കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരുണാകരന്‍ രാഷ്ട്രീയ നെറികേട്‌ കാണിച്ചുവെന്ന്‌ മുരളീധരന്‍

  • By Staff
Google Oneindia Malayalam News

Mraleedharanതിരുവനന്തപുരം: കോണ്‍ഗ്രസിലേയ്‌ക്ക്‌ മടങ്ങാനുള്ള കെ. കരുണാകരന്റെ തീരുമാനം രാഷ്ട്രീയ വഞ്ചനയും നെറികേടുമാണെന്ന്‌ കെ. മുരളീധകരന്‍. എന്‍സിപി പ്രവര്‍ത്തകരെ നടുക്കടലിലാക്കിയശേഷം മറുകരചാടുകയെന്ന കൊടും വഞ്ചനയാണ്‌ അദ്ദേഹം ചെയ്‌തിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ശനിയാഴ്‌ച ചേര്‍ന്ന എന്‍സിപി നിര്‍വ്വാഹക സമിതിയോഗത്തിന്‌ശേഷം വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ്‌ കരുണാകരനെ മുരളീധരന്‍ രൂക്ഷമായി വിമര്‍ശിച്ചത്‌. ഇനിയൊരിക്കലും പരസ്യമായി പറയില്ലെന്ന്‌ വ്യക്തമാക്കിക്കൊണ്ടായിരുന്നു വിമര്‍ശനം.

ഗവര്‍ണ്ണര്‍ സ്ഥാനമോ പ്രവര്‍ത്തക സമിതിയിലെ സ്‌്‌ഥിരം ക്ഷണിതാവെന്ന പദവിയോ ആണ്‌ അദ്ദേഹത്തിന്‌ വാഗ്‌ദാനം ചെയ്‌തതെന്നറിയുന്നു. ഇതിനായിരുന്നെങ്കില്‍ മൂന്നുവര്‍ഷം കളിക്കേണ്ട കാര്യമുണ്ടായിരുന്നോ. സര്‍വ്വസന്നാഹവുമായി പോയിട്ടും രക്ഷയില്ലാത്തിടത്ത്‌ കൂലിപ്പട്ടാളവുമായി പോയാല്‍ എന്ത്‌ ഗുണം- മുരളി ചോദിച്ചു.

ഇന്നലെവരെയുള്ള എല്ലാ പുരോഗതിയിലും കരുണാകരന്റെ മകനെന്ന അനുകൂല ഘടകമുണ്ടായിരുന്നു. പക്ഷേ അദ്ദേഹം ഇപ്പോള്‍ കാണിയ്‌ക്കുന്ന രാഷ്ട്രീയ നെറികേടിനോട്‌ യോജിക്കാന്‍ കഴിയില്ല. ഈ രാഷ്‌്‌ട്രീയം എക്കാലവും നിലനില്‍ക്കില്ല. മൂന്നു വര്‍ഷം മുമ്പ്‌ കോണ്‍ഗ്രസ്സില്‍ നിന്നും പോരുമ്പോള്‍ എന്തേ എഴുപത്തിയഞ്ച്‌ വര്‍ഷത്തെ പാരമ്പര്യത്തെക്കുറിച്ചോര്‍ത്തില്ല- അദ്ദേഹം ചോദിച്ചു.

കരുണാകരന്‍ പോയാല്‍ എന്‍സിപിയ്‌ക്ക്‌ ഒരു നഷ്ടവും വരില്ല. പക്ഷേ മുതിര്‍ന്ന നേതാവെന്ന നിലയില്‍ അദ്ദേഹത്തെ നഷ്ടപ്പെടുന്നതില്‍ ദുഖമുണ്ട്‌. കോണ്‍ഗ്രസ്സില്‍ ചേരുന്നതിന്‌ മുമ്പ്‌ മൂന്നുവര്‍ഷം കൂടെനിന്ന പ്രവര്‍ത്തകരെക്കൊണ്ട്‌ അത്യദ്ധ്വാനം ചെയ്യിച്ചതെന്തിനായിരുന്നുവെന്ന്‌ അദ്ദേഹം വ്യക്തമാക്കണം.

സി.കെ ഗോവിന്ദന്‍ നായര്‍ക്ക്‌ ശേഷമുള്ള ഏറ്റവും നല്ല കെപിസിസി പ്രസിഡന്റ്‌ എന്ന്‌ ഉമ്മന്‍ ചാണ്ടിപോലും വിശേഷിപ്പിച്ചയിടത്തുനിന്ന്‌ ഗ്രൂപ്പ്‌ കളിക്കാന്‍ താഴേയ്‌ക്ക്‌ ഇറങ്ങിവന്നത്‌ കരുണാകരന്‍ പറഞ്ഞിട്ടാണ്‌. കോണ്‍ഗ്രസ്സില്‍ തുടരണമെങ്കില്‍ കെപിസിസി പ്രസിഡന്റ്‌ സ്ഥാനം രാജിവെയ്‌ക്കണമെന്ന പറഞ്ഞത്‌ സോണിയാ ഗാന്ധിയാണ്‌. മന്ത്രിസഭയില്‍ ചേരാന്‍ പറഞ്ഞതും അവരാണ്‌.

തുടര്‍ന്ന്‌ നടന്ന തിരഞ്ഞെടപ്പില്‍ കൂടെനിന്നവര്‍ ചതിച്ച്‌ പരാജയപ്പെടുത്തിയതാണ്‌. അതേപ്പറ്റി പരാതിപ്പെടാന്‍ ചെന്നപ്പോള്‍ ആ വാതില്‍ തുറന്നില്ല. അതിന്‌ശേഷം അങ്ങോട്ട്‌ പോയില്ല. കൂടെനിന്നവരെ ചതിയ്‌ക്കന്ന കോണ്‍ഗ്രസ്‌ നേതൃത്തെ അംഗീകരിക്കാന്‍ മുരളിയെക്കിട്ടില്ല- അദ്ദേഹം വ്യക്തമാക്കി.

കോണ്‍ഗ്രസ്സിലേയ്‌ക്ക്‌ മടങ്ങുന്ന കാര്യം ചര്‍ച്ചചെയ്യാന്‍ കരുണാകരന്‍ വിളിച്ച യോഗത്തില്‍ പങ്കെടുത്ത എന്‍സിപി ജനറല്‍ സെക്രട്ടറിമാരായ എന്‍. പീതാംബരക്കുറുപ്പ്‌, എം.വി മാണി, എം.ടി പത്മ, ജോസി സെബാസ്‌റ്റിയന്‍, എന്‍.വേണുഗോപാല്‍, ജില്ലാ പ്രസിഡന്റുമാരായ ടി.വി ചന്ദ്രമോഹന്‍, വര്‍ഗ്ഗീസ്‌ മാത്യു എന്നിവര്‍ക്കെതിരെ നടപടിയെടുക്കാന്‍ തീരുമാനിച്ചതായി മുരളീധരന്‍ അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X