ഭരിക്കാന്‍ മന്ത്രിമാര്‍ക്ക് നേരമില്ല!
തിരുവനന്തപുരം : പാര്‍ട്ടി സമ്മേളനങ്ങളുമായി ബന്ധപ്പെട്ട് സിപിഎം മന്ത്രിമാര്‍ തിരക്കിലായതോടെ സെക്രട്ടേറിയറ്റും ഭരണവും നിശ്ചലമാവുന്നു. സിപിഎമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസ് തീര്‍ന്നിട്ടേ ഇനി ഭരിക്കാന്‍ മന്ത്രിമാര്‍ക്ക് സമയമുണ്ടാകൂ.
സിപിഎമ്മിന്റെ പിബി യോഗത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കാന്‍ പോയതോടെ ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗം മാറ്റിവെച്ചു. ദില്ലിയില്‍ നിന്നും മുഖ്യമന്ത്രി എത്തുമ്പോള്‍ യോഗം ചേരും.
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ മന്ത്രിമാര്‍ സമ്മേളനത്തിരക്കുകളിലാണ്. മുഴുവന്‍ സമയവും സമ്മേളനങ്ങളില്‍ പങ്കെടുക്കുകയും സമ്മേളനത്തോടനുബന്ധിച്ചുളള പൊതുസമ്മേളനങ്ങളിലും സെമിനാറുകളിലും പ്രസംഗിക്കുകയും വേണം. ഇതിനിടയില്‍ സെക്രട്ടേറിയറ്റില്‍ വന്ന് ഫയല്‍ നോക്കാന്‍ കൂടി നേരം കണ്ടെത്തണമെന്ന് ആഗ്രഹിക്കുന്നതു പോലും ക്രൂരതയാവും.
പാലൊളി മുഹമ്മദ് കുട്ടി, എം എ ബേബി, കോടിയേരി ബാലകൃഷ്ണന്‍, തോമസ് ഐസക്ക്, പി കെ ശ്രീമതി, പി കെ ഗുരുദാസന്‍ എന്നിവര്‍ സെക്രട്ടേറിയറ്റ് അംഗങ്ങളും കേന്ദ്രക്കമ്മിറ്റി അംഗങ്ങളുമാണ്. ഇവരില്‍ കഴിയുന്നത്ര പേര്‍ ജില്ലാ സമ്മേളനങ്ങളില്‍ പങ്കെടുക്കണമെന്നാണ് തീരുമാനം. മൂന്നു ദിവസമാണ് മിക്ക ജില്ലാ സമ്മേളനങ്ങളും.
ചുരുക്കത്തില്‍ പല ദിവസങ്ങളിലും മുഖ്യമന്ത്രിയും സിപിഎം മന്ത്രിമാരും സെക്രട്ടേറിയറ്റിലോ തലസ്ഥാനത്തോ ഉണ്ടാവാറില്ല. ഉദ്യോഗസ്ഥ ഭരണമാണ് ഇപ്പോള്‍ ഈ വകുപ്പുകളിലെല്ലാം നടക്കുന്നത്. മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളും സമ്മേളനത്തിന്റെയും ഗ്രൂപ്പുകളിയുടെയും തിരക്കിലാണ്.
കൂനിന്മേല്‍ കുരുവെന്ന പോലെയാണ് ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ നിരീക്ഷകരായി സംസ്ഥാനത്തുളള ഐഎഎസ് ഉദ്യോഗസ്ഥരെ തിരഞ്ഞെടുത്തത്. ഇവര്‍ കൂടി പോയതോടെ പല വകുപ്പുകളിലും ഒന്നും നടക്കുന്നില്ല. ഭരണസ്തംഭനത്തിന്റെ നാളുകളാണ് സെക്രട്ടേറിയറ്റില്‍ പുലര്‍ന്ന് അസ്തമിക്കുന്നത്.
സിപിഎം മന്ത്രിമാര്‍ക്കു പുറമേ ചില ഘടകകക്ഷി മന്ത്രിമാരും ഇപ്പോള്‍ സെക്രട്ടേറിയറ്റിലില്ല. പൊതുമരാമത്ത് വകുപ്പു മന്ത്രി മോന്‍സ് ജോസഫ് യാത്രയിലാണ്. സിപിഐ മന്ത്രിമാരായ കെ പി രാജേന്ദ്രനും ബിനോയ് വിശ്വവും സെക്രട്ടേറിയറ്റിലില്ല.
സിപിഎമ്മിലെ ഗ്രൂപ്പുപോരു കാരണം ഫയലുകള്‍ നിശ്ചലമാകുന്ന് ജനങ്ങളെയും ജനോപകാരപ്രദമാകുന്ന പദ്ധതികളെയുമാണ് അത് ദോഷകരമായി ബാധിക്കുന്നത്. വോട്ട് ചെയ്ത് ജയിപ്പിച്ച ജനത്തിനെ ഈ വിധം ദ്രോഹിക്കുന്നത് ശരിയല്ലെന്ന് എന്നാണ് നമ്മുടെ രാഷ്ട്രീയ നേതൃത്വം തിരിച്ചറിയുന്നത്?












Click it and Unblock the Notifications