രത്‌നങ്ങളും ചിത്രങ്ങളുമായി 40ലക്ഷത്തിന്റെ സാരി
ചെന്നൈ: ലോകത്തെ ഏറ്റവും വിലകൂടിയ സാരി ചെന്നൈസില്‍ക്‌സ് പുറത്തിറക്കി. സ്വര്‍ണ്ണം, വെള്ളി, പ്ലാറ്റിനം, വജ്രം എന്നിവയും മുത്ത്, റൂബി, ഇന്ദ്രനീലം, കോറല്‍, തുടങ്ങി 12തരം രത്‌നങ്ങളും പതിച്ച് നിര്‍മ്മിച്ച നാല്‌പത് ലക്ഷം രൂപവിലവരുന്ന സാരിയാണ് ചെന്നൈ സില്‍ക്‌സ് പുറത്തിറക്കിയത്.
രാജരവിവര്‍മ്മയുടെ പ്രശസ്‌തമായ 12 ചിത്രങ്ങള്‍ സാരിയില്‍ ആലേഖനം ചെയ്‌തിട്ടുണ്ട്. ഇതില്‍ 'ലേഡി മുസിഷ്യന്‍സ്' ആണ് മുന്താണിയില്‍ നല്‍കിയിരിക്കുന്നത്. ലിംഗാ ബുക്ക് ഓഫ് റക്കോര്‍ഡ്‌സില്‍ ഇടം നേടിയ ഈ സാരി ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റക്കോര്‍ഡിലേയ്‌ക്കും നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്.
മുപ്പത് നെയ്‌ത്തുകാര്‍ 7 മാസം പണിയെടുത്താണ് എട്ടുകിലോയോളം തൂക്കം വരുന്ന സാരി നിര്‍മ്മിച്ചത്. തമിഴ്‌നാട് സില്‍ക് ബോര്‍ഡ് ഡയറക്ടര്‍ ടി.എച്ച് സോമശേഖര്‍ നടി സുഹാസിനിക്ക് നല്‍കിയാണ് സാരി വിപണിയിലിറക്കിയത്. സുഹാസിനിയെക്കൂടാതെ നടി ശോഭന,. ഗായിക പി. സുശീല, നടന്‍ ജീവ, കവി വൈരമുത്തു എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
അലങ്കരിച്ച് പല്ലക്കില്‍ വാദ്യഘോഷങ്ങളുടെ അകമ്പടിയോടയാണ് സാരി വേദിയിലേയ്‌ക്ക് കൊണ്ടുവന്നത്. ഇത് റക്കോര്‍ഡിടുക എന്ന ലക്ഷ്യത്തോടെമാത്രം നിര്‍മ്മിച്ചതല്ലെന്നും ഇത് ഉപയോഗിക്കാന്‍ കഴിയുന്നതാണെനന്നും ചെന്നൈ സില്‍ക്‌സിന്റെ അസിസ്‌റ്റന്റ് മാനേജര്‍ കെ.വി ശ്രീരാം പറഞ്ഞു.
സാരിയെക്കുറിച്ച് അറിഞ്ഞ പലരും ഇതിനകം തന്നെ വിളിച്ച് അന്വേഷണം നടത്തിയിട്ടുണ്ടെന്നും ഉടന്‍തന്നെ ഇത് വില്‍പ്പനനടത്താന്‍ കഴിയുമെന്നാണ് വിശ്വസിക്കുന്നതെന്നും ശ്രീരാം പറഞ്ഞു.












Click it and Unblock the Notifications