മാസങ്ങള്‍ നീണ്ട ലൈംഗിക പീഡനം; യുവതി ആത്മഹത്യ ചെയ്‌തു
ഭോപ്പാല്‍: തുടര്‍ച്ചയായി പലതവണ ബലാല്‍സംഗംചെയ്യപ്പെട്ട ദളിത് യുവതി നീതിലഭിക്കാത്തതില്‍ മനംനൊന്ത് ജീവനൊടുക്കി.
തനിയ്‌ക്കെതിരെ പതിനാല് മാസത്തോളം നടന്ന പീഡനങ്ങള്‍ക്കെതിരെ കളക്ടര്‍ക്ക് പരാതി നല്‍കിയിട്ടും നീതി ലഭിയ്‌ക്കാത്തതിനെത്തുടര്‍ന്നാണ് മുപ്പതുകാരിയായ ഊര്‍മ്മിള വിഷം കഴിച്ച് ആത്മഹത്യ ചെയ്‌തത്.
നീതി കിട്ടാതെ ജീവിച്ചിട്ടെന്താണ് കാര്യം. ഞാന്‍ കളക്ടറെ കാണുകയും അദ്ദേഹത്തിന് പരാതി നല്‍കുകയും ചെയ്‌തിട്ടുണ്ട്. പിന്നീടാണ് വിഷം കഴിച്ചത്- മരണത്തിന് മുമ്പ് ഊര്‍മ്മിള പറഞ്ഞത് ഇങ്ങനെയാണ്.
ചൊവ്വാഴ്‌ച വിഷം ഉള്ളില്‍ച്ചെന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവര്‍ ബുധാനാഴ്‌ചയാണ് മരിച്ചത്. മധ്യപ്രദേശിലെ ബേത്തല്‍ ജില്ലക്കാരിയാണ് വിവാഹിതകൂടിയായ ഊര്‍മ്മിള.
പതിനാലുമാസമായി തന്നെ പീഡിപ്പിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ പലരെയും സമീപിച്ചിരുന്നുവത്രേ. എന്നാല്‍ ആരും തന്റെ പരാതി ചെവിക്കൊണ്ടില്ലെന്ന് ഊര്‍മ്മിള പറഞ്ഞിരുന്നു. ഇവരുടെ മരണം സ്ഥിരീകരിച്ചശേഷം പൊലീസ് കേസിലെ പ്രധാനകുറ്റവാളിയെ പിടികൂടിയിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി നിജസ്ഥിതി അറിഞ്ഞശേഷം തുടര്‍നടപടികള്‍ സ്വീകരിയ്‌ക്കുമെന്ന് ബേത്തുല്‍ ജില്ലാകളക്ടര്‍ അരുണ്‍ ഭട്ട് അറിയിച്ചു.
ഗ്രാമമുഖ്യന്റെ മകനാണ് ഊര്‍മ്മിളക്കെതിരെ പീഡനം നടത്തിയത്. ഗ്രാമസമിതിയില്‍ അംഗമായിരുന്ന കാലത്ത് ഇയാള്‍ നടത്തിയ അഴിമതികള്‍ക്കെതിരെ ഊര്‍മ്മിള പരാതി നല്‍കിയിരുന്നുവത്രേ. ഇതിലുള്ള വൈരാഗ്യം തീര്‍ക്കാനാണ് ഊര്‍മ്മിളയെ പീഡിപ്പിച്ചതെന്നാണ് സൂചന.
ഇയാള്‍ക്കെതിരെ പരാതി നല്‍കിയതിന്റെ പേരില്‍ ഊര്‍മ്മിളയുടെ ഭര്‍ത്താവ് ശ്യാം റാവുവിന് എതിരെയും ഭീഷണികളുണ്ടായിരുന്നുവത്രേ. പത്തുദിവസങ്ങള്‍ക്കുള്ളില്‍ എല്ലാ പ്രതികളെയും പിടികൂടിയില്ലെങ്കില്‍ ഭാര്യ തിരഞ്ഞെടുത്ത വഴിതന്നെ താനും തിരഞ്ഞെടുക്കുമെന്നാണ് ശ്യാം പറയുന്നത്.












Click it and Unblock the Notifications