വൃത്തികെട്ട നഗരങ്ങളുടെ പട്ടികയില്‍ വാപി, സുകിന്ദ
ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും വൃത്തികെട്ട നഗരങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്നും രണ്ട് നഗരങ്ങള്‍. ഗുജറാത്തിലെ വാപിയും ഒറീസ്സയിലെ സുകിന്ദയുമാണ് ഫോബ്‌സ് മാഗസിന്‍ പുറത്തിറക്കിയ ലോകത്തിലെ എറ്റവും മലിനീകരണമുള്ള പത്തുനഗരങ്ങളുടെ പട്ടികയില്‍ ഇടംനേടിയിരിക്കുന്നത്.
ജീവിതനിലവാരത്തിലെ കുറവ്, കുട്ടികളിലെ ജന്മ വൈകല്യങ്ങള്‍ എന്നിവകൊണ്ടാണ് ചില നഗരങ്ങള്‍ പട്ടികയില്‍ ഇടം നേടിയതെങ്കില്‍ മറ്റുചിലത് കുട്ടികളിലെ ആസ്‌ത രോഗനിരക്കിന്റെയും മാനസികരോഗ നിരക്കിന്റെയും അടിസ്ഥാനത്തിലാണ് പട്ടികയില്‍ സ്ഥാനം കണ്ടെത്തിയത്.
ദില്ലിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ ഗവേഷകര്‍ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യന്‍ നഗരങ്ങളെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
രണ്ടുനഗരങ്ങളും രാസമാലിന്യങ്ങളുടെ ആധിക്യം കാരണമാണ് പട്ടികയില്‍ ഇടം നേടിയത്. ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന ക്രോമിയത്തിന്റെ 97ശതമാനവും ഖനനം ചെയ്യുന്നത് സുകിന്ദയിലാണ്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ തുറന്ന ക്രോമിയം ഖനികള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങളില്‍ ഒന്നാണ് സുകിന്ദ. ഇതുമൂലമുള്ള മലിനീകരണമാണ് ഇവിടത്തെ അന്തരീക്ഷത്തെ ബാധിക്കുന്നത്.
വാപിയാണെങ്കില്‍ പെട്രോകെമിക്കല്‍, കീടനാശിനികള്‍, തുകല്‍ ഉല്‍പ്പന്നങ്ങള്‍, പെയിന്റുകള്‍, മെര്‍ക്കുറി തുടങ്ങി പലരാസവസ്‌തുക്കളും ഏറ്റവും കൂടുതല്‍ ഉല്‍പാദിപ്പിക്കുന്ന സ്ഥലമാണ്. ഇത്തരം വ്യവസായങ്ങളും നിര്‍മ്മാണശാലകളും ഉള്ളതുകൊണ്ടുതന്നെ വാപിയിലെ ഭൂഗര്‍ഭജലം ലോകാരോഗ്യസംഘടനയുടെ കണക്കുവെച്ച് നോക്കിയാല്‍ 96ഇരട്ടി മാലിന്യമുള്ളതാണ്- മാഗസിനില്‍ വ്യക്തമാക്കുന്നു.
ചൈന, ഇന്ത്യ, റഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നായി ആറു നഗരങ്ങളാണ് പട്ടികയില്‍ ഇടം നേടിയത്. ചെര്‍ണോബില്‍ (ഉക്രെയിന്‍), ലാ ഒറോയ (പെറു), നോറില്‍സ്ക്(റഷ്യ), ലിന്‍ഫന്‍(ചൈന), കാബ് വെ (സാംബിയ) തുടങ്ങിയ നഗരങ്ങളാണ് പട്ടികയിലുള്ളത്.


Click it and Unblock the Notifications