ദേശീയ മാദ്ധ്യമങ്ങള്‍ വഴി പ്രചാരണത്തിന് വിഎസ് പക്ഷ ശ്രമം?
തിരുവനന്തപുരം : പിണറായി പക്ഷത്തിന്റെ കൈകളില്‍ നിന്നും ഇക്കുറിയും പാര്‍ട്ടി പിടിച്ചെടുക്കാന്‍ കഴിയില്ലെന്ന് വ്യക്തമായതോടെ എതിരാളികളെ രാജ്യവ്യാപക പ്രചരണത്തിലൂടെ സ്വഭാവഹത്യ നടത്തി പകവീട്ടാന്‍ വി എസ് പക്ഷം തയ്യാറെടുക്കുന്നതായി വാര്‍ത്തകള്‍.
ജനശക്തി വാരിക വഴി വിഎസ് പക്ഷം പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ തെഹല്‍ക്ക പോലെ ദേശീയ പ്രചാരമുള്ള പ്രസിദ്ധീകരണങ്ങള്‍ വഴി ദേശീയ ശ്രദ്ധയിലെത്തിക്കുകയാണ് ലക്ഷ്യം. ഇതിനുളള തന്ത്രങ്ങള്‍ ആവിഷ്കരിക്കാന്‍ ജനശക്തിയിലേയും മറ്റുമുള്ള ചില പത്രപ്രവര്‍ത്തകര്‍ കൂടികാഴ്ച നടത്തിയിരുന്നതായി അറിയുന്നു. ഇതില്‍ സി പി എമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട ചിലരും ഉണ്ടായിരുന്നത്രെ.
ധനമന്ത്രി ഡോ. തോമസ് ഐസക്ക്, പിണറായി വിജയന്‍ എന്നിവരെ ലക്ഷ്യമിട്ടാണ് ഓരോ ലക്കവും ജനശക്തി പ്രസിദ്ധീകരിക്കുന്നത്.
ജനശക്തിയില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകള്‍ക്ക് ഇപ്പോള്‍ മാതൃഭൂമിയും ഇന്ത്യാവിഷനും നല്ല പ്രാധാന്യം നല്‍കുന്നുണ്ട്. ഈ വാര്‍ത്തകള്‍ ദേശീയ വാരികകളില്‍ വരുമ്പോള്‍ സിപിഎം കേരള ഘടകത്തിലെ ചില നേതാക്കള്‍ അഖിലേന്ത്യാ നേതൃത്വത്തിന് നാണക്കേടാകുമെന്നാണ് തന്ത്രം മെനഞ്ഞവര്‍ കണക്കുകൂട്ടുന്നത്.
ദേശീയ വാരികകളില്‍ ഈ വാര്‍ത്തകള്‍ സ്ഥാനം പിടിച്ചാല്‍ ദേശീയ ടെലിവിഷന്‍ ചാനലുകളും ഇവ സംപ്രേക്ഷണം ചെയ്തേയ്ക്കാന്‍ ഇടയുണ്ട്. ഇതും സി പി എമ്മിലെ വിമത പക്ഷത്തിന് അനുകൂലമായേയ്ക്കും.
ഇപ്പോള്‍ സിപിഎം കേന്ദ്രക്കമ്മിറ്റി അംഗവും വിഎസിനോട് യോജിപ്പില്ലാത്ത ഡോ. തോമസ് ഐസക്ക് ഭാവിയില്‍ പാര്‍ട്ടി പൊളിറ്റ് ബ്യൂറോയിലെത്തുന്നത് തടയാനും ഇത്തരം പ്രചരണത്തിന് കഴിയുമെന്നാണ് കണക്ക് കൂട്ടല്‍.
മലപ്പുറം സമ്മേളനകാലത്തേതിനു സമാനമായല്ലെങ്കിലും സിപിഎമ്മിലെ ഗ്രൂപ്പു പോരില്‍ മാധ്യമങ്ങളുടെ പക്ഷം ചേരല്‍ ഇപ്പോഴും നടക്കുന്നുണ്ട്. ഒരുപക്ഷത്തിനു മേല്‍ ആദര്‍ശച്ചായം പൂശുകയും മറുപക്ഷത്തിനു മേല്‍ സാമൂഹ്യവിരുദ്ധ ലേബല്‍ പതിപ്പിക്കുകയും ചെയ്താണ് മലപ്പുറം സമ്മേളനകാലത്ത് മാധ്യമങ്ങള്‍ ഈ പോരില്‍ പക്ഷം ചേര്‍ന്നത്.
പാര്‍ട്ടിയിലെ പിണറായി ശക്തിയ്ക്കെതിരെ ഭരണതലത്തില്‍ സാധ്യമായ സര്‍വതും സമാഹരിച്ച് യുദ്ധം ചെയ്തിട്ടും വിഎസ് പക്ഷം ഈ സമ്മേളനത്തില്‍ ആദ്യ റൗണ്ടില്‍ തന്നെ ദയനീയമായി പരാജയപ്പെട്ടു. എന്നാല്‍ മാധ്യമങ്ങള്‍ വഴിയുളള പോര് സമ്മേളനം അവസാനിച്ചാലും നിലനില്‍ക്കുമെന്നതിന്റെ സൂചനയാണ് ഇത്തരം ശ്രമങ്ങള്‍.












Click it and Unblock the Notifications