ദൈവനാമത്തില്‍ പ്രതിജ്ഞയെടുക്കുന്നത് പാപ്പരത്തം: സുധാകരന്‍
തിരുവനന്തപുരം: ഒരു കമ്യൂണിസ്റ്റുകാരന്‍ ഈശ്വരനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ പാടില്ലെന്ന് ദേവസ്വം മന്ത്രി ജി. സുധാകരന്‍. ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യുകയും കമ്യൂണിസ്റ്റാണെന്ന് പറയുകയും ചെയ്യുന്നത് ഇടതുപക്ഷപാപ്പരത്തമാണെന്നും അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനത്തിലെ പാപ്പരത്തം നിമിത്തമാണ് ഇങ്ങനെ സംഭവിയ്‌ക്കുന്നത്. മുഴുവന്‍ സമയ രാഷ്ട്രീയക്കാരന്‍ ദേവസ്വം ബോര്‍ഡില്‍ അംഗമാകാന്‍ പാടില്ല. പക്ഷേ ഈശ്വരനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്‌ത ബോര്‍ഡിലെ ഒരംഗം താന്‍ കമ്യൂണിസ്‌റ്റുകാരനാണെന്നും സംസ്ഥാന കമ്മിറ്റിയംഗമാണെന്നും പറയുന്നു. ഇതു പാപ്പരത്തം തന്നെയാണ്.
ഇത്തരം പാപ്പരത്തങ്ങള്‍ ഒഴിവാക്കി ഇടത് രാഷ്ട്രീയം സംശുദ്ധമാക്കിയിരുന്നെങ്കില്‍ ബംഗാളിലേതുപോലെ ഇവിടെയും ഇടതുപക്ഷത്തിന് സ്ഥിരമായ ഭൂരിപക്ഷം ലഭിക്കുമായിരുന്നു- സുധാകരന്‍ ചൂണ്ടിക്കാട്ടി.
പാര്‍ട്ടി പറയുന്നത് പോലെ പ്രവര്‍ത്തിക്കുന്ന മന്ത്രിയാണ് ഞാന്‍. പാര്‍ട്ടി മാര്‍ഗരേഖയില്‍ എനിയ്‌ക്ക് നല്ല പ്രശംസ കിട്ടിയിട്ടുണ്ട്. അച്ചടക്കം ലംഘിയ്‌ക്കുകയോ പുറത്താക്കപ്പെട്ടവരുമായി ബന്ധം പുലര്‍ത്തുകയോ ചെയ്യുന്നില്ല.
ഘടകകക്ഷിമന്ത്രിമാര്‍ക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല. ഒരു ഫയലും വച്ചുതാമസിപ്പിച്ചിട്ടില്ല. ഒരു അഴിമതിയും കാട്ടിയിട്ടില്ല. എന്നിട്ടും എനിയ്‌ക്കെതിരെ ഗൂഡാലോചന നടക്കുകയാണ്. അത് അവസാനിപ്പിക്കണം.
എന്നെ കുറ്റപ്പെടുത്താന്‍ ഒന്നും ഇല്ലാത്തതിനാല്‍ വിവാദമുണ്ടാക്കി വഴിമുടക്കാന്‍ ശ്രമിക്കുകയാണ്. ഭരിയ്‌ക്കുക മാത്രമല്ല, ആശയ സമരം കൂടിയാണ് ഇപ്പോള്‍ നടക്കുന്നത്. അതാണ് ഇവിടെ കണ്ടുകൊണ്ടിരിക്കുന്നത്.പുതിയ മാതൃക കാട്ടിക്കൊടുക്കുന്നതാണ് ഇടതുശൈലി- അദ്ദേഹം പറഞ്ഞു.
എല്ലാബത്തകളുമുള്‍പ്പെടെ എനിയ്‌ക്ക് മാസം കിട്ടുന്നത് 30,000-40,000 രൂപയാണ്. എന്റെ എല്ലാ ആവശ്യങ്ങളും കഴിഞ്ഞ് പ്രതിമാസം ഞാന്‍ 15,000രൂപ സമ്പാദിയ്‌ക്കുന്നുണ്ട്. എനിയ്‌ക്ക് ജീവിക്കാന്‍ ഇതുതന്നെ ധാരാളമാണ്. അതുകൊണ്ട്‌തന്നെ അഴിമതി ചെയ്‌ത് പണം സമ്പാദിക്കേണ്ട കാര്യമില്ല- അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications