യുവതി പ്രണയം നടിച്ചു, വിവാഹത്തട്ടിപ്പുവീരനെ പൊലീസ് കുടുക്കി
തൃശ്ശൂര്‍: അനാഥനെന്ന് പത്രപ്പരസ്യം നല്‍കി വിവാഹത്തട്ടിപ്പിന് ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റുചെയ്‌തു. തിരുവല്ല പട്ടണത്ത് സ്വദേശി ബിജു(റെജി-34)വിനെയാണ് പൊലീസ് നാടകീയമായി അറസ്റ്റുചെയ്‌തത്.
ഒട്ടേറെ വിവാഹത്തട്ടിപ്പുകേസുകളില്‍ പ്രതിയാണ് ബിജു. കുന്നം കുളം ബസ് സ്റ്റാന്റില്‍ ബുധനാഴ്‌ച വൈകീട്ടോടെയാണ് ബിജു പൊലീസ് പിടിയിലായത്. മാതാപിതാക്കള്‍ ഗുജറാത്ത് ഭൂകമ്പത്തില്‍ മരിച്ചുവെന്നും അനാഥനായ തനിയ്‌ക്ക് വധുവിനെ വേണമെന്നുമായിരുന്നു ബിജു പരസ്യം നല്‍കിയിരുന്നത്.
അടുത്തകാലത്താണ് ബിജു ഈ പരസ്യം നല്‍കിയത്. പരസ്യത്തിലുള്ള നമ്പറിലേയ്‌ക്ക് വിളിച്ച വയുവതിയുടെ സഹായത്തോടെയാണ് പൊലീസ് ഇയാളെ പിടികൂടിയത്. വിവാഹത്തിന് സമ്മതമാണെന്ന് പറഞ്ഞ് ഫോണ്‍ വിളികളിലൂടെ പരിചയം വളര്‍ത്തി. അതിന്‌ശേഷം ഒളിച്ചോടാന്‍ തയ്യാറാണന്ന് യുവതിയെക്കൊണ്ട് പറിയിച്ച് ബിജുവിനെ കുന്നംകുളത്ത് വിളിച്ചുവരുത്തുകയായിരുന്നു.
പറഞ്ഞ സ്ഥലത്ത് എത്തിയപ്പോള്‍ പണ്ടിക്കാട് എസ്‌ഐ എം.കെ മോഹന്‍ദാസും ഹെഡ്‌കോണ്‍സ്‌റ്റബിള്‍ മുഹമ്മദലിയും ചേര്‍ന്ന് ഇയാളെ അറസ്‌റ്റ്‌ചെയ്യുകയായിരുന്നു.
പലസ്ഥലങ്ങളില്‍ പലപേരുകളിലായാണ് ബിജു വിവാഹത്തട്ടിപ്പു നടത്തിയത്. ആദ്യഭാര്യയ്‌ക്ക് ചെലവിന് കൊടുത്തില്ലെന്ന കേസില്‍ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഇപ്പോള്‍ മറ്റൊരു സ്‌ത്രീയെ വിവാഹം ചെയ്‌ത് കൂടെത്താമസിപ്പിക്കുന്നുമുണ്ട്.
തൃശ്ശൂര്‍ എം.ജി റോഡിലെ സെന്റര്‍ പോയിന്റ് എന്ന സ്ഥാപനത്തില്‍ ജോലിചെയ്യവേ 2,12,000രൂപ ബാങ്കില്‍ അടയ്‌ക്കാതെ വ്യാജരസീത് നല്‍കി കബളിപ്പിച്ചുവെന്നകേസും ഇയാള്‍ക്കെതിരെയുണ്ട്.












Click it and Unblock the Notifications