കരുണാകരന്റെയും മുരളിയുടെയും വിഭാഗക്കാര്‍ ഏറ്റുമുട്ടി
കൊച്ചി: എന്‍സിപിയിലെ കരുണാകര പക്ഷം വിളിച്ചുചേര്‍ത്ത യോഗത്തിലേയ്‌ക്ക് കെ. മുരളീധരന്റെ അനുകൂലികള്‍ തള്ളിക്കയറിയതിനെത്തുടര്‍ന്ന് സംഘട്ടനം.
സ്‌ത്രീകളടക്കം നിരവധിപേര്‍ക്ക് മര്‍ദ്ദനമേറ്റിട്ടുണ്ട്. ഇരുവിഭാഗങ്ങളും തമ്മില്‍ തെരുവുഗുണ്ടകളെപ്പോലെ ഏറ്റുമുട്ടുകയായിരുന്നു. ഇരുവിഭാഗത്തിലെയും ഒട്ടേറെപ്പേര്‍ക്ക് മര്‍ദ്ദനമേറ്റിട്ടുണ്ട്.
എന്‍സിപി മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍. വേണുഗോപാലിനും ജില്ലാ പഞ്ചായത്ത് അംഗം ജേക്കബിനും കാര്യമായ മര്‍ദ്ദനം ഏറ്റിട്ടുണ്ട്. ഇരുവരെയും തള്ളിക്കയറിയവര്‍ വളഞ്ഞുവച്ച് മര്‍ദ്ദിക്കുകയായിരുന്നു. എന്‍ വേണുഗോപാലിന്റെ നേതൃത്വത്തിലായിരുന്നു കരുണാകര വിഭാഗം യോഗം ചേര്‍ന്നത്.
മുരളീധരന്റെ ഇരുപതോളം അനുകൂലികള്‍ മുദ്രാവാക്യം വിളിയോടെ യോഗത്തിലേക്ക് തള്ളിക്കയറുകയായിരുന്നു. ഇവരില്‍ പത്തുപേരെ പൊലീസ് അറസ്റ്റുചെയ്‌തു.
കൊച്ചിയില്‍ ജി. ഓഡിറ്റോറിയത്തില്‍ രാവിലെ പതിനൊന്നോടെയാണ് സംഭവം നടന്നത്. സംഘര്‍ഷാവസ്ഥ നിയന്ത്രിക്കാന്‍ പൊലീസിന് നന്നേ പരിശ്രമിക്കേണ്ടിവുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും ആക്രമണമുണ്ടായിട്ടുണ്ട്.
മുരളീധരനെ അനുകൂലിക്കുന്ന യുവജനപ്രവര്‍ത്തകരാണ് അക്രമത്തിന് നേതൃത്വം നല്‍കിയതെന്ന് വേണുഗോപാല്‍ ആരോപിച്ചു. തങ്ങള്‍ നേതാക്കളുടെ യോഗമാണ് വിളിച്ചതെന്നും അണികളെയോ സാധാരണ പ്രവര്‍ത്തകരെയോ യോഗത്തിന് വിഴിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications