എതിര്‍ശബ്ദങ്ങളെ അരിഞ്ഞു പിണറായി പക്ഷം
തിരുവനന്തപുരം : കോട്ടയം സമ്മേളനത്തോടെ സിപിഎം കൂടുതല്‍ കരുത്താര്‍ജ്ജിക്കുമെന്നാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറയുന്നത് വെറുതെയല്ലെന്ന് സമ്മേളന റിപ്പോര്‍ട്ടുകള്‍ തെളിവു തരുന്നു. പൂര്‍ത്തിയായ ഏരിയാ സമ്മേളനങ്ങള്‍ വരെയുളള പോക്ക് പരിശോധിച്ചാല്‍ ഇത് അക്ഷരാര്‍ത്ഥത്തില്‍ ശരിയാണെന്നു കാണാം.
എതിര്‍ശബ്ദങ്ങളെ കമ്മിറ്റിയില്‍ നിന്നും പ്രതിനിധികളുടെ പട്ടികയില്‍ നിന്നും പൂര്‍ണമായും അരിഞ്ഞുമാറ്റിയാണ് പിണറായി പക്ഷം സമ്മേളനത്തിന്റെ തൊട്ടടുത്ത തലത്തിലേയ്ക്ക് പ്രവേശിക്കുന്നത്.
സംസ്ഥാന ഭരണത്തിന്റെയും പാര്‍ട്ടിയുടെ കഴിഞ്ഞ മൂന്നുവര്‍ഷത്തെ പ്രവര്‍ത്തനത്തിന്റെയും വിലയിരുത്തലുകള്‍ കൊണ്ട് സമ്പന്നമാവേണ്ടതാണ് ജില്ലാ സംസ്ഥാന സമ്മേളനങ്ങള്‍. ഏരിയാ ലോക്കല്‍ സമ്മേളനങ്ങളില്‍ നിന്നും ഭിന്നമായി ഈ ഘട്ടത്തിലെ ചര്‍ച്ചയും മറ്റും മാധ്യമങ്ങള്‍ കൂടുതല്‍ പ്രാധാന്യത്തോടെ വിശകലനം ചെയ്യും.
അതിനാല്‍ പരമാവധി എതിര്‍ശബ്ദങ്ങള്‍ ഉയരാതിരിക്കാന്‍ ആസൂത്രിതമായി തയ്യാറാക്കിയ തന്ത്രങ്ങള്‍ ഒരു പാളിച്ചയും പറ്റാതെ നടപ്പില്‍ വരുത്തുകയാണ് പിണറായി വിഭാഗം.
പിണറായി വിഭാഗത്തിന് ശക്തമായ സ്വാധീനമുളള മേഖലകളില്‍ എതിര്‍പക്ഷത്തു നിന്നും ഒരാള്‍ പോലും കമ്മിറ്റിയിലോ പ്രതിനിധിപ്പട്ടികയിലോ ഇടം നേടാതിരിക്കാന്‍ അവര്‍ പൂര്‍ണമായും ശ്രദ്ധിക്കുന്നു. എതിര്‍പക്ഷത്തിന് സ്വാധീനമുളള പ്രദേശങ്ങളിലാവട്ടെ അവരെ അനുരഞ്ജനത്തിന് പ്രേരിപ്പിച്ച് കഴിയാവുന്നത്ര പ്രതിനിധികളെ സ്വന്തമാക്കുന്നു.
ഈ തന്ത്രം പിഴവില്ലാതെ വിജയിക്കുന്നതിലുളള ആഹ്ലാദം പിണറായി വിജയന്‍ മറച്ചു വെയ്ക്കുന്നില്ല. സമ്മേളനങ്ങളുടെ ഭാഗമായുളള ഏതു പൊതുയോഗത്തില്‍ പ്രസംഗിച്ചാലും അദ്ദേഹം ഒരു വാചകം മറക്കാതെ പറയുന്നു. കോട്ടയം സമ്മേളനം കഴിയുന്നതോടെ പാര്‍ട്ടി കൂടുതല്‍ കരുത്തുറ്റതാവും.അതു തന്നെയാണ് തോമസ് ഐസക്കും ജി സുധാകരനുമൊക്കെ മറ്റു വാചകങ്ങളില്‍ പറയുന്നത്.
അതായത് തങ്ങളെ വിമര്‍ശിക്കുകയോ എതിര്‍ക്കുകയോ ചെയ്യുന്ന ഒരാള്‍ പോലും അടുത്ത സംസ്ഥാന കമ്മിറ്റിയില്‍ ഉണ്ടാവരുത് എന്ന് ഔദ്യോഗിക പക്ഷം ആഗ്രഹിക്കുന്നു. മലപ്പുറം സമ്മേളനത്തെ തുര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്നും അച്യുതാനന്ദന്റെ ചിറകുകള്‍ അരിഞ്ഞിരുന്നു.
അദ്ദേഹത്തിന്റെ ഇടം വലം നിന്ന എം ചന്ദ്രനെയും എസ് ശര്‍മ്മയെയും സെക്രട്ടേറിയറ്റില്‍ നിന്നും ഒഴിവാക്കുകയും പി കെ ഗുരുദാസനെ നിലനിര്‍ത്തുകയും ചെയ്തു.
കോട്ടയം സമ്മേളനം കഴിയുമ്പോള്‍ അച്യുതാനന്ദന്‍ പക്ഷത്തുളള എത്രപേര്‍ സംസ്ഥാന കമ്മിറ്റിയില്‍ ഇടം നേടുമെന്ന് കണ്ടറിയണം. പി കെ ഗുരുദാസനെയും സെക്രട്ടേറിയറ്റില്‍ നിന്നും ഒഴിവാക്കാന്‍ കരുക്കള്‍ നീങ്ങിത്തുടങ്ങിയെന്നാണ് മനസിലാക്കേണ്ടത്.
പി കെ ഗുരുദാസന്‍ ഗ്രൂപ്പു കളിക്കുന്നുവെന്ന് ആരോപിച്ച് കൊല്ലം ജില്ലയില്‍ നിന്നും പൊളിറ്റ് ബ്യൂറോയ്ക്ക് പോയ പരാതി കരുക്കള്‍ എവിടേയ്ക്ക് നീങ്ങുന്നു എന്നതിന്റെ സൂചനയാണ്. പരമാവധി വിവാദങ്ങളില്‍ നിന്നും അകന്നു നില്‍ക്കുന്ന ഗുരുദാസന്റെ ചോര വീഴ്ത്താനുളള കത്തി തയ്യാറായിക്കഴിഞ്ഞുവെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു.
പി കെ ഗുരുദാസനു പകരം ജി സുധാകരന്‍ ഒരുപക്ഷേ, കോട്ടയം സമ്മേളനത്തിനു ശേഷം സംസ്ഥാന സെക്രട്ടേറിയറ്റിലെത്തിക്കൂടെന്നില്ല.
സ്വാധീന മേഖലകളില്‍ പടയോട്ടം നടത്തുന്ന പിണറായി പക്ഷം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും പിടിച്ചെടുക്കുമെന്ന് ഉറപ്പിച്ചു കഴിഞ്ഞു. പിരപ്പന്‍കോട് മുരളിക്കു പകരം ആനാവൂര്‍ നാഗപ്പന്‍ നായരായിരിക്കും ഇവിടെ ജില്ലാ സെക്രട്ടറി.
ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ചൈതന്യമായ വിമര്‍ശനത്തെ പൂര്‍ണമായും ഒഴിച്ചു നിര്‍ത്തുന്ന സിപിഎം കമ്മിറ്റികളെ സമൂഹം ഭീതിയോടെയാണ് കാണുന്നത്. പലതരം വാഗ്ദാനങ്ങളും വ്യാമോഹങ്ങളും നല്‍കി ഒപ്പം നിര്‍ത്തിയിരിക്കുന്നവരിലാര്‍ക്കും പാര്‍ട്ടി ബോധമോ സംഘടനാ മര്യാദകളോ അറിയില്ലെന്ന് പാര്‍ട്ടിക്കാര്‍ തന്നെ അടക്കം പറയുന്നു.
കോട്ടയം സമ്മേളനത്തിനു ശേഷമുളള സിപിഎമ്മില്‍ നിന്നും കേരളം എന്താണ് പ്രതീക്ഷിക്കേണ്ടത് എന്ന ചോദ്യത്തിന്, നന്ദിഗ്രാമിലെ ചോരയുടെ മണമുളള നിശബ്ദതയാണ് മറുപടി.












Click it and Unblock the Notifications