണറായിയുടെ മകനും വിദേശത്ത് പഠിക്കാമെന്നാണ് ബേബി ദില്ലിയില്‍ പറഞ്ഞത്. പിണറായിയുടെ മകന്‍ വിദേശത്ത് പഠിക്കാന്‍ പാടില്ലെന്ന് പറയുന്നവര്‍ക്ക് മാനസിക രോഗമാണെന്നും ബേബി കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടി നേതാക്കളുടെ മക്കള്‍ വിദേശ സര്‍വകലാശാലകളില്‍ പഠിക്കുന്നതില്‍ ധാര്‍മ്മികതയുടെ പ്രശ്നമൊന്നും ബേബി കാണുന്നില്ല. എന്നാല്‍ വിദേശ സര്‍വകലാശാലകള്‍ ഇന്ത്യയിലേയ്ക്ക് വരുന്നതിനെ പാര്‍ട്ടി എതിര്‍ക്കുന്നത് ധാര്‍മ്മികതയുടെ പേരിലാണ്.
നെഹ്രുവിനെയും കാരാട്ടിനെയും പോലെയാണോ വിവേകെന്നും 24 ലക്ഷം രൂപ ഫീസു കൊടുക്കാനുളള പണം എവിടുന്ന് കിട്ടിയെന്നും ചോദിച്ചപ്പോള്‍ അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിലൂടെ കണ്ടുപിടിക്കാന്‍ ബേബി പത്രക്കാരെ വെല്ലുവിളിച്ചു,
എസ്എസ്എല്‍സിയ്ക്ക് കുറഞ്ഞ മാര്‍ക്കും വാങ്ങി സ്വകാര്യ കോളെജിലെ മാനേജ് മെന്റ് സീറ്റിലാണോ നെഹ്രു മുതല്‍ പ്രകാശ് കാരാട്ട് വരെ പഠിച്ചതെന്ന് ബേബി തെളിച്ചു പറഞ്ഞില്ല. മൂന്നാം ക്ലാസില്‍ പാസായ ഇവര്‍ക്കു വേണ്ടി ജിപിസി നായരെപ്പോലുളള സ്വാശ്രയമുതലാളിമാര്‍ പ്രവേശനത്തില്‍ ഇളവു ചെയ്തോ എന്നും ബേബി വെളിപ്പെടുത്തുന്നില്ല.
പിണറായിയുടെ മകനെ നെഹ്രുവിനും ഗാന്ധിജിയ്ക്കുമൊപ്പം പ്രതിഷ്ഠിച്ചതു വഴി കേരളത്തിലെ വിദ്യാഭ്യാസം തന്റെ കൈകളില്‍ സുഭദ്രമാണെന്നും എംഎ ബിരുദം ഇനിഷ്യലില്‍ മാത്രമുളള കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രി തെളിയിച്ചിരിക്കുന്നു.












Click it and Unblock the Notifications